പത്തുവയസുകാരിയെ എടുത്തുകൊണ്ടുപോയി പീഡനം: മറഞ്ഞിരിക്കുന്ന പ്രതിയെ പുറത്തുചാടിക്കാൻ പൊലീസ് സന്നാഹം

Saturday 18 May 2024 1:15 AM IST

കാഞ്ഞങ്ങാട്: ഒപ്പമുണ്ടായിരുന്ന മുത്തശ്ശൻ പുറത്തുപോയ തക്കത്തിൽ ഉറക്കത്തിലായിരുന്ന പത്തുവയസുകാരിയെ എടുത്തുകൊണ്ടുപോയി പീഡിപ്പിച്ച ശേഷം ആഭരണം കവർന്ന പ്രതിയെ എത്രയും പെട്ടെന്ന് നിയമത്തിന് മുന്നിലെത്തിക്കാൻ ഊർജ്ജിത നീക്കവുമായി പൊലീസ്. അഞ്ച് ഡിവൈ.എസ്.പിമാരടങ്ങുന്ന പ്രത്യേക പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. ജില്ലാ പൊലീസ് ചീഫും ഈ കേസിന്റെ മേൽനോട്ടവുമായി സ്ഥലത്തുണ്ട്.

പെൺകുട്ടിയിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. കള്ളിമുണ്ടുടുത്ത മലയാളം സംസാരിക്കുന്ന മെലിഞ്ഞ ശരീരപ്രകൃതിയുള്ള ആളെന്നാണ് പെൺകുട്ടി നൽകിയ വിവരം. മാസ്ക് ധരിച്ചതിനാൽ മുഖം വ്യക്തമായിരുന്നില്ല. മുത്തശ്ശി വിനോദയാത്രയ്ക്ക് പോയതാണെന്നും മുത്തശ്ശൻ പശുവിനെ കറക്കാൻ പുറത്തിറങ്ങിയാൽ കുട്ടി തനിച്ചായിരിക്കുമെന്നും നല്ല നിശ്ചയമുള്ള ആളാണ് ക്രൂരകൃത്യത്തിന് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം. പെൺകുട്ടിയുടെ മാതാപിതാക്കളും സഹോദരിയും ഇതെ വീട്ടിലെ മറ്റൊരു മുറിയിലാണ് കിടന്നുറങ്ങിയിരുന്നത്. പെൺകുട്ടിയുടെ മുത്തശ്ശൻ ഏതാണ്ട് രണ്ടുമണിയോടടുത്ത് തൊഴുത്ത് വൃത്തിയാക്കുന്നതിനും പശുവിനെ കറക്കുന്നതിനുമായി ഇറങ്ങിയ തക്കത്തിലായിരുന്നു അക്രമി പിൻവാതിൽ വഴി അകത്തുകയറിയത്.ഏതാണ്ട് മൂന്നരയോടടുത്ത് കറവയ്ക്ക് ശേഷം മുത്തശ്ശൻ തിരിച്ചെത്തിയപ്പോഴാണ് പെൺകുട്ടിയെ കാണാതായതായി വ്യക്തമായത്. കുട്ടിയുടെ മാതാപിതാക്കളെ വിളിച്ചുണർത്തിയ ശേഷം പരിസരവാസികളുമടക്കം തിരച്ചിൽ നടത്തുന്നതിനിടെയാണ് കുറച്ചുദൂരെയുള്ള ഒരു വീട്ടിൽ നിന്നും കുട്ടി ആവശ്യപ്പെട്ടതനുസരിച്ച് ഫോൺകാൾ എത്തിയത്. വീട് അടുത്തുതന്നെയാണല്ലോ എന്ന് പറഞ്ഞാണ് അക്രമി പോയതെന്ന് പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്.

വായ പൊത്തിപ്പിടിച്ചു ഭീഷണിപ്പെടുത്തി

മുറിയിൽ നിന്ന് കൊണ്ടുപോകുമ്പോൾ കുട്ടി ഉറക്കത്തിലായിരുന്നു. വയലിൽ വച്ച് ഉപദ്രവിക്കുന്നതിനിടെ ഞെട്ടിയറിഞ്ഞ് ബഹളം വച്ച കുട്ടിയെ കൊന്നുകളയുമെന്ന് അക്രമി ഭീഷണിപ്പെടുത്തിയെന്നാണ് പൊലീസിന് ലഭിച്ച മൊഴി. പീഡനശേഷം

കമ്മൽ ഊരിയെടുത്ത ഈയാൾ കുട്ടിയെ ഇവിടെ വിട്ടുപോകുകയായിരുന്നു. സമീപത്തെ വീട്ടിലേക്ക് എത്തിയ കുട്ടി വീട്ടുകാരെ വിളിച്ചുണർത്തി വിവരം ധരിപ്പിച്ചതോടെയാണ് നാടിനെ ഞെട്ടിച്ച സംഭവം പുറംലോകമറിഞ്ഞത്.

Advertisement
Advertisement