ശത്രുവെന്ന് തെറ്റിദ്ധരിച്ച് സ്വന്തം സൈനികരെ ആക്രമിച്ച് ഇസ്രയേൽ ടാങ്ക്  5 മരണം

Friday 17 May 2024 7:45 AM IST

ടെൽ അവീവ്: വടക്കൻ ഗാസയിലെ ജബലിയയിൽ ശത്രുവെന്ന് തെറ്റിദ്ധരിച്ച് സ്വന്തം സൈനികർക്ക് നേരെ ആക്രമണം നടത്തി ഇസ്രയേലിന്റെ യുദ്ധ ടാങ്ക്. അഞ്ച് സൈനികർ കൊല്ലപ്പെട്ടു. ഏഴ് പേർക്ക് പരിക്കേറ്റു. മൂന്ന് പേരുടെ നില ഗുരുതരമാണ്. ബുധനാഴ്ച രാത്രി ജബലിയ അഭയാർത്ഥി ക്യാമ്പിലെ ദൗത്യത്തിനിടെയിൽ സൈനികർ തമ്പടിച്ചിരുന്ന കെട്ടിടത്തിന് നേരെ മേഖലയിലുണ്ടായിരുന്ന ടാങ്കുകളിലൊന്ന് ശത്രുക്കളെന്ന് കരുതി ഷെല്ലാക്രമണം നടത്തുകയായിരുന്നു.

ടാങ്ക് ഫോഴ്സിലെ അംഗങ്ങളുമായുള്ള വിവര കൈമാറ്റത്തിൽ സംഭവിച്ച പിഴവാണ് അപകടത്തിലേക്ക് നയിച്ചത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. അതേസമയം, തെക്കൻ നഗരമായ റാഫയുടെ കിഴക്കൻ മേഖലകളിൽ നിന്ന് പലായനം ചെയ്തവരുടെ എണ്ണം 5,00,000 ആയി. ജബലിയയിൽ ഹമാസ് വ്യാപക റോക്കറ്റാക്രമണം നടത്തിയതോടെ ഇസ്രയേലിന്റെ ശ്രദ്ധ വീണ്ടും വടക്കൻ ഗാസയിലേക്ക് കേന്ദ്രീകരിച്ചിരിക്കുകയാണ്. ജനവാസ കെട്ടിടങ്ങളും ആംബുലൻസുകളും തകർത്തു.

റാഫയിൽ നിലയുറപ്പിച്ചിട്ടുള്ള ഇസ്രയേൽ ടാങ്കുകൾ ആക്രമണം തുടരുന്നുണ്ടെങ്കിലും കടന്നുകയറ്റം മന്ദഗതിയിലാക്കി. റാഫയിലേക്ക് കൂടുതൽ സൈന്യത്തെ വിന്യസിക്കുമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് അറിയിച്ചു. ഇതിനിടെ, ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 35,270 കടന്നു.

Advertisement
Advertisement