ഗർഭസ്ഥശിശുവിനും മൗലികാവകാശമുണ്ട്: സുപ്രീംകോടതി

Thursday 16 May 2024 1:19 AM IST

ന്യൂഡൽഹി: 30 ആഴ്‌ച പിന്നിട്ട ഗർഭം നീക്കം ചെയ്യാൻ അനുമതി തേടി 20കാരിയായ വിദ്യാർത്ഥി സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. പ്രത്യേക സാഹചര്യങ്ങളിൽ അല്ലാതെ 24 ആഴ്‌ച പിന്നിട്ട ഗർഭം നീക്കാൻ നിയമം അനുവദിക്കുന്നില്ല. ഈ കേസിൽ ഏഴുമാസമായിരിക്കുന്നു. ഗർഭാവസ്ഥയിലുള്ള ശിശുവിനും മൗലികാവകാശങ്ങളുണ്ടെന്ന് ജസ്റ്റിസ് ബി.ആർ. ഗവായ് അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. നീറ്റ് പരീക്ഷയ്ക്കായി തയ്യാറെടുക്കുന്ന വിദ്യാർത്ഥിയാണ് കോടതിയെ സമീപിച്ചത്. ഏപ്രിൽ 16ന് ശാരീരിക അസ്വസ്ഥതയുണ്ടായി പരിശോധിച്ചപ്പോഴാണ് ഗർഭിണിയാണെന്ന് മനസിലായത്. അന്ന് ഗർഭം 27 ആഴ്‌ച പിന്നിട്ടിരുന്നുവെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു. 20കാരിയുടെ മാനസിക - ശാരീരിക ആരോഗ്യം അപകടാവസ്ഥയിലാണെന്ന് വാദിച്ചെങ്കിലും കോടതി വഴങ്ങിയില്ല. നേരത്തെ ഡൽഹി ഹൈക്കോടതിയും ആവശ്യം തള്ളിയിരുന്നു.

Advertisement
Advertisement