ലോകോത്തര സൗകര്യങ്ങളുമായി വന്ദേ മെട്രോ ട്രാക്കിലേക്ക്; പായുക 130 കിലോ മീറ്റർ വേഗത്തിൽ, റൂട്ടുകളിലും തീരുമാനം

Thursday 16 May 2024 9:47 AM IST

ചെന്നൈ: വന്ദേ മെട്രോ ഉടൻ ട്രാക്കിലിറങ്ങുമെന്ന് റിപ്പോർട്ട്. ജൂൺ അവസാന ആഴ്ചയിലോ ജൂലായ് ആദ്യമോ വന്ദേ മെട്രോ പുറത്തിറങ്ങുമെന്നാണ് അധികൃതർ നൽകുന്ന സൂചന. മണിക്കൂറിൽ 110 മുതൽ 130 കിലോമീറ്റർ വേഗത്തിലായിരിക്കും ഈ ന്യൂജെൻ ട്രെയിൻ കുതിച്ചുപായുക. ആദ്യ ട്രെയിൻ ചെന്നൈയിൽ നിന്ന് തിരുപ്പതിയിലേക്കായിരിക്കും സർവീസ് നടത്തുക എന്നും തുടർന്ന് സർവീസ് നടത്തേണ്ട റൂട്ടുകളെപ്പറ്റി ധാരണയായിട്ടുണ്ടെന്നുമാണ് റിപ്പോർട്ടുകൾ. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണം ലഭിച്ചിട്ടില്ല.

12 കോച്ചുകളുള്ള മെട്രോ ട്രെയിൻ മെയിൻ ലൈൻ ഇലക്ട്രിക്കൽ മൾട്ടിപ്പിൾ യൂണിറ്റിന്റെയും (മെമു) വന്ദേ ഭാരത് എക്‌സ്പ്രസിന്റെയും പരിഷ്കരിച്ച ഹൈബ്രിഡ് പതിപ്പായിരിക്കും.വന്ദേ ഭാരത് എക്‌സ്‌പ്രസിന്റെ വിജയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് വന്ദേ മെട്രോ പുറത്തിറക്കുന്നത്. യാത്രക്കാർക്ക് ലോകോത്തര സൗകര്യങ്ങളാവും ഇതിൽ ലഭിക്കുക. കോച്ചുകൾ എല്ലാം പൂർണമായും എയർ കണ്ടീഷൻ ചെയ്തതായിരിക്കും. വലിയ ഗ്ളാസ് ജനാലകളായിരിക്കും ഉണ്ടാവുക.യാത്രക്കാർക്ക് ഒരു ബോഗിയിൽ നിന്ന് മറ്റൊരു ബോഗിയിലേക്ക് എളുപ്പത്തിൽ നടന്നുപോകാനും കഴിയും.


റൂട്ട് ഇൻഡിക്കേറ്റർ ഡിസ്പ്ലേകളും മൊബൈൽ ഫോൺ ചാർജുചെയ്യാനുള്ള സൗകര്യങ്ങളും എല്ലാ കോച്ചുകളിലും ഉണ്ടാവും. ഒരു ബോഗിയിൽ നൂറുപേർക്ക് ഇരുന്ന് യാത്രചെയ്യാനുള്ള സൗകര്യങ്ങളാവും ഉണ്ടാവുക. ഇരട്ടിപ്പേർക്ക് നിന്ന് യാത്രചെയ്യാനും കഴിയും. കൂട്ടിയിടി ഒഴിവാക്കാനുള്ള കവച് സംവിധാനം പുതിയ ട്രെയിനിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. അത്യാധുനിക ടോയ്‌ലറ്റ് സൗകര്യങ്ങൾ, സിസിടിവി ക്യാമറകൾ, വിശാലമായതും കൂടുതൽ പതുപതുത്തതുമായ സീറ്റുകൾ എന്നിവ വന്ദേ മെട്രോയുടെ സൗകര്യങ്ങളാവും.

Advertisement
Advertisement