എന്തുകൊണ്ട് മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുന്നില്ല?  കാരണം വെളിപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

Friday 17 May 2024 9:01 PM IST

ന്യൂഡല്‍ഹി: രാജ്യത്തിന്റെ പ്രധാനമന്ത്രിയായി പത്ത് വര്‍ഷം പിന്നിടുമ്പോഴും ഒരു വാര്‍ത്താ സമ്മേളനം പോലും നടത്തിയിട്ടില്ല, മാദ്ധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ ഭയന്നിട്ടാണ് ഇത്. തനിക്കെതിരെ പ്രതിപക്ഷം ഉന്നയിക്കുന്ന ഈ ആരോപണത്തിന് മറുപടി നല്‍കിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇപ്പോള്‍.

മാദ്ധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ഒരു രീതിയില്‍ മാത്രമാണ്. ഈ രീതിയോടൊരിക്കലും തനിക്ക് താത്പര്യം തോന്നിയിട്ടില്ലെന്നും അതുകൊണ്ടാണ് വാര്‍ത്താ സമ്മേളനങ്ങള്‍ നടത്താനോ അഭിമുഖങ്ങള്‍ നല്‍കാനോ തയ്യാറാകാത്തതെന്നും അദ്ദേഹം പറഞ്ഞു.

മുമ്പ് നിലനിന്നിരുന്ന മാദ്ധ്യമപ്രവര്‍ത്തന രീതിയില്‍ നിന്ന് വലിയ വ്യത്യാസം ഈ മേഖലയില്‍ ഇപ്പോള്‍ വന്നിട്ടുണ്ടെന്നും നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. മാധ്യമങ്ങളുടെ ഈ രീതി പിന്തുടരാന്‍ തനിക്ക് താത്പര്യമില്ല. വേണമെങ്കില്‍ ഉദ്ഘാടനങ്ങളില്‍ പങ്കെടുക്കുകയും മാധ്യമങ്ങളില്‍ വാര്‍ത്താ സമ്മേളനം നടത്തി ചിത്രങ്ങള്‍ പങ്കുവയ്ക്കാം. എന്നാല്‍ താന്‍ അത് ചെയ്യുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ഗ്രാമങ്ങളില്‍പ്പോയി ചെറു പദ്ധതികള്‍ നടപ്പിലാക്കുകയാണ് താന്‍ ചെയ്യുന്നത്. പുതിയ ഒരു സംസ്‌കാരമാണ് താന്‍ പടുത്തുയര്‍ത്തിയത്. മാധ്യമങ്ങള്‍ക്ക് ഇത് വേണമെങ്കില്‍ സ്വീകരിക്കാമെന്ന് മോദി പറഞ്ഞു. എനിക്ക് കഠിനാധ്വാനം ചെയ്യണം. ദരിദ്ര കുടുംബങ്ങളുടെ വീടുകള്‍ സന്ദര്‍ശിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

അതേസമയം, രാജ്യത്തെ മാദ്ധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നത് മോദി സര്‍ക്കാരിന്റെ ഇഷ്ടത്തിനാണെന്നും ഈ മേഖലയില്‍ കോര്‍പ്പറേറ്റ് വത്കരണം നടന്നുവെന്നുമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ കാലങ്ങളായി ആരോപിക്കുന്നത്. ബിജെപി സര്‍ക്കാരിന്റെ മോശം പ്രവര്‍ത്തികള്‍ പൊതുസമൂഹത്തെ അറിയിക്കാന്‍ മാദ്ധ്യമങ്ങള്‍ക്ക് ഭയമാണെന്നും പ്രതിപക്ഷം ആരോപിക്കാറുണ്ട്.