'ആഗിനെ" ഊതിക്കെടുത്തി പൊലീസ് ഉറഞ്ഞുതുള്ളി ഗുണ്ടകൾ

Friday 17 May 2024 1:18 AM IST

തിരുവനന്തപുരം: ഗുണ്ടകളെയും ക്രിമിനലുകളെയും തുടച്ചുനീക്കാനായി സിറ്റി പൊലീസ് കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച 'ഓപ്പറേഷൻ ആഗ്" (ഓപ്പറേഷൻ എഗൻസ്റ്റ് ആന്റി സോഷ്യൽ ആൻഡ് ഗൂൺസ്) ആളിക്കത്താതെ കെട്ടു. ആഗ് എന്നാൽ ഹിന്ദിയിൽ തീ എന്നാണ് അർത്ഥം.

കഴിഞ്ഞ മാർച്ചിലാണ് പദ്ധതിയുടെ ഒന്നാം ഘട്ടം ആരംഭിച്ചത്. പിടികിട്ടാപ്പുള്ളികളും ക്രിമിനൽ കേസുകളിലെ പ്രതികളും ലഹരി- മാഫിയാ സംഘങ്ങളിലുൾപ്പെട്ടവരുമായ 2,​507 പേരെ അറസ്റ്റുചെയ്‌തു. എന്നാൽ അതോടെ തീകെട്ടു. കുറ്റവാളികളുടെ പേരും ഫോൺ നമ്പറും ഫോട്ടോയും വിരലടയാളവും പൊലീസ് ആസ്ഥാനത്തെ ഡേറ്റാ സെന്ററിന് കൈമാറാനായത് മാത്രമാണ് ഏകനേട്ടം. പിന്നീട് ഓരോ ക്രിമിനലുകളും ഉൾപ്പെട്ട കേസുകളുടെ വിവരശേഖരണത്തിന് തുടക്കം കുറിച്ചെങ്കിലും അതും പാതിവഴിയിൽ നിലച്ചു. ഗുണ്ടകളുടെ ചരിത്രം,​ പ്രവർത്തനങ്ങൾ, ആസ്തിവിവരങ്ങൾ, സുഹൃത്തുക്കൾ, സഹായികൾ, ബന്ധുക്കൾ, പണം നൽകുന്നവർ, ഏറ്റവും അടുപ്പമുള്ളവരുടെ ഫോൺ നമ്പറുകൾ ഉൾപ്പെടെയുള്ള വിവരങ്ങളാണ് ശേഖരിക്കാൻ ലക്ഷ്യമിട്ടിരുന്നത്. ചെറുമീനുകൾ മാത്രമാണ് അതിൽ കുടുങ്ങിയത്.

ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ നേതാക്കളുടെയും തണലിൽ കഴിയുന്ന വമ്പൻ സ്രാവുകളെ തൊട്ടില്ല. ഇത് ഗുണ്ടകൾ മുതലാക്കി. ഗുണ്ടകളെ തൊടാനും അവരുടെ താവളങ്ങളിൽ കടന്നുചെല്ലാനും മുട്ടുവിറച്ച പൊലീസ് തന്നെ 'ഓപ്പറേഷൻ ആഗിനെ" കെടുത്തി. ഓരോ തവണ ഗുണ്ടാആക്രമണങ്ങൾ ഉണ്ടാകുമ്പോഴും 'ആഗിനെ" പൊടിതട്ടിയെടുക്കും. ആവേശം തണുക്കുന്നതോടെ തുടർനടപടികൾ അവസാനിക്കും.

കഴിഞ്ഞ ആറ്റുകാൽ പൊങ്കാല ദിവസം പൊലീസ് വലയത്തിലായിരുന്ന തിരുവനന്തപുരം നഗരത്തിലാണ് ക്രിമിനൽ കേസുകളിൽ മുമ്പ് പ്രതിയായിരുന്ന സതീഷ് എന്ന യുവാവിനെ ഗുണ്ടാസംഘം കൊല്ലാൻ ശ്രമിച്ചത്. സംസ്ഥാനത്തുടനീളം പെരുകുന്ന ഗുണ്ടാആക്രമണങ്ങളും ലഹരിക്കടത്തുമെല്ലാം 'ഓപ്പറേഷൻ ആഗിന്റെ" പൊള്ളത്തരത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.

ആളില്ല, അമിത ജോലിഭാരം
'ആഗ്" അടക്കമുള്ള പദ്ധതികൾ പൂർണമായും നടപ്പാക്കാത്തതിനു കാരണം തങ്ങളുടെ അനാസ്ഥയല്ലെന്നാണ് പൊലീസ് നിലപാട്. സ്റ്റേഷനുകളിലെ അമിത ജോലിഭാരവും ക്രൈം വർക്കിനാവശ്യമായ പൊലീസുകാരുടെ കുറവുമാണ് തുടർനടപടികൾ ഇഴയുന്നതിനുള്ള പ്രധാന കാരണങ്ങളെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു. നഗരത്തിലെ ക്യാമറകളുടെ കുറവും കുറ്റകൃത്യങ്ങൾ അറിയാതെ പോകുന്നതിന് ഇടയാക്കുന്നു. ഒരുലക്ഷം ക്യാമറകൾ വേണ്ട നഗരത്തിൽ 141എണ്ണം മാത്രമാണ് ഉള്ളതെന്നും അതിൽ 121 എണ്ണം മാത്രമാണ് പ്രവർത്തിക്കുന്നതെന്നും സിറ്റി പൊലീസ് കമ്മിഷണർ സി.നാഗരാജു മുമ്പ് പറ‌ഞ്ഞിരുന്നു.

ആഗിന്റെ ലക്ഷ്യങ്ങൾ
ഗുണ്ടകൾക്ക് സാമ്പത്തികമുൾപ്പെടെയുള്ള സഹായങ്ങൾ നൽകുന്നവരെ കണ്ടെത്തുക

ഗുണ്ടാത്താവളങ്ങൾ ഇല്ലായ്മ ചെയ്യുക

ഗുണ്ടകൾക്കെതിരായ നടപടികളിൽ വീഴ്ചവരുത്തുകയും അതിരുവിട്ട സൗഹൃദം പുലർത്തുകയും ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുക

Advertisement
Advertisement