ശ്രമിച്ചത് കേജ്‌രിവാളിനെ കുടുക്കാൻ,​ സ്വാതിയെ അയച്ചത് ബി ജെ പിയുടെ ഗൂഢാലോചന,​ വീഡിയോ പുറത്ത് വിട്ട് ആം ആദ്മി പാർട്ടി

Friday 17 May 2024 9:15 PM IST

ന്യൂഡൽഹി : സ്വാതി മലിവാൾ എം.പിയെ അരവിന്ദ് കേജ്‌രിവാളിന്റെ പി.എ മർദ്ദിച്ചെന്ന ആരോപണം നിഷേധിച്ച് ആം ആദ്മി പാർട്ടി. കേജ്‌രിവാളിന്റെ വീട്ടിൽ വച്ച് സ്വാതി മലിവാൾ സുരക്ഷാ ഉദ്യോഗസ്ഥരോട് തർക്കിക്കുന്ന വീഡിയോ എ.എ.പി തങ്ങളുടെ എക്സ് പേജിലൂടെ പുറത്തുവിട്ടു.

സ്വാതി മലിവാളിനെ കേജ്‌രിവാളിന്റെ വീട്ടിലേക്ക് അയച്ചതിന് പിന്നിൽ ബി.ജെ.പിയാണെന്ന് ആം ആദ്മി പാർട്ടി നേതാവ് അതിഷി ആരോപിച്ചു. മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടായിരുന്നു അവർ സ്വാതിയെ അയച്ചത്. എന്നാൽ ഈ സമയം അദ്ദേഹം വീട്ടിലില്ലാത്തതിനാൽ രക്ഷപ്പെട്ടു. അതിന് പിന്നാലെയാണ് ബൈഭവ് കുമാറിനെതിരെ ആരോപണം ഉന്നയിക്കുന്നത്.എന്നാൽ മുഖ്യമന്ത്രിയുടെ വീട്ടിൽ ഇരുന്നു കൊണ്ട് അവർ പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്ന വീഡിയോ വെള്ളിയാഴ്ച പുറത്തുവന്നിരുന്നു. ബൈഭവിനെ ഭീഷണിപ്പെടുത്തുന്നതും വീഡിയോയിൽ കാണാമെന്നും അതിഷി ചൂണ്ടിക്കാട്ടി.

അതേസമയം ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി സ്വാതി മലിവാൾ രംഗത്തെത്തി. ഒരു ഗുണ്ടയുടെ സമ്മർദ്ദത്തിന് വഴങ്ങി പാർട്ടി തന്നെ ചോദ്യം ചെയ്യുന്നുവെന്ന് സ്വാതി എക്സിൽ കുറിച്ചു. ഇന്നലെ പാർട്ടിയിൽ ചേർന്നവർ 20 വർഷമായി രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്ന തന്നെ ബി.ജെ.പി ഏജന്റാക്കുന്നു. തന്നെ അറസ്റ്റ് ചെയ്താൽ എല്ലാ രഹസ്യങ്ങളും വെളിപ്പെടുത്തും. കേജ്‌രിവാളിന്റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ കാര്യങ്ങൾ വ്യക്തമാകുമെന്നും അവർ പറഞ്ഞു.

മേയ് 13ന് കേജ്‌രിവാളിനെ സന്ദർശിക്കാൻ മുഖ്യമന്ത്രിയുടെ വസതിയിൽ എത്തിയപ്പോൾ പി.എ ബൈഭവ് കുമാർ ഏഴുതവണ മർദ്ദിച്ചെന്നാണ് സ്വാതി മലിവാളിന്റെ പരാതി. ബൈഭവ് കുമാർ ഏഴുതവണ കരണത്തടിച്ചെന്നും നെഞ്ചിലും വയറിലും ചവിട്ടിയുമെന്നും സ്വാതി പൊലീസിന് മൊഴി നൽകി. സംഭവത്തിൽ അരവിന്ദ് കേജ്‌രിവാളിന്റെ വസതിയിൽ ‌ഡൽഹി പൊലീസും ഫോറൻസിക് വിദഗ്ദ്ധരും പരിശോധന നടത്തി