പഠിക്കാൻ പറക്കാം!

Friday 17 May 2024 12:29 AM IST

ഉള്ളതെല്ലാം വിറ്റുപെറുക്കിയും ലക്ഷങ്ങൾ വായ്പയെടുത്തും വിദേശ പഠനത്തിനായി പറക്കുകയാണ് മലയാളികൾ. മുൻപ് ബിരുദാനന്തര ബിരുദത്തിന് വിദേശരാജ്യങ്ങളിലേക്ക് പൊയ്ക്കൊണ്ടിരുന്നവർ ഇപ്പോൾ പ്ലസ്ടു കഴിയുമ്പോഴേ 'നാടുവിടുന്നു." വിദേശത്തു പോകുന്ന യുവാക്കൾ അവിടെത്തന്നെ സ്ഥിരതാമസമാക്കുന്നതിനാൽ തൊഴിലെടുക്കാൻ പ്രാപ്തരായ യുവജനങ്ങൾ കേരളത്തിൽ കുറയും. കേരളം വൃദ്ധരുടെ സംസ്ഥാനമായി മാറുമെന്നാണ് ആശങ്ക.

ഉപരിപഠനത്തിനു ശേഷം ഇവർ തിരിച്ചുവരാത്തതിനാലും കുടുംബത്തെക്കൂടി അവിടേക്ക് കൊണ്ടുപോകുന്നതിനാലും യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം കേരളത്തിന് ഗുണകരമാകുന്നില്ലെന്നാണ് വിലയിരുത്തൽ. ഓക്സ്‌ഫോർഡ് ഇന്റർനാഷണലിന്റെ കണക്കുപ്രകാരം രാജ്യത്തുനിന്ന് വിദേശ പഠനത്തിനു പോകുന്നതിൽ നാലു ശതമാനം കേരളത്തിൽ നിന്നാണ്. വേഗത്തിൽ സ്റ്റുഡന്റ് വിസ ലഭിക്കുന്ന വാഴ്സിറ്റികളുള്ള രാജ്യങ്ങളിലേക്കാണ് ഇപ്പോഴത്തെ ഒഴുക്ക്.

പത്തു വർഷം മുൻപ് വിദേശപഠനത്തിന് അമ്പതോളം ഏജൻസികൾ മാത്രമാണ് ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ അത് അയ്യായിരത്തോളമായി. കൊച്ചിയിലാണ് ഏറെയും. കാനഡ, ആസ്ട്രേലിയ, യു.കെ, റഷ്യ എന്നിവിടങ്ങളിലേക്കാണ് കൂടുതൽ പേരും ഉപരിപഠനത്തിനും തൊഴിലിനുമായി പോകുന്നത്. കേരളത്തിൽ നിന്ന് പ്രതിവർഷം ശരാശരി 40,​000 വിദ്യാർത്ഥികൾ വിദേശത്ത് പഠനത്തിനായി പോകുന്നു. ഒരാൾക്ക് പ്രതിവർഷം കുറഞ്ഞത് 20 ലക്ഷം രൂപ ചെലവുണ്ടാവും. കോടിക്കണക്കിനു രൂപ ഫീസിനത്തിൽ വിദേശത്തേക്കൊഴുകുന്നു.

കേരളത്തിലേതിനേക്കാൾ കനത്ത ഫീസാണ് വിദേശത്തെ പഠനത്തിന്. ബിരുദ കോഴ്സ് പൂർത്തിയാക്കാൻ ഒരുകോടി രൂപയെങ്കിലും ചെലവുണ്ടാവും. ബിരുദാനന്തര ബിരുദത്തിന് അരക്കോടിയെങ്കിലും കൈയിൽ വേണം. ഫീസ് കുറവുള്ള യൂറോപ്യൻ രാജ്യങ്ങളിലേക്കും കുട്ടികൾ പഠനത്തിനു പോകുന്നുണ്ടെങ്കിലും അവിടെ ജീവിതച്ചെലവ് വളരെ കൂടുതലാണ്. യാത്ര, താമസം, ഭക്ഷണം, ഫീസ്, ഇൻഷ്വറൻസ് എന്നിവയടക്കമുള്ള ചെലവുകളെല്ലാം ബാങ്കുകൾ വായ്പയായി നൽകുന്നിതിനാൽ സാമ്പത്തികമായി പിന്നാക്കമുള്ളവരും വിദേശപഠനം തന്നെ തിരഞ്ഞെടുക്കുന്നു.

ഡോക്ടർ പഠനം

54 രാജ്യത്ത്

മെഡിക്കൽ പഠനത്തിനു മാത്രം 54 രാജ്യങ്ങളിൽ മലയാളികളുണ്ട്. ഇന്ത്യയ്ക്ക് എംബസി ഇല്ലാത്ത രാജ്യങ്ങളിലും ഒന്നരലക്ഷം ജനസംഖ്യയുള്ള ദ്വീപുരാജ്യങ്ങളിലും വരെ മലയാളികൾ പഠിക്കുന്നു! വിദേശത്തെ എം.ബി.ബി.എസ് പഠനത്തിനു ശേഷം, അതികഠിനമായ യോഗ്യതാപരീക്ഷ (ഫോറിൻ മെഡിക്കൽ ഗ്രാജ്വേ​റ്റ് എക്സാം) വിജയിച്ചാലേ ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാനാവൂ. ഭാഷയും കാലാവസ്ഥയുമടക്കം പ്രതികൂല സാഹചര്യങ്ങൾ വകവയ്ക്കാതെയാണ് കുട്ടികൾ അന്യരാജ്യങ്ങളിലേക്ക് മെഡിക്കൽ പഠനത്തിനായി പോകുന്നത്.

കേരളത്തിലെ സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ 6.55 ലക്ഷം മുതൽ 7.65 ലക്ഷം വരെയാണ് ഫീസ്. 86,600 വരെ സ്‌പെഷ്യൽ ഫീസും മറ്റ് നിരവധി ഫീസുകളുമുണ്ട്. രാജ്യത്ത് മറ്റിടങ്ങളിൽ പത്തുലക്ഷവും അതിനു മുകളിലുമാണ് ഫീസ്. ഒരു കോടിയോളം മുടക്കിയാലേ എം.ബി.ബി.എസ് പഠനം ഇന്ത്യയിൽ പൂർത്തിയാക്കാനാകൂ. യുക്രെയിനിൽ രണ്ടര മുതൽ നാലുലക്ഷം രൂപ വരെയാണ് ഫീസ്. ആറുവർഷത്തെ കോഴ്സ് 15 ലക്ഷം രൂപയ്ക്ക് പൂർത്തിയാക്കാനാകും. മൗറീഷ്യസിലും നെതർലൻഡ്സിലും എം.ബി.ബി.എസ് പഠനം പൂർത്തിയാക്കാൻ 30 മുതൽ 40 ലക്ഷം രൂപ വരെ വേണം.

ഇന്ത്യയിൽ പഠനസൗകര്യം കുറവായതാണ് കുട്ടികളെ വിദേശത്ത് മെഡിക്കൽ പഠനത്തിന് പ്രേരിപ്പിക്കുന്നത്. കഴിഞ്ഞ വർഷത്തെ മെഡിക്കൽ പ്രവേശന പരീക്ഷ (നീറ്റ്) എഴുതിയത് 15 ലക്ഷത്തിലേറെ വിദ്യാർത്ഥികളാണ്. ആകെയുള്ള എം.ബി.ബി.എസ് സീ​റ്റ് 88,120. ഇതിൽ 313 സർക്കാർ സ്ഥാപനങ്ങളിലാണ് 50,00-ത്തോളം സീ​റ്റുകൾ. റഷ്യ, ഉസ്‌ബെക്കിസ്ഥാൻ, കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ ഫീസ്, താമസം, യാത്രാ ചെലവുകളെല്ലാം അടക്കം 25 ലക്ഷം രൂപയ്ക്കുള്ളിൽ എം.ബി.ബി.എസ് പഠനം പൂർത്തിയാക്കാം. അയൽരാജ്യമായ നേപ്പാൾ തൊട്ട് ഒന്നര ലക്ഷം മാത്രം ജനസംഖ്യയുള്ള കരീബിയൻ കടലിലെ ക്യുറാസാവോ ദ്വീപിൽ വരെ മലയാളികൾ പഠിക്കുന്നു. വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം തൊഴിലും ലഭ്യമാക്കുന്ന കർമ്മചാരി പദ്ധതി സർക്കാർ പ്രഖ്യാപിച്ചെങ്കിലും സംസ്ഥാനമാകെ നടപ്പായിട്ടില്ല.

ഏജൻസികൾക്ക്

നിയമം വരുന്നു

ഉന്നതപഠനത്തിനായി യുവാക്കളെ റിക്രൂട്ട്ചെയ്യുന്ന ഏജൻസികളെ നിയന്ത്രിക്കാൻ സർക്കാർ നിയമം കൊണ്ടുവരികയാണ്. നിയമനിർമ്മാണം പഠിക്കാൻ രണ്ടു വി.സിമാരെ നിയോഗിച്ചിട്ടുണ്ട്. സാമ്പത്തികമായും വൈജ്ഞാനികമായും തിരിച്ചടിയാവുന്ന 'മസ്തിഷ്ക ചോർച്ച" തടയുകയാണ് ലക്ഷ്യം. ചൈന, വിയറ്റ്നാം അടക്കം വിദേശത്ത് പലേടത്തുമുള്ള കുടിയേറ്റ നിയന്ത്രണ നിയമങ്ങളുടെ മാതൃകയിലാണ് നിയമനിർമ്മാണം പരിഗണിക്കുന്നത്. അസോസിയേഷൻ ഒഫ് ഇന്ത്യൻ യൂണിവേഴ്സിറ്റീസ് അംഗീകരിച്ചിട്ടില്ലാത്ത സർവകലാശാലകളിലാണ് മിക്കവരുടെയും പഠനം. ഈ കോഴ്സുകൾ പഠിച്ചാൽ ഇന്ത്യയിൽ ജോലി ലഭിക്കില്ല. വിദേശത്ത് പഠനത്തിനു പോവുന്നതിന് രജിസ്ട്രേഷൻ ഏർപ്പെടുത്താനും മേൽനോട്ടത്തിന് അതോറിട്ടി രൂപീകരിക്കുന്നതും പരിഗണനയിലാണ്.

ലക്ഷ്യം പൗരത്വം, ജോലി

 പാശ്ചാത്യരാജ്യങ്ങളിൽ ഉപരിപഠനത്തിനു പോകുന്നതിന്റെ ലക്ഷ്യം പഠന ശേഷം പൗരത്വം അല്ലെങ്കിൽ സ്ഥിരതാമസ അനുമതി എന്നിവയാണ്

 പാശ്ചാത്യരാജ്യങ്ങളിലെ സാമൂഹ്യസുരക്ഷയും മികച്ച ജീവിത നിലവാരവുമാണ് യുവാക്കളുടെ ഒഴുക്കിന് പ്രധാന കാരണം. പഠനത്തോടൊപ്പം ജോലിചെയ്ത് സമ്പാദിക്കാമെന്നതും ആകർഷണം

 പഠനത്തിനും ചെലവുകൾക്കുമായി മുപ്പതു ലക്ഷവും അതിനു മുകളിലും വേണം. നാട്ടിലെ വീടും വസ്തുക്കളും വിറ്റും പണയംവച്ചും വായ്പയെടുത്തുമൊക്കെയാണ് വിദേശത്തേക്കുള്ള ഒഴുക്ക്

 മെച്ചപ്പെട്ട ജീവിതനിലവാരവും സാമ്പത്തിക ഭദ്രതയും ഉറപ്പിക്കാനാണ് കൂടുതൽ ചെറുപ്പക്കാരും വിദേശരാജ്യങ്ങളിലേക്ക് കുടിയേറുന്നത്.

കേരളത്തിന് പ്രഹരം

 വിദേശപഠനവും തുടർന്ന് അവിടെത്തന്നെയുള്ള സ്ഥിരതാമസവും നമ്മുടെ സാമ്പത്തിക മേഖലയ്ക്ക് പ്രഹരമുണ്ടാക്കും. പഠിക്കാൻ കുട്ടികളില്ലാതെ കോളേജുകളും വാഴ്സിറ്റികളും പ്രതിസന്ധിയിലാവും

 കഴിഞ്ഞ വർഷം കേരള വാഴ്സിറ്റിയിൽ കുട്ടികളില്ലാതെ ഒഴിഞ്ഞു കിടന്നത് 8651 സീറ്റുകളാണ്. മുൻവർഷങ്ങളിലും ഇതായിരുന്നു സ്ഥിതി

 സ്വാശ്രയ എൻജിനിയറിംഗ് കോളേജുകളിൽ മെരിറ്റ് സീറ്റുകളിൽ 40 ശതമാനത്തോളവും,​ സ്വാശ്രയ സീറ്റുകളിൽ 60 ശതമാനത്തോളവും കാലിയാണ്. കാലിയായ സീറ്റുകളിൽ എൻട്രൻസില്ലാതെ പ്രവേശനം

വിദേശപഠനത്തിലുള്ള

മലയാളികൾ

2016----------18,426

2017----------22,093

2018----------22,456

2019----------30,948

2020----------15,277

6,46,206

കഴിഞ്ഞ വർഷം രാജ്യത്തുനിന്ന് വിദേശപഠനത്തിനു പോയവർ. ഇതിൽ ആന്ധ്ര 12%, പഞ്ചാബ് 12%, മഹാരാഷ്ട്ര 11%

മലയാളികൾ വിദേശത്ത് ഉപരിപഠനത്തിന് പോകുന്നത് തടയാനാവില്ല. വിദേശത്തു ലഭിക്കുന്ന എല്ലാ സൗകര്യങ്ങളും ഇവിടെ ഒരുക്കി ലോകോത്തര വിദ്യാഭ്യാസം ഉറപ്പാക്കും. സർവകലാശാലകളുടെ കാര്യക്ഷമതയില്ലായ്മയോ മികച്ച കോഴ്സുകൾ ഇല്ലാത്തതോ കൊണ്ടല്ല വിദ്യാർത്ഥി കുടിയേറ്റം. പുറമെ നിന്നുള്ള വിദ്യാർത്ഥികളെയും ആകർഷിക്കാൻ ആഗോള വിദ്യാഭ്യാസ ഹബായി കേരളത്തെ മാറ്റും.

ഡോ.ആർ.ബിന്ദു

ഉന്നതവിദ്യാഭ്യാസ മന്ത്രി

(നിയമസഭയിൽ പറഞ്ഞത്)

Advertisement
Advertisement