ധർമ്മടത്ത് രണ്ട് വീടുകളിൽ മോഷണം: സ്വർണ്ണവും പണവും ബൈക്കും കവർന്നു

Saturday 18 May 2024 1:22 AM IST

തലശ്ശേരി: പാലയാട് ചിറക്കുനി മാണിയത്ത് സ്‌കൂളിനടുത്ത് രണ്ട് വീടുകളിൽ മോഷണം. റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ പി.കെ.സതീശന്റെ വന്ദനം വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്ന മോഷ്ടാക്കൾ തൊട്ടടുത്തുള്ള റിട്ട. ബാങ്കുദ്യോഗസ്ഥൻ സുഗതന്റെ വീട്ടിൽ കവർച്ചാശ്രമവും നടത്തി. പിന്നാലെ കിഴക്കേ പാലയാട് മൃഗാശുപത്രിക്കടുത്ത തച്ചന വയൽ പറമ്പിലെ ഷാജിയുടെ പുതിയ ബൈക്കും മോഷ്ടിച്ചു.

ഇന്നലെ പുലർച്ചെയോടെ പാലയാട് നിന്നും മോഷ്ടിച്ച ബൈക്ക് മണിക്കൂറുകൾക്ക് ശേഷം എരഞ്ഞോളി കണ്ടിക്കൽ ബൈപാസിനടുത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ അർദ്ധരാത്രിക്ക് ശേഷമാണ് മോഷ്ടാക്കൾ ഇറങ്ങിയത്. മാണിയത്ത് സ്‌കൂളിനടുത്ത് ആൾ താമസമുള്ള വീട്ടിലാണ് ആദ്യമെത്തിയത്. വീട്ടുകാരനായ സതീശനും ഭാര്യ റിട്ട. ബാങ്കുദ്യോഗസ്ഥ ജ്യോതിയും മക്കളുമാണിവിടെ താമസം. ദമ്പതികൾ മുകളിലത്തെ നിലയിലും മക്കൾ താഴെയുള്ള കിടപ്പുമുറികളിലുമായിരുന്നു. ഇന്നലെ രാവിലെ ഉറക്കമുണർന്നപ്പോഴാണ് കളവ് നടന്നതായി വീട്ടുകാർ അറിഞ്ഞത്. വീടിന്റെ പിൻഭാഗത്തെ ഗ്രിൽസിന്റെ പൂട്ട്‌പൊട്ടിച്ച് അകത്ത് കയറി അടുക്കള വാതിൽ തകർത്താണ് അലമാരയിൽ സൂക്ഷിച്ച മൂന്ന് സ്വർണ്ണ വളകളും 2 മോതിരങ്ങളും പേഴ്സിൽ സൂക്ഷിച്ച 5000 ത്തോളം രൂപയും കവർന്നത്. ധർമ്മടം പൊലീസ് എത്തി. കണ്ണൂരിൽ നിന്ന് ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദ്ധരും എത്തി തെളിവെടുത്തു. തലശ്ശേരി എ.എസ്.പി കെ.എസ്. ഷഹൻഷായും കളവ് നടന്ന വീട്ടിലെത്തി വിവരങ്ങൾ ചോദിച്ചറിഞ്ഞു. ധർമ്മടം എസ്.ഐ ജെ.ഷജീവ്, അഡീഷണൽ എസ്.ഐ ഹരീഷ് എന്നിവരും കളവ് നടന്ന വീട്ടിലെത്തി വിവരങ്ങൾ ചോദിച്ചറിഞ്ഞു. ധർമ്മടം എസ്.ഐ ജെ.ഷജീവ്, അഡീഷണൽ എസ്.ഐ ഹരീഷ് എന്നിവരാണ് കേസന്വേഷിക്കുന്നത്.

Advertisement
Advertisement