താടി ട്രിം ചെയ്യണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്, അതിന് ശേഷം കടയില്‍ വന്‍ തിരക്കെന്ന് കടയുടമ

Friday 17 May 2024 7:09 PM IST

റായ്ബറേലി: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി റായ്ബറേലി മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി എത്തിയപ്പോള്‍ കോളടിച്ചത് പ്രദേശത്തെ ഒരു ബാര്‍ബര്‍ക്ക്. ഏതാനം ദിവസങ്ങള്‍ക്ക് മുമ്പ് മിഥുന്‍ കുമാറിന്റ ന്യൂ മുംബ ദേവി ഹെയര്‍ കട്ടിംഗ് സലൂണില്‍ രാഹുല്‍ ഗാന്ധി എത്തിയത്. താടി ട്രിം ചെയ്യണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടതെന്ന് മിഥുന്‍ പറയുന്നു.

രാഹുല്‍ ഗാന്ധി എത്തിയതിന് ശേഷം കടയില്‍ തിരക്ക് കൂടിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. രാഹുല്‍ ഗാന്ധി അപ്രതീക്ഷിതമായിട്ടായിരുന്നു കടയിലേക്ക് എത്തിയത്. താടിയൊന്ന് ട്രിം ചെയ്യണമെന്നായിരുന്നു രാഹുല്‍ ആദ്യം ആവശ്യപ്പെട്ടത്. എന്റെ കടയിലേക്ക് ഇത്രയും വലിയൊരു നേതാവ് വരുമെന്ന് താന്‍ ഒരിക്കലും ചിന്തിച്ചിട്ട് പോലുമില്ലെന്ന് മിഥുന്‍ കുമാര്‍ പറയുന്നു.

രാഹുലിന്റെ സന്ദര്‍ശനത്തിന് ശേഷം മാദ്ധ്യമങ്ങള്‍ കൂട്ടത്തോടെ തന്റെ കടയിലേക്ക് വരുന്നതായി മിഥുന്‍ പറയുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സമയത്താണ് രാഹുല്‍ വന്നതെങ്കിലും രാഷ്ട്രീയത്തെ കുറിച്ചോ തിരഞ്ഞെടുപ്പിനോ കുറിച്ചോ അല്ല രാഹുല്‍ സംസാരിച്ചത്. നിങ്ങള്‍ക്ക് ഇഷ്ടമുള്ള പാര്‍ട്ടിക്ക് വോട്ടുചെയ്യാനാണ് അദ്ദേഹം നിര്‍ദേശിച്ചത്.

കടയില്‍ വരുന്ന ഉപയോക്താക്കളുടെ എണ്ണം കൂടിയിട്ടുണ്ടെന്ന് ജോലിക്കാരനായ അമാന്‍ കുമാര്‍ പറഞ്ഞു. മുമ്പ് പത്ത് പേരാണ് വന്നിരുന്നതെങ്കില്‍ ഇപ്പോള്‍ പതിനഞ്ച് പേര്‍ വരെ വരുന്നുണ്ടെന്നും അമാന്‍ പറഞ്ഞു. ദേശീയ മാദ്ധ്യമമായ എന്‍ഡിടിവി ആണ് റായ്ബറേലിയിലെ ഈ സലൂണില്‍ രാഹുല്‍ ഗാന്ധി എത്തിയ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.