സിസി മുടങ്ങിയതിന് കാര്‍ പിടിച്ചെടുത്തു, കൊച്ചിയില്‍ 20കാരന് പൊലീസിന്റെ മര്‍ദ്ദനവും അസഭ്യവര്‍ഷവും 

Friday 17 May 2024 10:17 PM IST

കൊച്ചി: സിസി മുടങ്ങിയ കാര്‍ പിടിച്ചെടുത്ത ശേഷം 20കാരന് പൊലീസിന്റെ വക അസഭ്യവര്‍ഷവും ക്രൂര മര്‍ദ്ദനവും. അകാരണമായി കാര്‍ പിടിച്ചെടുത്ത എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനെ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. 20കാരനില്‍ നിന്ന് കാര്‍ പിടിച്ചെടുത്തത് സ്റ്റേഷനിലെ സിപിഒ ഉമേഷ് ആണ്.

പിടിച്ചെടുത്ത കാര്‍ ഇയാള്‍ സ്വന്തം ക്വാര്‍ട്ടേഴ്‌സിലേക്ക് കൊണ്ടുപോകുകയും ചെയ്തു. ഇവിടെ കാര്‍ പാര്‍ക്ക് ചെയ്ത ശേഷം 20കാരനെ നോര്‍ത്ത് സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് അസഭ്യം പറയുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തിരുന്നു.

തുടര്‍ന്ന് അസഭ്യവര്‍ഷം ആവര്‍ത്തിച്ച ഉമേഷ് 20കാരനോട് മര്യാദയ്ക്ക് മുടക്കം വന്ന തുക അടയ്ക്കണമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് ആരോപണം.

സംഭവത്തില്‍ 20കാരനും വീട്ടുകാരും പരാതി നല്‍കിയതോടെ പൊലീസ് ഡിപ്പാര്‍ട്‌മെന്റിന്റെ ആഭ്യന്തര അന്വേഷണവും നടത്തിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി എറണാകുളം നോര്‍ത്ത് സ്‌റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. ചേരനെല്ലൂര്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

ചേരനെല്ലൂര്‍ പൊലീസ് നോര്‍ത്ത് സ്‌റ്റേഷനില്‍ നിന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ പൊലീസുകാര്‍ക്കെതിരെ നടപടിക്ക് സാദ്ധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

കാറിന്റെ സിസി മുടങ്ങിയതുമായി ബന്ധപ്പെട്ട് പൊലീസ് ഇടപെടേണ്ട കാര്യമില്ലെന്നിരിക്കെ എന്തിനാണ് ഉമേഷ് ഇടപെട്ടത് എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ വ്യക്തമല്ല. എന്നാല്‍ കാര്‍ പിടിച്ചെടുത്തതും ക്വാര്‍ട്ടേഴ്‌സിലേക്ക് കൊണ്ടു പൊകുകയും ചെയ്തത് ഗുരുതരമായ വീഴ്ചയാണ്.