രുചിയേറും കാലത്ത് ചക്ക തേടി സിംഹവാലൻമാർ

Friday 17 May 2024 12:00 AM IST

ചാലക്കുടി: ചക്ക യഥേഷ്ടം കിട്ടുമെന്നായപ്പോൾ അതിഥികളെത്തിത്തുടങ്ങി, സാക്ഷാൽ സിംഹവാലൻ കുരങ്ങുകൾ. വാഴച്ചാലിലും ഷോളയാറിലും കുറെക്കാലമായി സാധാരണ ഉയരത്തിലുള്ള മരങ്ങളിൽ ചാടിനടക്കുന്നുണ്ട് സൈലന്റ് വാലി പ്രക്ഷോഭത്തിലൂടെ കേരളക്കരയ്ക്ക് പരിചിതമായ ഈ സിംഹവാലൻമാർ.

ചക്ക അടക്കമുള്ള രുചിയൂറും പഴങ്ങൾ കിട്ടുന്ന വേളയിൽ താഴെത്തട്ടിലേക്ക് എത്തും. പശ്ചിമഘട്ട നിരകളിലാണ് ആദ്യം കണ്ടതെങ്കിലും ഇപ്പോൾ വാൽപ്പാറയിലുമുണ്ട്. വംശനാശം നേരിടുന്ന ജീവികളുടെ ഗണത്തിലാണ് സ്ഥാനമെങ്കിലും പലയിടത്തും കാണുന്നത് ആശ്വാസമാണ്. സെൻസസ് കണക്കുകൾ പുറത്തുവന്നിട്ടില്ലെങ്കിലും എണ്ണം കൂടിയുണ്ടെന്നാണ് നിഗമനം.

പച്ചത്തുരുത്തുകളുടെ കലവറയായ ഷോളയാറിൽ കണ്ട സിംഹവാലൻ കുരങ്ങുകൾ പിന്നീട് വാഴച്ചാലിലും അതിഥികളായെത്തി. സൈലന്റ് വാലി പ്രക്ഷോഭകർ വാനോളം ഉയർത്തിയ ഇവയുടെ ജീവിതം അതിരപ്പിള്ളി സമരകാലത്തും ഏറെ ചർച്ചയായിരുന്നു. ചക്കയും മാങ്ങയും തിന്നാനുള്ള കൊതി കൊണ്ടാണത്രെ വാഴച്ചാലിലെ ജനവാസ കേന്ദ്രങ്ങളിലും സിംഹവാലന്മാരെ ഇപ്പോൾ സ്ഥിരമായി കാണുന്നതിന് കാരണം.

Advertisement
Advertisement