മണ്ണിനെ അടുത്തറിയാൻ അവസരമൊരുക്കി സോയിൽ മ്യൂസിയം

Saturday 18 May 2024 3:01 AM IST

തിരുവനന്തപുരം: അന്താരാഷ്ട്ര മ്യൂസിയം ദിനത്തോടനുബന്ധിച്ച് പരുത്തിപ്പാറ പാറോട്ടുകോണത്ത് സോയിൽ മ്യൂസിയത്തെക്കുറിച്ച് മനസിലാക്കാനുള്ള പ്രദർശനമൊരുക്കി സംസ്ഥാന സോയിൽ മ്യൂസിയം ആൻഡ് സോയിൽ ഇൻഫർമേഷൻ സെന്റർ. ഇന്ത്യയിലെ ആദ്യത്തേതും മണ്ണ് പരിച്ഛേദികകളുടെ എണ്ണം കൊണ്ട് ഏറ്റവും വലുതുമായ മ്യൂസിയമാണിത്.

മേൽമണ്ണിൽ നിന്ന് രണ്ടുമീറ്റർ താഴ്ചയിൽ കുഴിച്ചാൽ കിട്ടുന്നതാണ് മണ്ണിന്റെ പ്രൊഫൈൽ. ഈ പ്രൊഫൈലും ഇന്ത്യയിലെ വിവിധ കാർഷിക പാരിസ്ഥിതിക മേഖലയിലെ മണ്ണിനങ്ങളുടെ പ്രൊഫൈലുമാണ് ഇവിടെയുള്ളത്. മണ്ണ് പരിശോധനയുമായി ബന്ധപ്പെട്ട വിവരങ്ങൾ,​ മണ്ണിന്റെ അമ്ളത കാരണം ചെടികളിലുണ്ടാവുന്ന ദോഷഫലങ്ങൾ,​ പരിഹാര മാർഗങ്ങൾ,​ പോഷകമൂലകങ്ങളുടെ അഭാവത്തിൽ വിളകളിൽ ഉണ്ടാകുന്ന ന്യൂനത ലക്ഷണങ്ങൾ,​ മണ്ണ് മലിനീകരണത്തിന്റെ ദൂഷ്യവശങ്ങൾ എന്നിവയെക്കുറിച്ചെല്ലാം പ്രദ‍ർശനത്തിൽ നിന്ന് മനസിലാക്കാം.

ലഡാക്ക്,​ രാജസ്ഥാൻ,​ ഡക്കാൺ പീഠഭൂമി,​ തെക്കുകിഴക്കൻ തീരസമതലങ്ങൾ,​ മദ്ധ്യമലനിരകൾ,​ ആൻഡമാൻ- നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിലെ മണ്ണിനങ്ങളിലെ പരിച്ഛേദികയും രാസഭൗതിക പ്രത്യേകതകളും പ്രദർശനത്തിലുണ്ട്. പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10.15 മുതൽ വൈകിട്ട് 5.15 വരെയാണ് പ്രവേശനം. സ്കൂൾ വിദ്യാർത്ഥികൾക്ക് 30ഉം കോളേജ് വിദ്യാർത്ഥികൾക്ക് 40 രൂപയുമാണ് ഫീസ്. പൊതുജനങ്ങൾക്ക് 50 രൂപ. 35 പേരടങ്ങുന്ന വിദ്യാർത്ഥി ഗ്രൂപ്പിന് ഇളവ് ലഭിക്കും. നാലുപേരടങ്ങുന്ന ഫാമിലി ടിക്കറ്റിന് 50 രൂപയാണ് നിരക്ക്.

Advertisement
Advertisement