പ്രമുഖ ബ്രാൻഡ് കറിമസാലകൾക്ക് വീണ്ടും വിലക്ക്; നിയന്ത്രണം ഏർപ്പെടുത്തിയത് പിന്നിൽ മറ്റൊരു കാരണം കൂടിയുണ്ട്

Friday 17 May 2024 11:38 AM IST

കാഠ്മണ്ഡു: ഇന്ത്യൻ കറിമസാലകളായ എവറസ്​റ്റിനും എംഡിഎച്ചിനും നേപ്പാളിൽ വിലക്ക്. കറിമസാലകളിൽ ശരീരത്തിന് ഹാനികരമായ എഥിലീൻ ഓക്‌സൈഡിന്റെ അംശം ഉയർന്ന അളവിൽ ഉണ്ടെന്ന വിവരം അടുത്തിടെ പുറത്തുവന്നതിനെ തുടർന്നാണ് നേപ്പാളിലെ ഫുഡ് ടെക്‌നോളജി ആൻഡ് ക്വാളി​റ്റി വകുപ്പ് നിരോധനം ഏർപ്പെടുത്തിയത്. ഇതോടെ കറിമസാലകൾ ഇന്ത്യയിൽ നിന്ന് നേപ്പാളിലേക്ക് ഇറക്കുമതി ചെയ്യുന്നതും വിൽപ്പന നടത്തുന്നതും പൂർണമായും നിരോധിച്ചിട്ടുണ്ട്.

വാർത്തകളെ തുടർന്ന് ഒരാഴ്ച മുൻപ് തന്നെ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി നിയന്ത്രിക്കുകയും വിൽപ്പന നിരോധിക്കുകയും ചെയ്തെന്ന് ഫുഡ് ടെക്‌നോളജി ആൻഡ് ക്വാളി​റ്റി വകുപ്പ് മേധാവി കൃഷ്ണ മഹർജൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. 'രണ്ട് ബ്രാൻഡിലുളള ഉൽപ്പന്നങ്ങളും വിശദ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. അന്തിമ റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്നാണ് നിരോധനം പൂർണമായും ഏർപ്പെടുത്തിയത്. സിംഗപ്പൂരും ഹോങ്കോങ്ങും മുൻപ് തന്നെ ഉൽപ്പന്നങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു'- മഹർജൻ പറഞ്ഞു.

കഴിഞ്ഞ മാസവും എവറസ്​റ്റ് ഫിഷ്കറിമസാലയുടെ വിപണനം നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സിംഗപ്പൂർ ഭരണകൂടം അറിയിപ്പ് നൽകിയിരുന്നു. ഹോങ്കോങ്ങിലെ സെന്റർ ഫോർ ഫുഡ് ആൻഡ് സേഫ്​റ്റി ഏജൻസിയാണ് ഉത്തരവിട്ടിരുന്നത്. മസാലയിൽ എഥിലീൻ ഓക്‌സൈഡിന്റെ അമിത സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി.

മസാല ഇറക്കുമതി ചെയ്യുന്നതിൽ മേൽനോട്ടം വഹിക്കുന്ന എസ് പി മുത്തയ്യ ആൻഡ് സൺസ് പ്രൈവ​റ്റഡ് ലിമി​റ്റഡിനോട് സിംഗപ്പൂരിലെ വിവിധ വിപണന കേന്ദ്രങ്ങളിൽ നിന്നും ഉൽപ്പന്നങ്ങൾ തിരികെ വിളിക്കാനുളള നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നും ഏജൻസി നിർദ്ദേശിച്ചിരുന്നു. കാർഷിക ആവശ്യങ്ങൾക്കും കീടങ്ങളുടെ നശീകരണത്തിനും ഉയർന്ന അളവിൽ ഉപയോഗിക്കുന്ന എഥിലീൻ ഓക്‌സൈഡ് ഭക്ഷണ ഉൽപ്പന്നങ്ങളിൽ ചേർക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ടെന്നും ഏജൻസി വ്യക്തമാക്കിരുന്നു. മസാലകളിലുളള ഈ വസ്തുവിന്റെ സാന്നിദ്ധ്യം മനുഷ്യരിൽ കടുത്ത ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നും ഏജൻസി അറിയിച്ചു.

ഇതോടെ ഇന്ത്യയിലെ വിവിധ മസാല നിർമാണ കമ്പനികളിൽ നിന്നും ഉൽപ്പന്നങ്ങളുടെ സാമ്പിളുകൾ പരിശോധിക്കാൻ രാജ്യത്തെ ഭക്ഷ്യ നിയന്ത്രണ സ്ഥാപനമായ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) തീരുമാനിച്ചു.

Advertisement
Advertisement