മൂന്നിടത്ത് കൂടി പക്ഷിപ്പനി , 12,678 പക്ഷികളെ കൊല്ലും

Friday 17 May 2024 1:31 AM IST

ആലപ്പുഴ : ജില്ലയിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ രോഗവ്യാപനം തടയാൻ 12,678 പക്ഷികളെ നാളെ കൊന്ന് നശിപ്പിക്കും. മാവേലിക്കര താലൂക്കിലെ തഴക്കര, കുട്ടനാട് താലൂക്കിലെ തലവടി, ചമ്പക്കുളം എന്നിവിടങ്ങളിൽ കള്ളിംഗ് നടത്താനാണ് ഇന്നലെ കളക്ടർ അലക്‌സ് വർഗീസ് അദ്ധ്യക്ഷതയിൽ നടന്ന അവലോകന യോഗത്തിന്റെ തീരുമാനം.

രോഗ സ്ഥിരീകരണ കേന്ദ്രത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലെ പക്ഷികളെയാണ് നശിപ്പിക്കുക. ജില്ലയിൽ ഈ വർഷം ആറിടങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. ആറ് രോഗവ്യാപന കേന്ദ്രങ്ങളിലായി 57,870 പക്ഷികളെ കൊന്ന് നശിപ്പിച്ചു. കഴിഞ്ഞദിവസം തിരുവല്ല നിരണം താറാവുവളർത്തൽ കേന്ദ്രത്തിലും പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു.

മാവേലിക്കര താലൂക്കിലെ തഴക്കര, കുട്ടനാട് താലൂക്കിലെ തലവടി, ചമ്പക്കുളം എന്നിവിടങ്ങളിലാണ് രോഗം സ്ഥിരീകരിച്ചത്. തഴക്കര, തലവവടി എന്നിവടങ്ങളിൽ താറാവുകളും ചമ്പക്കുളത്ത് കോഴികളിലുമാണ് പക്ഷിപ്പനി. കള്ളിംഗ് സംഘത്തിലുള്ള എല്ലാവരെയും പത്ത് ദിവസം ക്വാറന്റൈനിൽ ഇരുത്താനും തീരുമാനിച്ചു. 13 ആർ.ആർ.ടി സംഘങ്ങളെയാണ് നിയോഗിച്ചിരിക്കുന്നത്.

കൊല്ലുന്ന പക്ഷികളുടെ എണ്ണം

തലവടി : 4074

ചമ്പക്കുളം: 300

തഴക്കര : 8304

പ്രതിരോധ നടപടികൾ ദുർബലം:

ഓൾ കേരള പൗൾട്രി ഫെഡറേഷൻ
ജില്ലയിൽ 12 വർഷമായി 20ലധികം തവണ പക്ഷിപ്പനി റിപ്പോർട്ട് ചെയ്തിട്ടും ഫലപ്രദമായ മുൻകരുതൽ നടപടി സ്വീകരിക്കുന്നതിന് പകരം പൗൾട്രി ഉത്പന്നങ്ങൾക്ക് നിരോധനം ഏർപ്പെടുത്തുകയാണെന്ന് ആൾ കേരള പൗൾട്രി ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി കുറ്റപ്പെടുത്തി. രണ്ട് താലൂക്കുകളിലെ ജലാശയങ്ങളിലെ താറാവുകളെ മാത്രം ബാധിക്കുന്ന രോഗത്തിന്റെ പേരിൽ ജില്ല ഒട്ടാകെ വിവിധ താലൂക്കുകളിൽ കോഴിയിറച്ചിക്ക് ഉൾപ്പെടെ നിരോധനം ഏർപ്പെടുത്തി കോഴി കർഷകരെ പ്രതിസന്ധിയിലാക്കി. സാംക്രമിക രോഗങ്ങൾ വരാതിരിക്കാനുള്ള മുൻകരുതൽ നടപടികൾ ജില്ലാ ഭരണകൂടം സ്വീകരിക്കണമെന്ന് ഓൾ കേരള പൗൾട്രി ഫെഡറേഷൻസം സ്ഥാന പ്രസിഡന്റ് എം.താജുദ്ദീൻ, സംസ്ഥാന ജനറൽ സെക്രട്ടറി എസ്.കെ.നസീർ, ട്രഷറർ രവീന്ദ്രൻ എന്നിവർ ആവശ്യപ്പെട്ടു.

Advertisement
Advertisement