ചുരുണ്ടുകൂടി കിടന്നുറങ്ങുന്ന ശീലം അത്ര നല്ലതാണോ?​ വിദഗ്ദ്ധർ പറയുന്ന ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

Wednesday 15 May 2024 11:56 PM IST

ഏതൊരു ജീവിക്കും ദൈനംദിന പ്രവർത്തനങ്ങൾ ശരിയായി ചെയ്യാൻ കൃത്യമായി ഉറക്കം കിട്ടിയേ തീരൂ. പിറ്റേന്നത്തേക്ക് നമ്മുടെ ശരീരത്തിനാവശ്യമായ ഊർജ്ജം സംഭരിക്കാനും ഉറക്കം വേണം. എന്നാൽ ഓരോരുത്തരുടെയും ഉറക്കം പലതരത്തിലാണ്. ചിലർ വലത്തേക്ക് തിരിഞ്ഞുകിടന്ന് സുഖമായുറങ്ങും. മറ്റുചിലർ നേരെ കിടന്നുറങ്ങും ചിലർക്കാകട്ടെ ഇടത് വശത്തേക്കാണ് കിടപ്പ്.

എന്നാൽ ഏതൊരാളും അറിയേണ്ട കാര്യം കൃത്യമായ കിടപ്പുവശം ശീലമാക്കിയില്ലെങ്കിൽ അത് പല രോഗങ്ങൾക്കും പ്രശ്‌നങ്ങൾക്കും ഇടയാക്കും എന്നതാണ്. പ്രത്യേകിച്ച് കമിഴ്‌ന്ന് കിടന്ന് സുഖമായി ഉറങ്ങാൻ ശ്രമിക്കുന്നത് പലവിധ പ്രശ്‌നങ്ങൾ സൃഷ്‌ടിക്കും. സന്ധിവേദനക്കും പേശീവേദനകൾക്കും ഇത് ഇടയാക്കും. മാത്രമല്ല കിടക്കുമ്പോൾ നല്ല മൃദുവായ തലയിണയല്ലെങ്കിൽ അതും പ്രശ്‌നം സൃഷ്‌ടിക്കും.

വലതുവശത്തേക്ക് തിരിഞ്ഞുകിടന്നാൽ ആന്തരികാവയവങ്ങൾക്ക് അത് വലിയ സമ്മർദ്ദം സൃഷ്‌ടിക്കും. അതുവഴി ദഹനവും ശ്വസനവുമടക്കം പ്രശ്‌നം നേരിടും അതിനാൽ വലത്തേക്ക് തിരിഞ്ഞുകിടക്കരുത്. എന്നാൽ ഇടത്തേക്ക് തിരിഞ്ഞുകിടന്നാൽ ശരീരത്തിന്റെ രക്തയോട്ടം വർദ്ധിക്കും ഇതിലൂടെ ഹൃദ്രോഗ സാദ്ധ്യത കുറയും. നെഞ്ചെരിച്ചിൽ, പുളിച്ചുതികട്ടൽ പോലെ പ്രശ്‌നങ്ങൾ ഉണർന്നിരിക്കുമ്പോൾ വരാതിരിക്കാനും ഇടത് വശം തിരിഞ്ഞ് ഉറക്കം ശീലമാക്കണം.

മാത്രമല്ല ഫീറ്റൽ പൊസിഷൻ എന്ന പ്രത്യേക പൊസിഷൻ ശീലമാക്കുന്നതും നല്ലതാണ്. കൈകാലുകൾ നെഞ്ചുവരെ ചേർത്തുവച്ച് ഉറങ്ങുന്നത് ആരോഗ്യത്തിന് വളരെ നന്നാണ്. ഇത്തരത്തിലെ ഉറക്കം നടുവേദന കുറയാനും കൂർക്കം വലി ശക്തികുറയ്‌ക്കാനും ഇതിലൂടെ കഴിയും.

Advertisement
Advertisement