പാലത്തിലൊതുങ്ങി പാലായി റഗുലേറ്റർ പരമ്പര-2 കുടിവെള്ളലോറിക്ക് പണം കൊടുത്ത് മുടിഞ്ഞ് കയ്യൂർ ചീമേനിയും കരിന്തളവും

Thursday 16 May 2024 10:32 PM IST

നീലേശ്വരം: തേജസ്വനി അതിരിട്ടൊഴുകുന്നുണ്ടെങ്കിലും കയ്യൂർ ചീമേനി,​ കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്തുകളും നീലേശ്വരം നഗരസഭയുടെ തീരദേശവും കടുത്ത വരൾച്ചാബാധിത മേഖലയാണ്. വേനൽ കടുത്താൽ കുടിവെള്ളലോറികൾ എത്തണം. കുടിവെള്ളവിതരണത്തിന്റെ കരാർ ഏറ്റെടുക്കുന്നവർക്ക് കൃത്യസമയത്ത് പണം നൽകണം. ഈ മൂന്ന് തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്ക് പുറമെ ചെറുവത്തൂരിനും മടിക്കൈയ്ക്കും വെസ്റ്റ് എളേരിക്കും പെരിങ്ങോം വയക്കരക്കുമടക്കം പ്രയോജനപ്പെടുത്താവുന്ന തരത്തിലാണ് പാലായി റഗുലേറ്റർ കം ബ്രിഡ്ജ് വിഭാഗം ചെയ്തത്. പക്ഷെ ഉപ്പുവെള്ളം കയറുകയും ഉദ്ദേശിച്ച രീതിയിൽ ശുദ്ധജലം സംഭരിക്കാൻ സാധിക്കാതെയും റഗുലേറ്റർ ആദ്യവർഷങ്ങളിൽ തന്നെ പരാജയപ്പെട്ടിരിക്കുകയാണ്.

കുടിവെള്ളത്തിന് നീലേശ്വരം ചിലവിട്ടത് പതിനാറു ലക്ഷം

പദ്ധതി സ്ഥിതി ചെയ്യുന്ന നീലേശ്വരം നഗരസഭ കഴിഞ്ഞ വർഷം മാത്രം ലോറിയിൽ കുടിവെള്ളവിതരണത്തിന് ചിലവിട്ടത് 16,20,800 രൂപയാണ്. നഗരസഭയിലെ 19 വാർഡുകളിലേക്ക് കിലോമീറ്ററുകൾ ദൂരമുള്ള പെരിയയിൽ നിന്നാണ് കുടിവെള്ളമെത്തിച്ചത്.വേനൽ കടുത്ത ഈ വർഷത്തെ ചിലവ് ഇതിലുമേറുമെന്നാണ് വിവരം.

രദേശ മേഖലയായ കാര്യങ്കോട്, ചെമ്മാക്കര, കൊയാമ്പുറം, പുറത്തേക്കെ, ആനച്ചാൽ, അഴിത്തല, പാലാത്തടം,വള്ളിക്കുന്ന്, പുത്തരിയടുക്കം, പേരോൽ പ്രദേശങ്ങളിലെല്ലാം ലോറിയിൽ കുടിവെള്ളമെത്തിക്കണം.

അഴിത്തലയിൽ ഇന്നും ദിവസേന 100 രൂപയുടെ കുപ്പിവെള്ളമാണ് പ്രദേശവാസികൾ വാങ്ങുന്നത്. പാലായി റഗുലേറ്റർ ഉപയോഗപ്പെടുത്തിയാൽ നഗരസഭയുടെ കുടിവെള്ളപ്രശ്നം ശാശ്വതമായി പരിഹരിക്കാവുന്നതേയുള്ളു. കയ്യൂർ ചീമേനി പഞ്ചായത്തിലെ 16 വാർഡുകളിലും കുടിവെള്ള ക്ഷാമം രൂക്ഷമാണ്. കാക്കടവ് വാട്ടർ അതോറിറ്റിയുടെ പമ്പിൽ നിന്നാണ് കുടിവെള്ളം എത്തിക്കുന്നത്. രാജീവ് ഗാന്ധി കുടിവെള്ള പദ്ധതിയിലൂടെ കുടിവെള്ളം എത്തിക്കാൻ ശ്രമിച്ചെങ്കിലും അതും ഉദ്ദേശിച്ച ഫലം ലഭിച്ചില്ല.കഴിഞ്ഞവർഷം പഞ്ചായത്തിലെ 16 വാർഡുകളിലായി ചാനടുക്കത്തെ കേരള വാട്ടർ അതോറിറ്റിയുടെ പമ്പിൽ നിന്നും ലോറിയിൽ കുടിവെളളം എത്തിക്കാനായി 42 4887രൂപയോളം ചെലവഴിച്ചു. ഈ വർഷവും ഇപ്പോൾ പഞ്ചായത്തിലെ 16 വാർഡുകളിലും ലോറിയിൽ കുടിവെള്ളം എത്തിച്ചുകൊണ്ടിരിക്കയാണ്.

കിനാനൂർ കരിന്തളം പഞ്ചായത്തിന് കഴിഞ്ഞ വർഷം കുടിവെള്ളവിതരണത്തിന് 10,508 75 രൂപ ചിലവിടേണ്ടിവന്നു. ഭീമനടി മാങ്ങോട് വാട്ടർ അതോറിറ്റിയുടെ പദ്ധതിയിൽ നിന്നാണ് ഇവിടേക്ക് വെള്ളം എത്തിച്ച് കൊണ്ടിരുന്നത്.

കുടിവെള്ളവിതരണചിലവ് (2023)​

നീലേശ്വരം നഗരസഭ 16.20 ലക്ഷം

കയ്യൂർ ചീമേനി 4.24 ലക്ഷം

കിനാനൂർ കരിന്തളം 10.50ലക്ഷം

Advertisement
Advertisement