37 കോടി രൂപ പിടിച്ചെടുത്ത സംഭവം: ജാർഖണ്ഡ് മന്ത്രി അറസ്റ്റിൽ

Thursday 16 May 2024 1:12 AM IST

ന്യൂഡൽഹി: പേഴ്‌സണൽ സെക്രട്ടറിയുടെ ജോലിക്കാരന്റെ വീട്ടിൽ നിന്ന് 37 കോടി രൂപ പിടിച്ച സംഭവത്തിൽ ജാർഖണ്ഡ് ഗ്രാമവികസന മന്ത്രിയും കോൺഗ്രസ് നേതാവുമായ അലംഗീർ ആലമിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ റാഞ്ചിയിൽ രണ്ടാം ദിവസവും തുടർന്ന ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ്. പേഴ്‌സണൽ സെക്രട്ടറി സഞ്ജീവ് ലാലിൻ, വീട്ടുജോലിക്കാരൻ ജഹാംഗീർ ആലം എന്നിവരെ നേരത്തെ അറസ്റ്റു ചെയ്‌തിരുന്നു.

ചൊവ്വാഴ്ച 10 മണിക്കൂറോളം ആലമിനെ ചോദ്യം ചെയ്തിരുന്നു. ഇന്നലെ ആറുമണിക്കൂറോളം ചോദ്യം ചെയ്‌ത ശേഷമായിരുന്നു അറസ്റ്റ്. മന്ത്രി ആലം ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നു പറഞ്ഞാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ (പി.എം.എൽ.എ) വകുപ്പുകൾ പ്രകാരം അറസ്റ്റ് ചെയ്ത സഞ്ജീവ് ലാലിനെയും വീട്ടുജോലിക്കാരൻ ജഹാംഗീർ ആലമിനെയും പ്രത്യേക പി.എം.എൽ.എ കോടതി ആറ് ദിവസത്തേക്ക് റിമാൻഡ് ചെയ്‌തിരുന്നു.

 പിടിച്ചത് 35.23 കോടിയുടെ നോട്ടുകെട്ട്

ജഹാംഗീർ ആലത്തിന്റെ റാഞ്ചിയിലെ ഫ്ലാറ്റിൽ കഴിഞ്ഞയാഴ്‌ച നടത്തിയ റെയ്ഡിലാണ് 35.23 കോടി രൂപയുടെ നോട്ടുകെട്ടുകൾ കണ്ടെത്തിയത്. മറ്റൊരു സ്ഥലത്തുനിന്ന് 1.5 കോടി രൂപയും പിടിച്ചെടുത്തു. ജാർഖണ്ഡ് ടെൻഡർ അഴിമതിയുമായി ബന്ധപ്പെട്ട് ലഭിച്ച കമ്മിഷൻ തുകയാണിതെന്നാണ് ആരോപണം. 2000ൽ ആദ്യമായി ജാർഖണ്ഡ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട, 70 കാരനായ അലംഗീർ ആലം നേരത്തെ സ്പീക്കറായിരുന്നു. ഭൂമി തട്ടിപ്പ് കേസിൽ ജാർഖണ്ഡ് മുഖ്യമന്ത്രിയും ജാർഖണ്ഡ് മുക്തി മോർച്ച നേതാവുമായ ഹേമന്ത് സോറനെ ഇ.ഡി മാസങ്ങൾക്ക് മുൻപ് അറസ്റ്റു ചെയ്‌തിരുന്നു.

Advertisement
Advertisement