ഒറ്റ തിരഞ്ഞെടുപ്പ് എന്ന ഒളിച്ചുകളി

Friday 17 May 2024 12:38 AM IST

കേൾക്കാൻ സുഖമുള്ളതാണ് 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്" എന്ന മുദ്രാവാക്യം. പക്ഷേ,​ ഇന്ത്യയുടെ ദേശീയ വൈവിദ്ധ്യത്തിന്റെ ആപത്കരമായ നിഷേധം അതിലുണ്ടെന്ന് മറന്നുപോകരുത്. പാർലമെന്ററി ജനാധിപത്യമെന്ന ആശയത്തെ പരിക്കേല്പിക്കുന്ന ഒന്നാണ് അത്. പ്രൊഫ. ജഗ്‌ദീപു ഛോകർ ചൂണ്ടിക്കാണിച്ചതു പോലെ,​ 'രാജ്യം ഏകം, തിരഞ്ഞെടുപ്പ് അനേകം" എന്നതു തന്നെയാണ് ഇന്ത്യയ്ക്കു ചേരുന്ന മുദ്രാവാക്യം. എൻ.ഡി.എ സർക്കാർ വീണ്ടും അധികാരത്തിലെത്തിയാൽ അടുത്ത അഞ്ചു വർഷത്തിനുള്ളിൽ 'ഒരു രാജ്യം,​ ഒരു തിരഞ്ഞെടുപ്പ്" എന്ന നയം നടപ്പാക്കുമെന്നാണ് കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞത്.

ഒറ്റ നോട്ടത്തിൽ സ്വീകാര്യവും അഭികാമ്യവുമെന്ന് തോന്നുമെങ്കിലും ഈ നിർദ്ദേശം നിരവധി പ്രശ്നങ്ങൾ ഉൾക്കൊള്ളുന്നതാണെന്ന് നിയമജ്ഞരും രാഷ്ട്രീയക്കാരും നേരത്തേ തന്നെ ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്.

തിരഞ്ഞെടുപ്പ് എന്നു പറയുന്നത് ജനങ്ങളുടെ രാഷ്ട്രീയാഭിപ്രായം അറിയാനുള്ള പ്രധാന ഉപാധിയാണ്. ജനപിന്തുണ ഇല്ലാതായാൽ ജനപ്രതിനിധികളെ മടക്കിവിളിക്കാനും മാറ്റാനുമുള്ള അധികാരം ജനാധിപത്യത്തിന്റെ കാതലാണ്. അവിശ്വാസത്തിലൂടെയും മറ്റും സർക്കാരുകൾ തകരുകയോ നിയമസഭകൾ ഇല്ലാതാവുകയോ ഒക്കെ നടക്കാം.

ഇന്ത്യയിൽ പാർലമെന്ററി ജനാധിപത്യം അപകടകരമാം വിധം ഭീഷണിയിലാണെന്ന് വ്യക്തമാകുന്ന ദിവസങ്ങളിലൂടെയാണ് നമ്മൾ കടന്നുപോകുന്നത്.

ഫെഡറലിസത്തിന്

കനത്ത ഭീഷണി

രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തിന് കടുത്ത ഭീഷണിയാണ് 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്" എന്ന ആശയം. നിയമസഭാ തിരഞ്ഞെടുപ്പുകൾ ലോക്‌സഭാ തിരഞ്ഞെടുപ്പിനോടൊപ്പം നടത്താനുള്ള നീക്കത്തിന്റെ ഭാഗമായി കേന്ദ്ര സർക്കാർ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിൽ ഒരു കമ്മിറ്റി രൂപീകരിച്ചിരുന്നു. അധികം താമസിയാതെ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അദ്ധ്യക്ഷനായ ഉന്നതതല സമിതി അവതരിപ്പിച്ച റിപ്പോർട്ട്,​തിരഞ്ഞെടുപ്പ് പരിഷ്കാരത്തിന് പൂർണമായും അനുകൂലമായ ഒന്നാണ്. ഭരണഘടനാവിരുദ്ധവും അപ്രായോഗികവുമായ ആശയത്തെയാണ് അതിൽ പിന്തുണച്ചിരിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ പ്രത്യേക താത്പര്യമനുസരിച്ച് നിയോഗിച്ച സമിതി എന്നതിനാലാണ് ഈ നിലപാട് അദ്ദേഹം സ്വീകരിച്ചതെന്നാണ് പൊതു വിലയിരുത്തൽ.

ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾ പല സമയത്ത് നടത്തുന്നത് ഖജനാവ് ചോർത്തുമെന്നും, ഭരണകാര്യക്ഷമതയെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് 'ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ്" എന്ന നിർദ്ദേശത്തെ ന്യായീകരിക്കുന്നത്. ഒന്നാം ലോക്‌സഭാ തിരഞ്ഞെടുപ്പിനായി 1952-ൽ ആരംഭിച്ച് 1967 വരെ നിയമസഭ, ലോക്‌സഭ, തിരഞ്ഞെടുപ്പുകൾ ഒരുമിച്ചാണ് നടന്നത്. 1968 - 69 കാലത്ത് ചില സംസ്ഥാന സർക്കാരുകളുടെ കാലാവധി പൂർത്തിയായിട്ടില്ലാത്തതിനാൽ കാലാവധിയാകുന്നതിനു മുൻപ് രാഷ്ട്രപതി അവയെ പിരിച്ചുവിട്ടു. ഒരു വർഷം കാലാവധി തീരുന്നതിനു മുൻപ് ലോക്‌സഭയും പിരിച്ചുവിട്ടുകൊണ്ടാണ് ഇടക്കാല തിരഞ്ഞെടുപ്പ് നടത്തിയത്. അതോടെ രണ്ടു തിരഞ്ഞെടുപ്പും ഒരുമിച്ച് നടത്തുന്ന രീതി അവസാനിക്കുകയായിരുന്നു.

ആവർത്തിക്കുന്ന

അജൻഡ

കേന്ദ്രം ഭരിക്കുന്ന കക്ഷി 2014-ലെ തിരഞ്ഞെടുപ്പിൽ സജീവമായ ചർച്ചയ്ക്ക് വിധേയമാക്കിയ പ്രകടനപത്രികയിലെ പ്രധാന വിഷയമായിരുന്നു 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്"എന്നത്. അതുതന്നെയാണ് ഈ തിരഞ്ഞെടുപ്പിലും പ്രധാന വിഷയമാക്കിയിട്ടുള്ളതും, നടപ്പാക്കാൻ ഒരുങ്ങുന്നതും. 2019-ൽ ഈ വിഷയം ചർച്ചചെയ്യാൻ പ്രധാനമന്ത്രി സർവകക്ഷി യോഗം വിളിച്ചു. എങ്കിലും കോൺഗ്രസും ഡി.എം.കെയും ഉൾപ്പെടെയുള്ള കക്ഷികൾ യോഗം ബഹിഷ്കരിച്ചു. അന്നത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് തന്റെ നയപ്രഖ്യാപന പ്രസംഗത്തിൽ ഒറ്റ തിരഞ്ഞെടുപ്പ് വിഷയം തുടർച്ചയായി അവതരിപ്പിക്കുകയായിരുന്നു.

'ഒറ്റ തിരഞ്ഞെടുപ്പ്"എന്ന നിർദ്ദേശം മുന്നോട്ടു വയ്ക്കുന്നതിലൂടെ പ്രസിഡൻഷ്യൽ സംവിധാനത്തിലേക്ക് കടക്കാനുള്ള വാതിലാണ് ബി.ജെ.പി തുറക്കുന്നത്. നിലവിലുള്ള ബ്രിട്ടീഷ് ഭരണ സമ്പ്രദായത്തിനു പകരം, അമേരിക്കൻ രീതിയായ പ്രസിഡൻഷ്യൽ ഭരണ സംവിധാനം അനുകരിക്കാനുള്ള നീക്കത്തിന്റെ ആദ്യപടിയാണ് 'ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ്". ഈ സംവിധാനത്തിൽ രാജ്യത്തിന്റെ നായകൻ പ്രസിഡന്റായിരിക്കും. ഗവർണർമാരായിരിക്കും മുഖ്യമന്ത്രിയെക്കാൾ അധികാരം കൈയാളുന്നതെന്നാണ് പ്രതിപക്ഷം പറയുന്നത്.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്"എന്ന ആശയം ഭരണഘടനയിൽ ഉൾക്കൊള്ളിക്കാൻ നിയമ കമ്മിഷൻ ശുപാർശ ചെയ്തിട്ടുള്ളതായാണ് റിപ്പോർട്ടിൽ പറയുന്നത്. 2029 പകുതിയോടെ തദ്ദേശ സ്ഥാപനം മുതൽ ലോക്‌സഭ വരെ ഒറ്റ തിരഞ്ഞെടുപ്പ് നടത്താനുള്ള നടപടികളുടെ ഭാഗമാണിത്. അടുത്ത അഞ്ചു വർഷത്തിനിടെ നിയമസഭകളുടെ പ്രവർത്തനകാലം മൂന്നു ഘട്ടമായി ക്രമീകരിച്ച് 2029 മേയ് - ജൂണിലേക്ക് ഒറ്റ തിരഞ്ഞെടുപ്പ് നടത്താനാവുന്ന വിധത്തിലേക്ക് മാറ്റാനുള്ള കാര്യങ്ങളും കമ്മിഷൻ ശുപാർശ ചെയ്യുമെന്നും, ഒറ്റ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പൊതുതിരഞ്ഞെടുപ്പ് പട്ടിക ഉൾപ്പെടെയുള്ള കാര്യങ്ങളാകും ഭരണഘടനാ അദ്ധ്യായത്തിൽ ചേർക്കാൻ ശ്രമിക്കുകയെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.

ഭേദഗതികൾ

ഇങ്ങനെ

ലോക്‌സഭയിലേക്കും നിയമസഭകളിലേക്കും ഒന്നിച്ച് തിരഞ്ഞെടുപ്പു നടത്താൻ അഞ്ച് ഭരണഘടനാ വകുപ്പുകളാണ് ഭേദഗതി ചെയ്യേണ്ടതെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ കേന്ദ്ര നിയമ മന്ത്രാലയത്തെ അറിയിച്ചിട്ടുള്ളത്. ലോക്‌സഭ, രാജ്യസഭ എന്നിവയുടെ കാലാവധി, രാഷ്ട്രപതി ലോക്‌സഭ പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട വകുപ്പ്, നിയമസഭകളുടെ കാലാവധി നിഷ്കർഷിക്കുന്ന വകുപ്പ്, നിയമസഭ പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട വകുപ്പ്, രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുന്നതിനുള്ള വകുപ്പ് എന്നിവ തിരുത്തണം. കൂറുമാറ്റം മുൻനിറുത്തിയുള്ള അയോഗ്യതയുമായി ബന്ധപ്പെട്ട ഭരണഘടനയുടെ 10-ാം പട്ടിക ഭേദഗതി ചെയ്യണം.

ഒറ്റ തിരഞ്ഞെടുപ്പ് നടത്താൻ നിയമസഭകളുടെ കാലാവധി നീട്ടുകയോ വെട്ടിച്ചുരുക്കുകയോ ചെയ്യേണ്ടിവരും. ഏതെങ്കിലും സർക്കാരിന് ഇടയ്ക്ക് ഭൂരിപക്ഷം നഷ്ടമായാൽ വിവിധ രാഷ്ട്രീയ പാർട്ടികളെ ഉൾക്കൊള്ളിച്ച് 'സമന്വയ സർക്കാർ" രൂപീകരിക്കണം. അടുത്ത തിരഞ്ഞെടുപ്പു വരെ ഈ സംവിധാനം തുടരണം. അതിനു സാധിക്കാതെ വന്നാൽ ശേഷിക്കുന്ന കാലാവധിക്കു മാത്രമായി തിരഞ്ഞെടുപ്പ് നടത്തണം. പൊതുപണം ലാഭിക്കുക, സർക്കാർ സംവിധാനങ്ങൾ - സുരക്ഷാ സേന എന്നിവയ്ക്കു മേലുള്ള സമ്മർദ്ദം കുറയ്ക്കുക, തിരഞ്ഞെടുപ്പുകൾ അടിക്കടി നടക്കുന്നതു കാരണം ഭരണനടപടികളിൽ കാലതാമസം ഉണ്ടാകുന്നത് തടയുക എന്നീ നേട്ടങ്ങൾ ഉണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.

ജസ്റ്റിസ് റിതുരാജ് അവസ്‌തിയുടെ നേതൃത്വത്തിലുള്ള കമ്മിഷനാണ് റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്. ബി.ജെ.പിയുടെ സങ്കുചിത രാഷ്ട്രീയ താത്‌പര്യമാണ് ഒറ്റ തിരഞ്ഞെടുപ്പെന്ന നിർദ്ദേശത്തിനു പിന്നിൽ. സംസ്ഥാനങ്ങളിൽ ഗവർണമാരുടെയും, കേന്ദ്ര സർക്കാരിന്റെയും ഇടപെടൽ വർദ്ധിക്കാൻ ഇത് ഇടയാക്കും. രാഷ്ട്രപതിക്ക് എക്സിക്യുട്ടീവ് അധികാരങ്ങൾ പിൻവാതിൽ വഴി നൽകാനുള്ള നിർദ്ദേശങ്ങളും റിപ്പോർട്ടിലുണ്ട്.

Advertisement
Advertisement