എട്ടുവയസുകാരി തൊട്ട് അറുപതുകാരി വരെ: പൂരക്കളിയിൽ ചുവടുറപ്പിച്ച് കാര്യങ്കോട്ടെ വനിതകൾ

Wednesday 15 May 2024 9:18 PM IST

നീലേശ്വരം: ഉത്തരകേരളത്തിലെ അനുഷ്ഠാന കലാരൂപമായ പൂരക്കളിയിൽ ചുവടുറപ്പിച്ച് വനിതകളുടെ അരങ്ങേറ്റം. കാര്യങ്കോട് റെഡ്സ്റ്റാർ ആർട്‌സ് സ്പോർട്സ് ക്ലബ് വനിതാ വേദി പൂരക്കളി സംഘമാണ് പുരുഷന്മാരുടെ കുത്തകയായ കലാരൂപത്തെ മികവോടെ അവതരിപ്പിച്ച് കൈയടി നേടിയത്.

സാംസ്കാരിക വകുപ്പ് വജ്ര ജൂബിലി ഫെലോഷിപ്പ് പദ്ധതിയുടെ കീഴിലാണ് 37 പേരടങ്ങിയ സംഘം പരിശീലനം നേടിയത്. എട്ടുവയസുള്ള ഇരട്ട സഹോദരിമാരായ ദേവനയും ദേവികയും തൊട്ട് 60 വയസ്സുള്ള രോഹിണി വരെ ഏറെ മെയ് വഴക്കം വേണ്ട പൂരക്കളിയരങ്ങിൽ നിറഞ്ഞാടി. വൈശാഖ് വെള്ളൂരിന് കീഴിൽ ഒരു വർഷത്തോളമായി ഇവർ പരിശീലനം നേടി വരികയായിരുന്നു.

പൂരക്കളിയിലെ ഒന്നാം തരം മുതൽ അഞ്ചാം തരം വരെയും രാമായണവും പഠിച്ചാണ് ഇവർ അരങ്ങിലെത്തിയത്. കാര്യങ്കോടിന് പുറമെ പള്ളിക്കര, പട്ടേന എന്നിവിടങ്ങളിലുള്ളവരും സംഘത്തിലുണ്ടായിരുന്നു. ഏറെ ശ്രമകരമായ നാലാം തരവും അഞ്ചാം തരവും രാമായണവും അരങ്ങിലെത്തിച്ച പെൺകൂട്ടായ്മയെ തേടി അഭിനന്ദന പ്രവാഹനം തന്നെയെത്തി.

കേരള പൂരക്കളി അക്കാഡമി ചെയർമാൻ കെ.കുഞ്ഞിരാമനാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതി ജില്ലാ കോ ഓർഡിനേറ്റർ പ്രവീൺ നാരായണൻ വിശദീകരിച്ചു. നീലേശ്വരം നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.പി.രവീന്ദ്രൻ, വാർഡ് കൗൺസിലർ കെ.നാരായണൻ, കെ.ഗംഗാധരൻ, പി.രാധ, കെ.ജിലീഷ്, കെ.വി. സുകുമാരൻ, കെ.പവിത്രൻ, കെ.വൈശാഖ്, സുബിൻ നിലാങ്കര, പി.സബിൻ എന്നിവർ സംസാരിച്ചു. വി.വി.രജിത് കുമാർ സ്വാഗതവും സിന്ധു മഹേന്ദ്രൻ നന്ദിയും പറഞ്ഞു.

Advertisement
Advertisement