32 സീറ്റിൽ വൻ ഭൂരിപക്ഷം നേടുമെന്ന് ഡി.എം.കെ

Thursday 16 May 2024 1:21 AM IST

ചെന്നൈ: തമിഴ്നാട്ടിലെയും പുതുച്ചേരിയിലെയും 40 ലോക്സഭാ സീറ്റിൽ 39ഉം നേടുമെന്ന് ഡി.എം.കെ. 32 സീറ്റിൽ വൻ ഭൂരിപക്ഷം നേടുമെന്നും ഡി.എം.കെയുടെ ആഭ്യന്തര സർവേ പറയുന്നു. നേരിയ ഭൂരിപക്ഷത്തിൽ ഏഴ് സീറ്റ് നേടും എന്നാൽ ഒരിടത്ത് ജയം ഉറപ്പില്ല. എന്നാൽ പാർട്ടി ഔദ്യോഗികമായി റിപ്പോർട്ട് പുറത്തുവിട്ടിട്ടില്ല.

തമിഴ്നാട്ടിലെ 39 സീറ്റിലും പുതുച്ചേരിയിലും ബൂത്ത് തലം മുതൽ നടത്തിയ സർവേയുടെ വിവരങ്ങളാണ് പുറത്തുവന്നത്. ഏപ്രിൽ 19നാണ് ഡി.എം.കെ പ്രവർത്തകർ സർവേ നടത്തിയത്.

ശക്തമായ മത്സരം നടന്നതെന്ന് വിലയിരുത്തിയ നാലെണ്ണം എൻ.ഡി.എ സ്ഥാനാർത്ഥികൾ വിജയ പ്രതീക്ഷ പുലർത്തുന്ന മണ്ഡലങ്ങളിലാണ്. ബി.ജെ.പി സംസ്ഥാന പ്രസി‌ഡന്റ് കെ. അണ്ണാമലൈ മത്സരിച്ച കോയമ്പത്തൂർ, വൈസ് പ്രസിഡന്റ് നൈനാർ നാഗേന്ദ്രന്റെ തിരുനൽവേലി, മുൻ മുഖ്യമന്ത്രി ഒ. പനീർശെൽവം എൻ.ഡി.എ സ്വതന്ത്രനായ രാമനാഥപുരം, അമ്മാ മക്കൾ മുന്നേറ്റ കഴകം പ്രസിഡന്റ് ടി.ടി. വി ദിനകരന്റെ തേനി എന്നിവയാണവ.

എം.ഡി.എം.കെ നേതാവ് വൈക്കോയുടെ മകൻ ദുരൈ വൈക്കോ മത്സരിച്ച തിരിച്ചിറപ്പള്ളി, ആർ. കുമാരഗുരു അണ്ണാ ഡി.എം.കെ സ്ഥാനാ‌ർത്ഥിയായി എത്തിയ കള്ളക്കുറിച്ചി, അണ്ണാ ഡി.എം.കെയും ബി.ജെ.പിയും വിജയം പ്രതീക്ഷിക്കുന്ന പൊള്ളാച്ചി എന്നിവയാണ് മറ്റ് മണ്ഡലങ്ങൾ.

 കൈവിടുക ധർമ്മപുരി ?

ജയിച്ചേക്കില്ലെന്ന് ഡി.എം.കെ കരുതുന്നത് ധർമ്മപുരിയാണ്. പി.എം.കെ നേതാവ് അൻപുമണി രാമദാസിന്റെ ഭാര്യ സൗമ്യയാണ് ഇവിടത്തെ എൻ.ഡി.എ സ്ഥാനാർത്ഥി. സംസ്ഥാനത്ത് കൂടുതൽ പോളിംഗ് നടന്ന ധർമ്മപുരിയിൽ സാമുദായിക അടിസ്ഥാനത്തിൽ ധ്രുവീകരണമുണ്ടായെന്നും ഇത് എൻ.ഡി.എയ്‌ക്ക് അനുകൂലമാകുമെന്നുമാണ് സംശയം. വണ്ണിയർ സമുദായത്തിന് പ്രമുഖ്യമുള്ള മണ്ഡ‌ലമാണ് ധർമ്മപുരി. തിരഞ്ഞെടുപ്പിന് മുമ്പുള്ള റിപ്പോർട്ടനുസരിച്ച് നാമക്കൽ, തിരുപ്പൂർ, പൊള്ളാച്ചി, ഈറോഡ്, കോയമ്പത്തൂർ, ധർമ്മപുരി, കൃഷ്ണഗിരി, കരൂർ, വെല്ലൂർ, തിരുച്ചിറപ്പള്ളി, തിരുനെൽവേലി, തേനി, രാമനാഥപുരം എന്നീ മണ്ഡലങ്ങളിൽ ഡി.എം.കെയ്ക്ക് പ്രതിപക്ഷം ശക്തമായ വെല്ലുവിളിയാണെന്നുണ്ടായിരുന്നു.

ഡി.എം.കെ പ്രതിപക്ഷത്തായിരുന്നപ്പോൾ നടന്ന 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 39 സീറ്റും ഡി.എം.കെ മുന്നണി നേടിയിരുന്നു.

Advertisement
Advertisement