ആക്രമണം കടുപ്പിച്ച് റഷ്യ: ഖാർക്കീവിൽ നിന്ന് പിന്മാറി യുക്രെയിൻ സൈന്യം

Thursday 16 May 2024 7:19 AM IST

കീവ്: റഷ്യൻ ആക്രമണം ശക്തമായതിന് പിന്നാലെ കിഴക്കൻ ഖാർക്കീവ് അതിർത്തിയിലെ നിരവധി ഗ്രാമങ്ങളിൽ നിന്ന് സൈന്യത്തെ പിൻവലിച്ച് യുക്രെയിൻ. സൈനികരെ സംരക്ഷിക്കാനും ആളപായം കുറയ്ക്കാനുമാണ് നടപടിയെന്നും എന്നാൽ റഷ്യൻ സേനയെ മേഖലയിൽ കാലുറപ്പിക്കാൻ അനുവദിക്കില്ലെന്നും യുക്രെയിൻ സൈന്യം അറിയിച്ചു. ഇതിനിടെ, ഇന്നലെ നിപ്രോ നഗരത്തിൽ റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ഖാർക്കീവ്,​ ഡൊണെസ്ക് മേഖലകളിൽ റഷ്യൻ മുന്നേറ്റം ശക്തമായതോടെ യുക്രെയിന്റെ ചെറുത്തുനിൽപ്പ് പ്രതിസന്ധിയിലായിരിക്കുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് വടക്കു കിഴക്കൻ യുക്രെയിനിലെ ഖാർക്കീവിലേക്ക് റഷ്യയുടെ അതിർത്തി കടന്നുള്ള ആക്രമണം ആരംഭിച്ചത്. അഞ്ച് ഗ്രാമങ്ങൾ റഷ്യ പിടിച്ചെടുത്തു. 8000 പേരെ മാറ്റിപ്പാർപ്പിച്ചു. കഴിഞ്ഞ ദിവസം ഇവിടെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ മൂന്ന് കുട്ടികൾ അടക്കം 20 പേർക്ക് പരിക്കേറ്റിരുന്നു. തലസ്ഥാനമായ കീവ് കഴിഞ്ഞാൽ യുക്രെയിനിലെ ഏറ്റവും വലിയ നഗരമാണ് ഖാർക്കീവ്.

ഏറ്റുമുട്ടൽ ശക്തമായ പശ്ചാത്തലത്തിൽ നാളെ സ്‌പെയിനിലേക്ക് നടത്താനിരുന്ന സന്ദർശനം യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി മാറ്റിവച്ചു. ഇതിനിടെ, യുക്രെയിനിൽ സന്ദർശനത്തിനെത്തിയ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ രാജ്യത്തിന് 200 കോടി ഡോളറിന്റെ അധിക സൈനിക സഹായ പാക്കേജ് പ്രഖ്യാപിച്ചു.

 പുട്ടിൻ ചൈനയിലെത്തും

രണ്ടു ദിവസത്തെ സന്ദർശനത്തിനായി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ഇന്ന് ചൈനയിലെത്തും. ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. പ്രസിഡന്റായുള്ള അഞ്ചാം ടേം കഴിഞ്ഞയാഴ്ച ആരംഭിച്ചതിന് പിന്നാലെ പുട്ടിൻ നടത്തുന്ന ആദ്യ വിദേശയാത്രയാണിത്.

Advertisement
Advertisement