ഇന്ന് അന്താരാഷ്ട്ര മ്യൂസിയം ദിനം, കഥയുടെ കാവൽപ്പുരകൾ

Saturday 18 May 2024 12:09 AM IST

വർത്തമാനത്തിലേക്കും ഭാവിയിലേക്കുമുള്ള വെളിച്ചമാണ് ഭൂതകാലം. വർത്തമാനകാലത്തു നിന്ന് ആയിരക്കണക്കിന് വർഷം പിന്നിലേക്ക് നീണ്ടുകിടക്കുന്ന മനുഷ്യ ചരിത്രവീഥികളിലെ പ്രകാശഗോപുരങ്ങളാണ് മ്യൂസിയങ്ങൾ. അവ നമ്മെ ഇന്നലെകളുടെ പാഠങ്ങൾ ഓർമ്മിപ്പിച്ചുകൊണ്ട് ഭാവിയുടെ നൂതന മേഖലകളിലേക്ക് നയിക്കുന്നു. മ്യൂസിയങ്ങളെ വെറും കാഴ്ചബംഗ്ളാവുകളായി കണ്ടിരുന്ന പഴയ കാലം മാറി, അറിവിന്റെയും ചരിത്രയാഥാർത്ഥ്യങ്ങളുടെയും നേർസാക്ഷ്യങ്ങളാണ് അവയെന്ന് ഇപ്പോൾ നമ്മൾ തിരിച്ചറിയുന്നു.

നമ്മുടെ മഹത്തായ പൈതൃകങ്ങളെയും ചരിത്രത്തെയും തിരോഭൂതമാക്കാനുള്ള ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്ന വർത്തമാനകാലത്ത് മ്യൂസിയങ്ങളുടെ പ്രസക്തി വർദ്ധിക്കുകയാണ്. കഥ പറയുന്ന മ്യൂസിയങ്ങൾ എന്നതാണ് ആധുനിക മ്യൂസിയം സങ്കല്പം. ഇവിടെ ഓരോ മ്യൂസിയവും പറയുന്ന കഥകൾ കാല്പനികമല്ല, മറിച്ച് അവിടത്തെ പ്രദർശനവസ്തുക്കളുടെ നേർസാക്ഷ്യങ്ങളുടെ പിൻബലമുള്ളവയാണ്. അതുകൊണ്ടുതന്നെ യഥാർത്ഥ ചരിത്ര വസ്തുതകളുടെ വീണ്ടെടുപ്പിന്റെ കേന്ദ്രങ്ങൾ കൂടിയാണ് അവ. സങ്കുചിതവും വിഭാഗീയവുമായ പരിഗണനകൾക്ക് അതീതമായ അനുഷ്ഠാനങ്ങളെന്ന നിലയിൽ മ്യൂസിയങ്ങൾ സത്യം മാത്രം പറയുന്ന ഇടങ്ങളാണ്.

പൈതൃകത്തിന്റെ

ചരിത്ര നിർമ്മിതി

പൈതൃകത്തിന്റെ ഈ കാവൽപ്പുരകളെയും അതിൽ പ്രദർശിപ്പിക്കപ്പെടുന്ന വസ്തുക്കളെയും അക്കാദമിക ഗവേഷണങ്ങൾക്ക് ഉപയുക്തമാക്കിക്കൊണ്ട് ചരിത്രനിർമ്മിതിക്ക് ഉതകുംവിധം ഇപ്പോൾ പ്രയോജനപ്പെടുത്തിവരുന്നു. 1872-ൽ ഫ്രഞ്ച് നാഷണൽ കമ്മിഷൻ, മ്യൂസിയങ്ങൾ സമൂഹത്തിന്റെ സ്വത്താണെന്ന് പ്രഖ്യാപിച്ചു. മ്യൂസിയം ശാസ്ത്രം ഒരു പ്രത്യേക ശാഖയായി വളർന്നു. തുടർന്ന് ലോകമെമ്പാടുമുള്ള മ്യൂസിയം പ്രവർത്തകർ ഒത്തുചേർന്ന് ഇന്റർനാഷണൽ കൗൺസിൽ ഒഫ് മ്യൂസിയം (ICOM) എന്ന സംഘടനയ്ക്ക് രൂപം നൽകുകയും ഈ സംഘടനയുടെ നേതൃത്വത്തിൽ 1977 മുതൽ എല്ലാ വർഷവും ഈ ദിവസം (മേയ് 18) അന്താരാഷ്ട്ര മ്യൂസിയം ദിനമായി ആചരിച്ചുവരികയും ചെയ്യുന്നു.

1992 മുതൽ ഈ ദിനത്തിൽ ഒരു വാർഷിക പ്രമേയം പ്രഖ്യാപിക്കുന്നുണ്ട്. മൃഗങ്ങളും പരിസ്ഥിതിയും എന്നതായി​രുന്നു ആദ്യ പ്രമേയം. തുടർന്ന്, ഓരോ വർഷവും വ്യത്യസ്ത ആശയങ്ങൾ പ്രഖ്യാപിക്കപ്പെടുന്നതി​ന്റെ ഭാഗമായി​ 'മ്യൂസിയങ്ങൾ വിദ്യാഭ്യാസത്തിനും ഗവേഷണത്തിനും" എന്ന ആശയമാണ് ഈ വർഷത്തെ മ്യൂസിയംദിന പ്രമേയമായി അംഗീകരിച്ചിട്ടുള്ളത്. മ്യൂസിയങ്ങളുടെ സൃഷ്ടിപരമായ അഭിലാഷങ്ങളും പരിശ്രമങ്ങളും കൂടുതൽ ഏകീകരിക്കാനും സാമൂഹ്യവികാസത്തിൽ മ്യൂസിയങ്ങളുടെ പ്രസക്തിയെക്കുറിച്ചും ഈ രംഗത്തെ വെല്ലുവിളികളെക്കുറിച്ചും അവബോധം സൃഷ്ടിക്കാനുമാണ് ഈ ദിനാചരണംകൊണ്ട് ഉദ്ദേശിക്കുന്നത്.

ആദ്യ മ്യൂസിയം

ജനിക്കുന്നു

1814-ൽ സ്ഥാപിക്കപ്പെട്ട കൽക്കട്ട ഇന്ത്യൻ മ്യൂസിയമാണ് ഇന്ത്യയിലെ ആദ്യ മ്യൂസിയം. കേരളത്തിൽ ആദ്യമായി പൊതുജനങ്ങൾക്കായി ഒരു മ്യൂസിയം സ്ഥാപിക്കപ്പെട്ടത് 1857-ൽ തിരുവിതാംകൂറിലായിരുന്നു. ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മയുടെ കാലത്ത് ബ്രിട്ടീഷ് ഭൗതിക ശാസ്ത്രജ്ഞനും തിരുവിതാംകൂർ വാനനിരീക്ഷണ കേന്ദ്രം ഡയറക്ടറുമായിരുന്ന അലൻ ബ്രൗൺ ആയിരുന്നു ഇതിനു പിന്നിൽ. അദ്ദേഹത്തിന്റെ സ്വകാര്യ പുരാവസ്തു ശേഖരവുമായി ആരംഭിച്ച ഈ മ്യൂസിയം പിന്നീട് 1880-ൽ ആയില്യം തിരുനാൾ മഹാരാജാവിന്റെ കാലത്ത് നേപ്പിയർ മ്യൂസിയമായി പരിവർത്തനം ചെയ്യപ്പെട്ടു.

തലസ്ഥാന നഗരഹൃദയത്തിൽ, ഇൻഡോ - മുഗൾ ശൈലിയിൽ പ്രശസ്ത ബ്രിട്ടീഷ് വാസ്തുശില്പി റോബർട്ട് ചിഷോം രൂപകല്പന ചെയ്തു നിർമ്മിച്ച ഈ പൈതൃക മന്ദിരം തന്നെ ഒരു മ്യൂസിയമാണ്. കോയിക്കൽ കൊട്ടാരം മ്യൂസിയം, തൃശൂർ കൊല്ലംകോട് മ്യൂസിയം, കായംകുളം കൃഷ്ണപുരം കൊട്ടാരം മ്യൂസിയം, കോഴിക്കോട് പഴശ്ശിരാജ മ്യൂസിയം, വയനാട് പഴശ്ശികുടീരം എന്നിവ നവീകരിക്കുകയും മലപ്പുറം തിരൂരങ്ങാടി പൈതൃക മ്യൂസിയം, പയ്യന്നൂർ ഗാന്ധിസ്മൃതി മ്യൂസിയം എന്നിവ പുതുതായി സ്ഥാപിക്കുകയും ചെയ്തു.

മ്യൂസിയങ്ങൾ

വളരുന്നു

ലോകത്തു തന്നെ അപൂർവവും അത്ഭുതമുളവാക്കുന്നതുമായ താളിയോലകളുടെ നിധിശേഖരമാണ് സംസ്ഥാന ആർക്കൈവ്‌സ്. ഇവയുടെ ശാസ്‌ത്രീയ സംരക്ഷണത്തിനു പുറമെ ഈ വർഷത്തെ മ്യൂസിയംദിന പ്രമേയത്തിന് അനുഗുണമായി, ഒരു അന്താരാഷ്ട്ര പഠന ഗവേഷണ കേന്ദ്രത്തിന്റെ നിർമ്മാണം കാര്യവട്ടം കാമ്പസിൽ പുരോഗമിക്കുകയുമാണ്. ഇതോടൊപ്പം തന്നെ സംസ്ഥാന പുരാരേഖാ വകുപ്പിനു കീഴിൽ വൈക്കം സത്യഗ്രഹ സ്മാരക മ്യൂസിയം, താളിയോല മ്യൂസിയം, കയ്യൊപ്പ് രേഖാലയം എന്നിവ സ്ഥാപിച്ചു. കൂടാതെ ജില്ലകളിൽ ഹെറിറ്റേജ് സെന്ററുകൾ സ്ഥാപിച്ചുവരുന്നു.

സംസ്ഥാനത്തു തന്നെ വിവിധ വകുപ്പുകൾക്കു കീഴിൽ വ്യത്യസ്തങ്ങളായ മ്യൂസിയങ്ങൾ സ്ഥാപിച്ചുവരുന്നുണ്ട്. ഇത്തരം മ്യൂസിയങ്ങൾ സ്ഥാപിക്കുന്നതിനും പരിപാലിക്കുന്നതിനുമായി സർക്കാർ തന്നെ 'കേരളം മ്യൂസിയം" എന്നൊരു നോഡൽ ഏജൻസി​ രൂപീകരി​ച്ച് അതി​ന്റെ മേൽനോട്ടത്തി​ലാണ് മ്യൂസി​യങ്ങൾ സജ്ജീകരി​ച്ചുവരുന്നത്. മ്യൂസി​യം സ്ഥാപനത്തി​ലും പരി​പാലനത്തി​ലും ശ്രദ്ധേയമായ നേട്ടങ്ങളാണ് 'കേരളം മ്യൂസിയം" ഈ കാലയളവി​ൽ കൈവരി​ച്ചത്. നേരത്തേ തി​രുവനന്തപുരം, എറണാകുളം, തൃശൂർ, കോഴി​ക്കോട് തുടങ്ങി ചി​ല ജി​ല്ലകളി​ൽ മാത്രം ഒതുങ്ങി​നി​ന്നി​രുന്ന നമ്മുടെ മ്യൂസി​യം ശൃംഖലയെ സംസ്ഥാനത്തുടനീളം വ്യാപി​പ്പി​ക്കാൻ കഴിഞ്ഞത് ഒന്നാം പിണറായി സർക്കാരിന്റെ കാലം മുതലാണ്.

വരും,​ കൂടുതൽ

മ്യൂസിയങ്ങൾ

സംസ്ഥാന മ്യൂസിയം വകുപ്പി​നു കീഴി​ൽത്തന്നെ തിരുവനന്തപുരം മ്യൂസി​യം കോമ്പൗണ്ടി​ലുള്ള മുഴുവൻ ഗാലറി​കളും അന്താരാഷ്ട്ര നി​ലവാരത്തി​ൽ നവീകരി​ക്കപ്പെട്ടു. നവീകരണത്തി​ലൂടെ നാച്ചുറൽ ഹി​സ്റ്ററി​ മ്യൂസിയത്തെ ഇന്ത്യയി​ലെ തന്നെ മി​കച്ചതാക്കി​ മാറ്റി​. വ്യത്യസ്തങ്ങളായ കഥ പറയുന്ന മ്യൂസി​യങ്ങൾ സംസ്ഥാനത്തി​ന്റെ വി​വി​ധ ഭാഗങ്ങളി​ൽ സ്ഥാപി​ക്കുന്നതി​നുള്ള പദ്ധതി​കൾ നടപ്പി​ലാക്കി​. കണ്ണൂർ കൈത്തറി​ മ്യൂസി​യം, പെരളശ്ശേരി​ എ.കെ.ജി​ സ്മൃതി​ മ്യൂസി​യം, ചന്തപ്പുര തെയ്യം മ്യൂസി​യം, വയനാട് കങ്കി​ച്ചി​റ മ്യൂസി​യം, ചെമ്പതൊട്ടി​ ബി​ഷപ്പ് വള്ളോപ്പള്ളി​ സ്മാരക മ്യൂസി​യം എന്നി​വ ഇവയിൽ ഉൾപ്പെടുന്നു. കോഴി​ക്കോട് കൃഷ്ണമേനോൻ മ്യൂസി​യവും തൃശൂർ മ്യൂസി​യവും നവീകരി​ച്ചു. മഹാനായ ചി​ത്രകാരൻ രാജാരവി​വർമ്മ വരച്ച ചി​ത്രങ്ങളുടെ അമൂല്യ നിധിശേഖരമാണ് നമ്മുടെ ആർട്ട് ഗാലറി​. അവയുടെ പ്രദർശനത്തി​നായി​ ആധുനി​ക രീതി​യി​ലുള്ള ഒരു ഗാലറി​ തന്നെ പുതുതായി​ നി​ർമ്മി​ച്ചുവെന്നു മാത്രമല്ല, ചി​ത്രങ്ങളുടെ ശാസ്ത്രീയ സംരക്ഷണത്തി​നായി ഒരു കൺ​സർവേഷൻ ലബോറട്ടറി​യും സ്ഥാപി​ച്ചു.

സംസ്ഥാന പുരാവസ്തു വകുപ്പി​നു കീഴി​ലുള്ള പത്മനാഭപുരം കൊട്ടാരം പോലുള്ള സംരക്ഷി​ത സ്മാരകങ്ങൾ തന്നെ മി​കവുറ്റ മ്യൂസി​യങ്ങളാണ്. അത്തരം കേന്ദ്രങ്ങളി​ലും അവയുടെ തന്നെ കഥപറയുന്ന പുരാവസ്തു ചരി​ത്ര മ്യൂസി​യങ്ങൾ നവീകരി​ക്കപ്പെട്ടു. എല്ലാ ജി​ല്ലകളി​ലും ജി​ല്ലാ പൈതൃക മ്യൂസി​യങ്ങൾ എന്ന പദ്ധതി​ സർക്കാർ ആവി​ഷ്കരി​ച്ച് നടപ്പാക്കി​വരികയാണ്. സംസ്ഥാന മ്യൂസി​യം, ജി​ല്ലാ പൈതൃക മ്യൂസി​യങ്ങൾ, പ്രാദേശി​ക മ്യൂസി​യങ്ങൾ എന്നി​ങ്ങനെ വ്യത്യസ്തങ്ങളായ കഥകൾ പറയുന്ന നവീനമായ ഒരു മ്യൂസി​യം ശൃംഖല തന്നെയാണ് സംസ്ഥാനത്ത് വളർന്നുവരുന്നത്.

മ്യൂസിയങ്ങളെ അവലോകനം ചെയ്യുന്നതിനും മാർഗനിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിനുമായി മ്യൂസിയം കമ്മിഷനെ നിയമിക്കുമെന്ന ഇടതുമുന്നണി പ്രകടനപത്രികയിലെ വാഗ്ദാനം നടപ്പാക്കുന്നതിനുള്ള പ്രാഥമിക നടപടികൾ സ്വീകരിച്ചുവരികയാണ്.

അറിവിന്റെ കേന്ദ്രങ്ങളും ചരിത്ര സത്യങ്ങളുടെ സൂക്ഷിപ്പുകേന്ദ്രങ്ങളുമായ മ്യൂസിയങ്ങൾ സമൂഹത്തിന്റെ സ്വത്താണെന്ന് ഓരോരുത്തരും തിരിച്ചറിയണം. വിദ്യാഭ്യാസ പ്രക്രിയയിൽ മ്യൂസിയം സന്ദർശനവും പഠനപ്രവർത്തനങ്ങളുടെ ഭാഗമായ ഗവേഷണങ്ങളുടെ കേന്ദ്രമായി മ്യൂസിയങ്ങൾ മാറുന്നതും ഈ രംഗത്ത് പുതിയ ഉണർവുണ്ടാക്കും. കേട്ടുപഠിക്കുന്നതിനേക്കാൾ എന്തുകൊണ്ടും നല്ലതും പ്രയോജനകരവുമാണല്ലോ കണ്ടുപഠിക്കുന്നത്. അതിനുള്ള മികച്ച കേന്ദ്രങ്ങളെന്ന നിലയിൽ മ്യൂസിയങ്ങൾ സമഗ്ര വിദ്യാഭ്യാസത്തിനും അക്കാദമിക പുരോഗതിക്കും ചരിത്ര ഗവേഷണങ്ങൾക്കും എങ്ങനെയെല്ലാം ഉപയുക്തമാക്കാമെന്ന ചിന്തയാണ് ഈ മ്യൂസിയം ദിനം ഉണർത്തുന്നത്.

ഇന്ത്യൻ മ്യൂസിയം,​
കൊൽക്കത്ത

 ഇന്ത്യയിലെ ആദ്യ മ്യൂസിയം. ഏഷ്യാറ്റിക് സൊസൈറ്റി ഒഫ് ബംഗാളിന്റെ ആഭിമുഖ്യത്തിൽ 1814-ൽ സ്ഥാപിക്കപ്പെട്ടു. സ്വാതന്ത്ര്യലബ്ധിക്കു മുമ്പത്തെ പേര് ഇംപീരിയൽ മ്യൂസിയം. സ്ഥാപക ക്യുറേറ്റർ: ഡാനിഷ് ശസ്ത്രക്രിയാ വിദഗ്ദ്ധനും സ സ്യശാസ്ത്രജ്ഞനുമായ നഥാനിയേൽ വാലിഷ്. പഴക്കംകൊണ്ട് ലോകത്ത് ഒമ്പതാം സ്ഥാനം.

 ഭാരതീയ കലയും സംസ്കാരവും,​ പുരാവസ്തുശാസ്ത്രം,​ നരവംശശാസ്ത്രം,​ ഭൂവിജ്ഞാനീയം,​ ജന്തുശാസ്ത്രം,​ സാമ്പത്തിക സസ്യശാസ്ത്രം എന്നിങ്ങനെ ആറു വിഭാഗങ്ങളിലായി 35 ഗ്യാലറികൾ. പുരാവസ്തുക്കൾ,​ ആയുധങ്ങൾ,​ ആഭരണങ്ങൾ,​ ഫോസിലുകൾ,​അസ്ഥികൂടങ്ങൾ,​ സംസ്കരിച്ച് സൂക്ഷിച്ചിരിക്കുന്ന ജന്തുശരീരങ്ങൾ,​ മുഗൾ കാലഘട്ടത്തിലെ ചിത്രരചനകൾ എന്നിവയുടെ അപൂർവ ശേഖരം ഉൾക്കൊള്ളുന്നു.

 നഥാനിയേൽ വാലിഷ്: ഇന്ത്യൻ മ്യൂസിയത്തിന്റെ സ്ഥാപക ക്യുറേറ്റർ. ഡാനിഷ് വംശജൻ. കോപ്പൻഹേഗനിൽ 1786-ൽ ജനനം. റോയൽ അക്കാഡമി ഒഫ് സർജൻസിൽ പരിശീലനം പൂർത്തിയാക്കിയെങ്കിലും പ്രൊഫസർമാർ അദ്ദേഹത്തിന് സസ്യവിജ്ഞാനീയത്തിൽ പ്രത്യേക പരിശീലനം നല്കി.

 ബംഗാളിലെ സെറാംപൂരിൽ ഡാനിഷ് സെറ്റിൽമെന്റിൽ 1807-ൽ സർജൻ ആയി നിയമം ലഭിച്ചതിനെ തുടർന്ന് ഇന്ത്യയിലേക്ക്. ഡാനിഷ് കോളനികൾ പലതും ബ്രിട്ടീഷ് അധീനതയിലായതോടെ സെറാംപൂർ സെറ്റിൽമെന്റും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ അധീനതയിലായി. വാലിഷ് ജയിലിലടയ്ക്കപ്പെട്ടു.

 ഉന്നതബിരുദധാരിയെന്നത് പരിഗണിച്ച് വൈകാതെ വാലിഷ് മോചിതനായി. കൽക്കട്ടയിൽ ഒരു മ്യൂസിയം ആരംഭിക്കാൻ താത്പര്യം അറിയിച്ച് ഏഷ്യാറ്റിക് സൊസൈറ്റിക് വാലിഷ് കത്തെഴുതി. സൊസൈറ്റി അനുമതി നല്കി. സ്വകാര്യശേഖരത്തിലെ പുരാവസ്തുക്കൾ പലതും വാലിഷ് മ്യൂസിയത്തിന് സമർപ്പിച്ചു. 1814 ജൂൺ ഒന്നിന് വാലിഷ് മ്യസിയം ക്യുറേറ്റർ ആയി സ്ഥാനമേറ്റു. 1846-ൽ ലണ്ടനിലേക്കു പോയ വാലിഷ് അറുപത്തിയെട്ടാം വയസിൽ 1854-ൽ അന്തരിച്ചു

Advertisement
Advertisement