വന്ദേഭാരത് ട്രെയിനുകളുടെ വേഗത ഇനിയും കൂടും, ട്രയല്‍ റണ്‍ വിജയകരം

Thursday 16 May 2024 7:00 PM IST
വന്ദേഭാരത് എക്‌സ്പ്രസ് | ഫോട്ടോ: കേരളകൗമുദി ഓണ്‍ലൈന്‍

പല്‍വാള്‍: യാത്രക്കാര്‍ക്ക് വേഗതയുടെ പുത്തന്‍ അനുഭവം സമ്മാനിച്ച വന്ദേഭാരത് ട്രെയിനുകളുടെ വേഗത ഇനിയും കൂടും. മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയില്‍ ഓടിച്ച് പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കി. റെയില്‍വേ ബോര്‍ഡ് ചെയര്‍പേഴ്സണും സിഇഒയുമായ ജയ വര്‍മ സിന്‍ഹയും നോര്‍ത്ത് സെന്‍ട്രല്‍, നോര്‍ത്തേണ്‍ റെയില്‍വേയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും പല്‍വാളിനും വൃന്ദാവനുമിടയിലുള്ള വന്ദേ ഭാരത് ട്രെയിനില്‍ 'റെയില്‍വേ കവച്ച്' ട്രയല്‍ പരിശോധിച്ചു.

അതീവ സുരക്ഷാ സംവിധാനമായ, ഇന്ത്യയുടെ സ്വന്തം ടെക്‌നോളജിയില്‍ വികസിപ്പിച്ച 'കവച്' ട്രയല്‍ റണ്‍ വന്ദേഭാരതില്‍ വിജയകരമായി പരീക്ഷിച്ചു. മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയില്‍ ഓടുന്ന എട്ട് കോച്ചുകളുള്ള വന്ദേ ഭാരത് ട്രെയിനില്‍ നടത്തിയ പരീക്ഷണം വിജയകരമായതായി റയില്‍വേ അറിയിച്ചു. ഇതോടെ ഇനി കൂടുതല്‍ വേഗതയില്‍ വന്ദേഭാരതില്‍ സഞ്ചരിക്കാനാവും എന്നതാണ് യാത്രക്കാരെ സംബന്ധിച്ച് സന്തോഷ വാര്‍ത്ത.

നേരത്തോയും കവച് സാങ്കേതിക വിദ്യ ഉപയോഗിച്ച് ട്രയല്‍ റണ്‍ നടത്തിയിരുന്നു. ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ ഉള്‍പ്പെടെയുള്ളവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ഏറ്റവും ഒടുവില്‍ ട്രയല്‍ റണ്‍ നടത്തിയത്. രാവിലെ 9.15ന് പല്വാള്‍ സ്റ്റേഷനില്‍ നിന്ന് ആരംഭിച്ച ട്രയല്‍ റണ്‍ വൃന്ദാവന്‍ സ്റ്റേഷനില്‍ അവസാനിച്ചു.

നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വേ ജനറല്‍ മാനേജര്‍, നോര്‍ത്തേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍, ദേശീയ തലസ്ഥാന മേഖലയുടെ പ്രിന്‍സിപ്പല്‍ ചീഫ് സിഗ്‌നല്‍ ആന്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍ എഞ്ചിനീയര്‍, റെയില്‍വേ ബോര്‍ഡ് പ്രിന്‍സിപ്പല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍, ആഗ്ര ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ എന്നിവരും മറ്റ് മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥരും ട്രയല്‍ റണ്ണില്‍ പങ്കെടുത്തു. എല്ലാ പാരാമീറ്ററുകളും കാര്യക്ഷമമായി പാലിച്ച 'കവചിന്റെ ' വിജയകരമായ പ്രവര്‍ത്തനത്തില്‍ സിന്‍ഹ സന്തുഷ്ടനായതായി ട്രയല്‍ റണ്ണില്‍ പങ്കെടുത്ത ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഡെപ്യൂട്ടി ചീഫ് സിഗ്‌നല്‍ ആന്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍ എന്‍ജിനീയര്‍ ഖുഷ് ഗുപ്തയുടെ മേല്‍നോട്ടത്തില്‍ ആയിരുന്നു ട്രയല്‍ റണ്‍. ലോക്കോ പൈലറ്റിന്റെ യാതൊരു ഇടപെടലും കൂടാതെ ''കവച്' സഹായത്തോടെ ട്രെയിന്‍ എല്ലാ വേഗത നിയന്ത്രണങ്ങളും പാലിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

പരീക്ഷണ ഓട്ടത്തില്‍ വേഗത കുറയ്‌ക്കേണ്ട സ്ഥലങ്ങളില്‍ കൃത്യമായി അത് കുറയ്ക്കുകയും സിഗ്നലിന് അനുസരിച്ച് ട്രെയിന്‍ നിര്‍ത്തുകയും ചെയ്യുന്ന പ്രവര്‍ത്തി ലോക്കോപൈലറ്റിന്റെ ഇടപെടലില്ലാതെ പൂര്‍ത്തിയാക്കാനായതും നേട്ടമാണെന്ന് ഉദ്യോഗസ്ഥര്‍ വിലയിരുത്തി. സിഗ്നലിന് ഒമ്പത് മീറ്റര്‍ അകലെ ട്രെയിന്‍ ഓട്ടോമാറ്റിക് ആയി നില്‍ക്കുകയും ചെയ്തു. ട്രയല്‍ റണ്‍ വിജയകരമായി പൂര്‍ത്തിയാക്കിയതില്‍ ഉദ്യോഗസ്ഥര്‍ തൃപ്തി പ്രകടിപ്പിച്ചുവെന്നാണ് റെയില്‍വേ അറിയിക്കുന്നത്.