ലഹരി ഉപയോഗിച്ചിട്ടുണ്ടോ, അതോ മരിച്ചോ; തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ മഹുവ
Friday 17 May 2024 12:39 AM IST
കൊൽക്കത്ത: പശ്ചിമബംഗാൾ സർക്കാരിനെതിരെ മുല്ല, മദ്രസ, മാഫിയ പദപ്രയോഗങ്ങൾ നടത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ നടപടിയെടുക്കാത്ത തിരഞ്ഞെടുപ്പ് കമ്മിഷനെ രൂക്ഷമായി വിമർശിച്ച് തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥി മഹുവ മൊയ്‌ത്ര.
നിങ്ങൾ ലഹരിക്ക് അടിമയാണോ, അതോ മരിച്ചോയെന്ന് കമ്മീഷനോട് മഹുവ ചോദിച്ചു. മോദിയുടെ പെരുമാറ്റച്ചട്ടമായ വെറുപ്പ്, വിഭജനം, കൊലപാതകം എന്നിവ നിങ്ങളുടെ മാർഗനിർദ്ദേശമായോ എന്ന ചോദ്യവും എക്സിലൂടെ കമ്മിഷനോട് മഹുവ ഉന്നയിച്ചു.
ബംഗാളിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു അമിത് ഷാ തൃണമൂൽ കോൺഗ്രസിനെ കടന്നാക്രമിച്ചത്. ഇമാമുമാർക്ക് ഓണറേറിയം നൽകുന്ന ബംഗാൾ സർക്കാരിന്റെ നടപടിയെ അദ്ദേഹം വിമർശിച്ചിരുന്നു. മുല്ല, മദ്രസ, മാഫിയ എന്നിവർക്ക് വേണ്ടിയാണ് സർക്കാർ പ്രവർത്തിക്കുന്നതെന്നും ഷാ പറഞ്ഞിരുന്നു.