ലഹരി പദാർത്ഥങ്ങൾ സുലഭം ഉറക്കം നഷ്ടപ്പെട്ട് മലയോര മേഖല

Friday 17 May 2024 3:36 AM IST

വെള്ളറട: അമ്പൂരിയിലും പരിസരപ്രദേശങ്ങളിലും മാസങ്ങളായി ലഹരി- കഞ്ചാവ് മാഫിയകൾ പിടിമുറുക്കിയിരിക്കുകയാണ്. സമാധാന ജീവിതത്തിന് ഭീഷണിയായി ഇക്കൂട്ടർ വളരുമ്പോഴും പൊലീസ് നിഷ്ക്രിയമാണെന്നാണ് ആക്ഷേപം. 17നും 22നുമിടയിൽ പ്രായമുള്ളവരാണ് ഈ സംഘത്തിൽ ഏറെയും. അമ്പൂരി ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കഞ്ചാവും മയക്കുമരുന്നും സുലഭമാണ്. ചൊവ്വാഴ്ച ആക്രമണമുണ്ടായ കണ്ണന്നൂരിൽ മുമ്പും ലഹരി സംഘങ്ങൾ അക്രമം നടത്തിയിട്ടുണ്ട്.

വീര്യം കൂടിയ ഇഞ്ചക്ഷനുകളും ലഹരി ഗുളികകളുമാണ് ഇവർ ഉപയോഗിക്കുന്നത്. സ്വബോധമില്ലാത്ത യുവാക്കൾ സ്ത്രീകളടക്കമുള്ളവരെ ആക്രമിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ലഹരി സംഘങ്ങളെ തുരത്താൻ ഗ്രാമപഞ്ചായത്ത് അധികൃതർ പൊലീസിന്റെയും എക്സൈസിന്റെയും സഹായം തേടിയെങ്കിലും ഫലമുണ്ടായില്ല. തമിഴ്നാട്ടിൽ നിന്ന് അതിർത്തി കടന്നാണ് ലഹരി വസ്തുക്കൾ മലയോര ഗ്രാമങ്ങളിലെത്തുന്നത്. രഹസ്യ ഗോഡൗണുകളിൽ സൂക്ഷിച്ചാണ് ഇവയുടെ വില്പന. വിദ്യാർത്ഥികളാണ് ഇവരുടെ ലക്ഷ്യം. ലഹരി മാഫിയയ്ക്കെതിരെ പൊലീസ് കണ്ണടയ്ക്കുകയാണെന്നും കണ്ണന്നൂരിൽ അക്രമം നടന്ന് ഏറെ വൈകിയാണ് പൊലീസ് സ്ഥലത്തെത്തിയതെന്നും നാട്ടുകാർ പരാതിപ്പെട്ടു.

ഇന്ന് ജാഗ്രതാസമിതി യോഗം

ലഹരി പ്രശ്നത്തിന് പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇന്ന് ഉച്ചയ്ക്ക് 1.30ന് അമ്പൂരി ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ജാഗ്രതാസമിതി യോഗം ചേരുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വത്സല രാജു പറഞ്ഞു. പൊലീസ്,​ എക്സൈസ്,​ വനം വകുപ്പ് ഉദ്യോഗസ്ഥരും രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളും പങ്കെടുക്കും.

Advertisement
Advertisement