കേസിന്റെ  വിധി  ആകാശത്ത് ​​​​​​​പരിഗണിച്ച്   ചീഫ്  ജസ്റ്റിസ് 

Saturday 18 May 2024 1:02 AM IST

ന്യൂഡൽഹി: വിമാനയാത്രയ്ക്കിടയിലും കേസിന്റെ വിധി പരിഗണിച്ച ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ജുഡിഷ്യറിക്ക് സമ്മാനിച്ചത് അപൂർവ മുഹൂർത്തം. സുപ്രീംകോടതി ജഡ്‌ജിമാർ ആകാശത്ത് വെർച്വലായി ച‌ർച്ച ചെയ്‌ത് തയ്യാറാക്കിയ രാജ്യത്തെ ആദ്യവിധിയായി അതുമാറി. ജി-20 രാജ്യങ്ങളിലെ സുപ്രീംകോടതി ചീഫ് ജസ്റ്റിസുമാരുടെ ജെ-20 ഉച്ചകോടിക്ക് ബ്രസീലിലേക്ക് പോകുകയായിരുന്നു.

ജില്ലാജഡ്ജി സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട് ഗുജറാത്ത് ഹൈക്കോടതി പിന്തുടരുന്ന നയം നിയമപരമാണോയെന്ന ചോദ്യത്തിന് മദ്ധ്യവേനലവധിക്ക് സുപ്രീംകോടതി അടയ്‌ക്കും മുൻപ് വിധി പറയേണ്ടതുണ്ട്. വിധിയെഴുതുന്നത് ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ജെ.ബി. പർദിവാലയാണ്. വിമാനത്തിലെ ഇന്റർനെറ്റ് സംവിധാനം ഉപയോഗിച്ച് അദ്ദേഹത്തെ ബന്ധപ്പെട്ടു. വിധിയുടെ കരട് അപ്പോൾ തന്നെ ജസ്റ്റിസ് പ‌ർദിവാല ചീഫ് ജസ്റ്റിസിന് അയച്ചുകൊടുത്തു. ബെഞ്ചിലെ ജസ്റ്റിസ് മനോജ് മിശ്രയെയും കണക്‌ട് ചെയ്‌തു. മൂന്നുപേരും ആശയവിനിമയം നടത്തി വിധി അന്തിമമാക്കി. ഇന്നലെയാണ് മദ്ധ്യവേനലവധിക്ക് കോടതിഅടച്ചത്. ഉച്ചകോടിക്ക്ശേഷം മടങ്ങിയെത്തിയ ചീഫ് ജസ്റ്റിസ് ഇന്നലെ തുറന്ന കോടതിയിൽ വിധി വായിച്ചു.ആ സമയത്താണ് 'വിധിയെഴുത്തിന്റെ അപൂർവതയും കൗതുകവും" വെളിപ്പെടുത്തിയത്. ജില്ലാജഡ്ജി സ്ഥാനക്കയറ്റം സംബന്ധിച്ച ഗുജറാത്ത് ഹൈക്കോടതിയുടെ നയം ശരിവച്ചുകൊണ്ടായിരുന്നു വിധി.

'ഇന്ത്യയിൽ നിന്ന് ബ്രസീൽ വരെ യാത്രചെയ്‌ത വിധിയായതുകൊണ്ട് എനിക്കിത് ഹൃദയത്തോട് ചേർന്ന വിധിയാണ്".

-ജസ്റ്റിസ് ജെ.ബി. പർദിവാല