മമതയുടെ നിരക്ക് പത്ത് ലക്ഷമെന്ന് പരാമര്‍ശം, മുന്‍ ഹൈക്കോടതി ജഡ്ജിക്ക് നോട്ടീസ്

Friday 17 May 2024 8:27 PM IST

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ അഭിജിത്ത് ഗംഗോപാധ്യായയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ്. ഹൈക്കോടതി മുന്‍ ജഡ്ജിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ അഭിജിത്തിന് കാരണംകാണിക്കല്‍ നോട്ടീസാണ് കമ്മീഷന്‍ നല്‍കിയിരിക്കുന്നത്.

ഗംഗോപാധ്യായയ്ക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് പരാതി നല്‍കിയതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി, 'അദ്ദേഹം നടത്തുന്ന അപകീര്‍ത്തികരമായ പ്രസ്താവനകള്‍ അദ്ദേഹത്തിന്റെ അസഭ്യമായ പെരുമാറ്റത്തിന്റെയും സ്ത്രീവിരുദ്ധ മനോഭാവത്തിന്റെയും വ്യക്തമായ ചിത്രമാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.

എത്ര രൂപയ്ക്കാണ് മമത വില്‍ക്കുന്നത്, കീയ സേത്ത് മേക്കപ്പ് ചെയ്യുന്ന നിങ്ങളുടെ നിരക്ക് പത്ത് ലക്ഷമാണ്, നിങ്ങള്‍ ഒരു സ്ത്രീയാണോ തുടങ്ങിയ പരാമര്‍ശങ്ങളാണ് ഗംഗോപാധ്യായ് നടത്തിയത്. മേയ് 15ന് പശ്ചിമ ബംഗാളിലെ ഹാല്‍ദിയയില്‍ ഒരു പൊതുയോഗത്തില്‍ സംസാരിക്കവെയാണ് ഗംഗോപാധ്യായ മമതാ ബാനര്‍ജിക്കെതിരെ ആരോപണം ഉന്നയിച്ചത്.

ഗംഗോപാധ്യായയുടെ അശ്ലീലവും അപരിഷ്‌കൃതവുമായ പരാമര്‍ശങ്ങള്‍ മാന്യതയുടെയും ധാര്‍മ്മികതയുടെയും അടിസ്ഥാനത്തിന് അതീതമാണെന്നും അവ മര്യാദയുടെ അഭാവം മാത്രമല്ല, വനിതാ മുഖ്യമന്ത്രി മമതാ ബാനര്‍ജിയോടുള്ള നഗ്‌നമായ അവഗണനയും പ്രകടിപ്പിക്കുന്നതാണെന്നും തൃണമൂല്‍ കോണ്‍ഗ്രസ് പരാതിയില്‍ ആരോപിച്ചു.