ഓൺലൈൻ റമ്മി കളിച്ച് പണം മുഴുവൻ നഷ്‌ടപ്പെട്ടു; ഫിസിയോതെറാപ്പി വിദ്യാർത്ഥി ജീവനൊടുക്കി
ചെന്നൈ: ഓൺലൈൻ റമ്മിയിൽ പണം നഷ്‌ടപ്പെട്ട ഫിസിയോതെറാപ്പി വിദ്യാർത്ഥി വീടിനുള്ളിൽ തൂങ്ങിമരിച്ചു. ചെന്നൈ ജെജെ നഗറിലെ മുനുസ്വാമിയുടെ മകൻ ധനുഷ് കുമാർ (23) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുനെൽവേലിയിലെ മെഡിക്കൽ കോളേജിൽ മൂന്നാം വർഷ ഫിസിയോതെറാപ്പി വിദ്യാർത്ഥിയാണ് ധനുഷ്.
ഓൺലൈനായി റമ്മി കളിക്കുന്ന ശീലം ഇയാൾക്കുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം വീട്ടിലെത്തിയ ധനുഷ് കുമാർ പിതാവ് മുനുസ്വാമിയോട് 24,000 രൂപ ആവശ്യപ്പെട്ടിരുന്നു. ഇത്രയും പണം ഇല്ലാത്തതിനാൽ പിതാവ് കയ്യിലുണ്ടായിരുന്ന 4000 രൂപ മകന് നൽകി.
ശേഷം മുറിയിൽ കയറി കതകടച്ച ധനുഷ് കുമാർ ഏറെ നേരമായിട്ടും പുറത്തുവന്നില്ല. തുടർന്ന് മുനുസ്വാമി കുറുക്കുപ്പേട്ട പൊലീസിനെ വിവരമറിയിച്ചു. പൊലീസെത്തി കതക് പൊളിച്ച് നോക്കിയപ്പോഴാണ് ധനുഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സ്റ്റാൻലി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
മരണത്തിൽ ദുരൂഹതയില്ലെന്നും റമ്മി കളിക്കാൻ പണമില്ലാത്തതാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നും പൊലീസ് പറഞ്ഞു. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്‌കരിക്കും.
ഇതിന് മുമ്പും ഓൺലൈൻ റമ്മി കളിച്ച് നിരവധിപേർ ആത്മഹത്യ ചെയ്‌തിട്ടുണ്ട്. മാസങ്ങൾക്ക് മുമ്പ് പാലക്കാട് കൊല്ലങ്കോട് റമ്മി കളിയിലൂടെയുണ്ടായ ലക്ഷങ്ങളുടെ സാമ്പത്തിക ബാദ്ധ്യതയെ തുടർന്ന് ഗിരീഷ് എന്ന യുവാവ് ആത്മഹത്യ ചെയ്‌തിരുന്നു. ഭാര്യയുടെ 25 പവൻ സ്വർണം വിറ്റ പണവും ജോലിയിലൂടെ ലഭിച്ചിരുന്ന ശമ്പളം മുഴുവനും ഗിരീഷ് ഇതിനുവേണ്ടി ഉപയോഗിച്ചിരുന്നു. കളിക്കാൻ പണം കിട്ടാനായി ഭർത്താവ് മർദ്ദിക്കാറുണ്ടായിരുന്നെന്ന് ഭാര്യ വൈശാഖ പൊലീസിനോട് പറഞ്ഞിട്ടുണ്ട്.
കൊവിഡ് കാലത്ത് വീട്ടിൽ ഒറ്റയ്ക്കായപ്പോൾ നേരം പോകുന്നതിന് വേണ്ടിയാണ് ഗിരീഷ് റമ്മി കളിച്ച് തുടങ്ങിയത്. പിന്നീടത് സ്ഥിരമായി . റമ്മി കളിക്ക് അടിമയായതോടെ കിട്ടുന്ന ശമ്പളം മുഴുവൻ ഇതിനായി ഉപയോഗിച്ചു. പണം തികയാതെ വന്നതോടെ ഭാര്യയുടെ സ്വർണം വിറ്റ് റമ്മി കളി തുടങ്ങി. ഇതിനിടയിൽ അമിത മദ്യപാനവും തുടങ്ങി . ഇതോടെ കടം പെരുകി. ആത്മഹത്യ ചെയ്യുമെന്ന് പലവട്ടം ഗിരീഷ് പറഞ്ഞെങ്കിലും വൈശാഖ അത് ഗൗരവമായി എടുത്തിരുന്നില്ല.
പിന്നീട് റമ്മി കളി നിർത്താൻ പലവട്ടം ആവശ്യപ്പെട്ടിട്ടും ഗിരീഷ് വഴങ്ങിയില്ലെന്ന് മാത്രമല്ല മർദനവും തുടങ്ങി . ഒടുവിൽ കടംകയറി നിൽക്കാൻ പറ്റാത്ത അവസ്ഥയിലാണ് ഗിരീഷ് ആത്മഹത്യ ചെയ്തതെന്നും വൈശാഖ പറഞ്ഞിരുന്നു. ഗിരീഷ് മരിച്ചതോടെ കുഞ്ഞുകുട്ടികളുമായി ഇനി എങ്ങനെ മുന്നോട്ട് പോകുമെന്നറിയാതെ നിൽക്കുകയാണ് വൈശാഖ.