അരുണാചൽ പെൺവാണിഭ റാക്കറ്റ്; 21 അറസ്റ്ര്

Friday 17 May 2024 1:04 AM IST


ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ പെൺവാണിഭ റാക്കറ്റിൽ സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെടെ 21 പേർ അറസ്റ്റിൽ. എട്ട് പേർ സർക്കാർ ഉദ്യോഗസ്ഥരാണ്. ഇവരിൽ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടും ഹെൽത്ത് സർവീസ് ഡെപ്യൂട്ടി ഡയറക്ടറും ഉൾപ്പെടുന്നു. റാക്കറ്റിന്റെ തടവിൽ കഴിഞ്ഞിരുന്ന 10 മുതൽ 15 വയസ് വരെ പ്രായമുള്ള അഞ്ച് പെൺകുട്ടികളെ രക്ഷപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. ഹോട്ടലുകളിൽ നടന്ന റെയ്ഡിലാണ് പത്ത് പേർ അറസ്റ്റിലായത്. 11 പേർ പെൺകുട്ടികളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ഹോട്ടലിൽ വന്നവരാണ്. പെൺകുട്ടികൾ ഉൾപ്പെട്ട പെൺവാണിഭ സംഘം സജീവമാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് വ്യാപക റെയ്ഡ് നടത്തുകയായിരുന്നു.

ഇറ്റാനഗറിൽ ബ്യൂട്ടിപാർലർ നടത്തുന്ന രണ്ട് സഹോദരിമാർ വഴിയാണ് റാക്കറ്റ് പ്രവർത്തിച്ചിരുന്നത്. ഇവർ

അയൽസംസ്ഥാനമായ അസാമിലെ ധേമാജിയിൽനിന്ന് പ്രായപൂർത്തിയാകാത്തവരെ സംസ്ഥാനത്തേക്ക് കടത്തുകയായിരുന്നെന്ന് എസ്.പി രോഹിത് രാജ്ബീർ സിംഗ് പറഞ്ഞു.

രണ്ട് സ്ത്രീകളാണ് തങ്ങളെ ഇറ്റാനഗറിലേക്കു കൊണ്ടുവന്നതെന്ന് പെൺകുട്ടികൾ പറഞ്ഞിട്ടുണ്ട്. സ്ത്രീകളെ അറസ്റ്റ് ചെയ്‌തു.  നിലവിൽ പെൺകുട്ടികൾ ഷെൽട്ടർ ഹോമുകളിലാണെന്നും അവിടെ അവർക്ക് കൂടുതൽ മാനസികാരോഗ്യ പരിചരണം നൽകുമെന്നും അധികൃതർ അറിയിച്ചു. അന്വേഷണം ആരംഭിച്ചു.

Advertisement
Advertisement