മലിവാളിനെതിരെ മോശം പെരുമാറ്റം: അന്വേഷണമാവശ്യപ്പെട്ട് ബി.ജെ.പി, സന്ദർശിച്ച് സഞ്ജയ് സിംഗ്

Thursday 16 May 2024 1:18 AM IST

ന്യൂഡൽഹി: അരവിന്ദ് കേജ്‌രിവാളിന്റെ വസതിയിൽ ആം ആദ്മി രാജ്യസഭാ എം.പിയും ഡൽഹി വനിതാ കമ്മിഷൻ മുൻ അദ്ധ്യക്ഷയുമായ

സ്വാതി മലിവാൾ കൈയേറ്റത്തിനിരയായെന്ന വിഷയത്തിൽ സമഗ്ര അന്വേഷണവും നടപടിയും ആവശ്യപ്പെട്ട് ബി.ജെ.പി തെരുവിലിറങ്ങി. മലിവാളിനോട് മുഖ്യമന്ത്രിയുടെ പേഴ്സണൽ സെക്രട്ടറി ബിഭവ്കുമാർ മോശമായി പെരുമാറിയെന്ന് പാർട്ടി കഴിഞ്ഞ ദിവസം സമ്മതിച്ചിരുന്നു. ഇന്നലെ മഹിളാമോർച്ചയുടെ ആഭിമുഖ്യത്തിൽ കേജ്‌രിവാളിന്റെ വസതിക്ക് സമീപം പ്രതിഷേധസമരം നടത്തി. മുഖ്യമന്ത്രി മൗനം പാലിക്കുകയാണെന്ന് ബി.ജെ.പി ഡൽഹി ഘടകം അദ്ധ്യക്ഷൻ വിരേന്ദ്ര സച്ച്ദേവ കുറ്റപ്പെടുത്തി. മലിവാളിന് നേരെ മോശം പെരുമാറ്റമുണ്ടായെന്ന് രാജ്യസഭാ എം.പി സഞ്ജയ് സിംഗ് സമ്മതിച്ചിട്ടും നടപടിയെടുക്കാൻ വൈകുന്നത് എന്തിനെന്നും ആരാഞ്ഞു.

 മലിവാളിനെ സന്ദർശിച്ച് സഞ്ജയ് സിംഗ്

പ്രതിഷേധം ശക്തമാക്കുന്നതിനിടെ ആം ആദ്മി എം.പി സഞ്ജയ് സിംഗ് മലിവാളിനെ അവരുടെ വസതിയിലെത്തി സന്ദ‌ർശിച്ചു. ഡൽഹി വനിതാ കമ്മിഷൻ അംഗം വന്ദനാ സിംഗും ഒപ്പുമുണ്ടായിരുന്നു. കർശന നടപടിയെടുക്കാൻ കേജ്‌രിവാൾ ഇതിനോടകം നിർദ്ദേശം നൽകി കഴിഞ്ഞതായി സഞ്ജയ് സിംഗ് വ്യക്തമാക്കി. തിങ്കളാഴ്ച നടന്ന സംഭവത്തിൽ മലിവാൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.

 ജീവൻ അപകടത്തിൽ : മുൻ ഭർത്താവ്

സ്വാതി മലിവാളിന്റെ ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി മുൻ ഭർത്താവ് നവീൻ ജയ്‌ഹിന്ദ് രംഗത്തെത്തി. സ്വാതിയെ സഹോദരിയെന്ന നിലയിലാണ് സഞ്ജയ് സിംഗ് കാണുന്നതെങ്കിൽ വീട്ടിൽപോയി ഭീഷണിപ്പെടുത്താതെ, പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയാണ് വേണ്ടത്. കുറ്രക്കാർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്രർ ചെയ്യിപ്പിക്കണം. അഭിനയിക്കുകയല്ല, നടപടിയെടുക്കുകയാണ് വേണ്ടതെന്നും നവീൻ ജയ്‌ഹിന്ദ് പറഞ്ഞു.

Advertisement
Advertisement