'ചില വിദ്വാൻമാർ തിരഞ്ഞെടുപ്പ് ഫണ്ട് മുക്കി, ആരെയും വെറുതെ വിടില്ല'; ആരോപണവുമായി രാജ്മോഹൻ ഉണ്ണിത്താൻ

Friday 17 May 2024 4:13 PM IST

കാസർകോട്: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫണ്ട് സ്വന്തം പാർട്ടിക്കാർ മുക്കിയെന്ന ആരോപണവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ. കാസർകോട് ലോക്‌സഭാ മണ്ഡലത്തിൽ ബൂത്ത് കമ്മിറ്റികൾക്ക് നൽകാൻ ഏൽപ്പിച്ച പണമാണ് ചില മണ്ഡലം പ്രസിഡന്റുമാർ മുക്കിയതെന്നും പണം തട്ടിയെടുത്തവരെ അറിയാമെന്നും അദ്ദേഹം പറഞ്ഞു. ഡിസിസി ഓഫീസിൽ നടന്ന പരിപാടിയിലാണ് രാജ്മോഹൻ ഉണ്ണിത്താൻ പണം മുക്കിയെന്ന ആരോപണം ഉന്നയിച്ചത്.

പണം മുക്കിയവരെ വെറുതെ വിടില്ലെന്നും നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. 'മണ്ഡലം പ്രസിഡന്റിന് ആവശ്യമുള്ള പൈസ കൊടുത്തിട്ടുണ്ട്. ബ്ലോക്ക് പ്രസിഡന്റിന് ആവശ്യമുള്ള പൈസ കൊടുത്തു. യുഡിഎഫിന് ആവശ്യത്തിനുള്ള പൈസ കൊടുത്തു. ബൂത്തിൽ കൊടുക്കാൻ നൽകിയ പണമാണ് ചില വിദ്വാൻമാർ മുക്കിയത്. അവരെയെല്ലാം ഞങ്ങൾ പിടിച്ചിട്ടുണ്ട്.ഡിസിസി പ്രസിഡന്റിനും ഈ വിവരമറിയാം. അതുകൊണ്ട് ആരെയും വെറുതെ വിടുന്ന പ്രശ്നമില്ല'- രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.

രാജ്മോഹൻ ഉണ്ണിത്താൻ നടത്തിയ പ്രസംഗം ചില കോൺഗ്രസ് പ്രവർത്തകർ ക്യാമറയിൽ പക‌ർത്തിയിരുന്നു. പ്രസംഗത്തിനിടെ ഇതുകണ്ട അദ്ദേഹം ചിത്രീകരിക്കുന്നത് നിർത്താനും ചിത്രീകരിച്ച ഭാഗം ഡിലീറ്റ് ചെയ്യാനും ആവശ്യപ്പെട്ടിരുന്നു. ആ വീഡിയോയാണ് ഇപ്പോൾ പുറത്തായത്.

അതേസമയം, പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതിയുടെ മകന്റെ വിവാഹസൽക്കാരത്തിൽ പങ്കെടുത്തതിനെച്ചൊല്ലി കോൺഗ്രസിൽ വിവാദം ഉയരുന്നതിനിടെ രാജ്‌മോഹൻ ഉണ്ണിത്താനും കെപിസിസി സെക്രട്ടറി ബാലകൃഷ്ണൻ പെരിയയും പോര് മുറുകുകയാണ്. വിവാഹ സൽക്കാരത്തിൽ പങ്കെടുത്തത് എത്ര ഉന്നതനായാലും കോൺഗ്രസിലുണ്ടാകില്ലെന്ന് ഉണ്ണിത്താൻ കഴിഞ്ഞദിവസം ഫെയ്‌സ് ബുക്കിൽ എഴുതിയിരുന്നു. ഇതിനെതിരെ ബാലകൃഷ്ണൻ പെരിയ ഇട്ട ഫെയ്‌സ്ബുക്ക് പോസ്റ്റിൽ ഉണ്ണിത്താനെതിരെ ഗൗരവമേറിയ ആരോപണമാണുള്ളത്.