തമിഴ്‌നാട്ടിൽ കനത്ത മഴ, കുറ്റാലം വെള്ളച്ചാട്ടത്തിൽ മിന്നൽ പ്രളയം, 17കാരനെ കാണാതായി

Friday 17 May 2024 6:41 PM IST

തെങ്കാശി: തെക്കൻ തമിഴ്‌നാട് ഭാഗങ്ങളിൽ കനത്ത മഴ. തെങ്കാശി കുറ്റാലം വെള്ളച്ചാട്ടത്തിൽ മിന്നൽ പ്രളയമുണ്ടായി. പൊടുന്നനെയുള്ള കനത്ത മലവെള്ളപ്പാച്ചിലിൽ തിരുനെൽവേലി സ്വദേശി അശ്വിനെ(17) കാണാതായി. മലവെള്ളം പൊടുന്നനെ കുതിച്ചുവരുന്നതും ചുവട്ടിൽ നിന്ന കുട്ടികളും സ്‌ത്രീകളുമടക്കം ജനങ്ങൾ ചിതറിയോടുന്നതുമായ വീഡിയോ പ്രചരിക്കുന്നുണ്ട്. അശ്വിനായി അഗ്നിരക്ഷാ സേനയും പൊലീസും അന്വേഷണം ആരംഭിച്ചു. അപകട സാദ്ധ്യതയുള്ളതിനാൽ വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിന് നിരോധനം ഏർപ്പെടുത്തി.

അടുത്ത മൂന്ന് ദിവസത്തേക്ക് തമിഴ്‌നാടിന്റെ തെക്കൻ ഭാഗങ്ങളിൽ കനത്ത മഴ മുന്നറിയിപ്പാണ്. ഒപ്പം മണ്ണിടിച്ചിലിനുള്ള സാദ്ധ്യതാ മുന്നറിയിപ്പുമുണ്ട്. നീലഗിരി ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഊട്ടിയടക്കം വിവിധ ടൂറിസ്‌റ്റ് കേന്ദ്രങ്ങളിലേക്കുള്ള യാത്ര മേയ് 18 മുതൽ 20 വരെ നിരോധിച്ചെന്ന് നീലഗിരി ജില്ലാ കളക്‌ടർ എം. അരുണ അറിയിച്ചു.

അതേസമയം കേരളത്തിലും അടുത്ത അഞ്ച് ദിവസത്തേക്ക് വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഓറഞ്ച് അലർട്ട് ആണെങ്കിലും മേയ് 20,21 തീയതികളിൽ റെഡ് അലർട്ടിന് തുല്യമായ മഴ സാദ്ധ്യതയാണ് കൽപ്പിച്ചിരിക്കുന്നത്.

ഓറഞ്ച് അലർട്ട്

17-05-2024 : മലപ്പുറം, വയനാട്

18-05-2024 : പാലക്കാട്, മലപ്പുറം

19-05-2024 : പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി

20-05-2024 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി

21-05-2024 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി

ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു . ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6മി.മി മുതൽ 204.4 മി.മി വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

2024 മെയ് 20, 21 തീയതികളിൽ ചില ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും റെഡ് അലർട്ടിന് സമാനമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

മഞ്ഞ അലർട്ട്

17-05-2024 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട്

18-05-2024 :തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോഴിക്കോട്, വയനാട്

19-05-2024 :തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്

20-05-2024 :തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

21-05-2024 :തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.

Advertisement
Advertisement