പൊന്നു കൊച്ചുണ്ണീ, കട്ടമുതൽ തിരിച്ചുകിട്ടണേ...!

Saturday 18 May 2024 1:27 AM IST

പത്തനംതിട്ട: മോഷ്ടിക്കപ്പെടുന്ന വസ്തു തിരിച്ചുകിട്ടാൻ തന്റെ ഇരിപ്പിടത്തിൽ മെഴുകുതിരി തെളിച്ച് പ്രാർത്ഥിച്ചാൽ കായംകുളം കൊച്ചുണ്ണി അത് സാദ്ധ്യമാക്കുമത്രേ! മോഷ്ടിക്കപ്പെട്ട സ്വർണത്തിനായി വിളക്കുവച്ച് പൊട്ടിക്കരഞ്ഞ വീട്ടമ്മയ്‌ക്ക് അത് തിരിച്ചുകിട്ടുന്നു !. വാഴക്കുല മോഷ്ടിക്കപ്പെട്ടപ്പോൾ പിണ്ടി വച്ച് വിഷമം പറഞ്ഞ കർഷകന്റെ വീട്ടുപറമ്പിൽ പിറ്റേന്ന് അതുപോലൊരു കുല കാണുന്നു!. അങ്ങനെ ഇലന്തൂർ ഇടപ്പാറക്കാവിൽ മലദേവർക്ക് സമീപം കുടിയിരുത്തിയ കായംകുളം കൊച്ചുണ്ണിയെ കുറിച്ച് കഥകൾ പലതാണ്. ഇടപ്പാറയിലെ കൊച്ചുണ്ണിയുടെ ഇരിപ്പിടത്തിന് ഒരു നൂറ്റാണ്ടിലേറെ പഴക്കുമുണ്ടെന്നു പറയപ്പെടുന്നു.
മദ്ധ്യതിരുവിതാംകൂറിലെ കുപ്രസിദ്ധ മോഷ്ടാവായിരുന്ന കൊച്ചുണ്ണി സമ്പത്തുള്ളവന്റേത് മോഷ്ടിച്ച് പാവങ്ങൾക്ക് കൊടുത്തയാളാണെന്നാണ് രേഖകളിലുള്ളത്. മോഷണം അതിരുവിട്ടപ്പോൾ കാർത്തികപ്പള്ളി തഹസിൽദാർ അറസ്റ്റു ചെയ്തെങ്കിലും തടവുചാടി. അറസ്റ്റ് ചെയ്ത പൊലീസുകാരനെയും സഹായിച്ചയാളെയും കൊന്നു. പിന്നീട് കൊച്ചുണ്ണിയുടെ സുഹൃത്തായിരുന്ന കൊച്ചുപിള്ളയുടെ വാഴപ്പിള്ളിയിലെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഭക്ഷണത്തിൽ മരുന്ന് കലർത്തി മയക്കി അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്ത് 91 ദിവസത്തെ ജയിൽ വാസത്തിനൊടുവിൽ മരിച്ച കൊച്ചുണ്ണിയെ തിരുവനന്തപുരം പേട്ട ജുമാമസ്ജിദിൽ ഖബറടക്കിയെന്ന് കൊട്ടരത്തിൽ ശങ്കുണ്ണിയുടെ ഐതീഹ്യമാലയെ ഉദ്ധരിച്ചുള്ള രേഖകളിൽ പറയുന്നു. കായംകുളത്തെ പണ്ടകശാലക്കുടുംബം കൊച്ചുണ്ണിയുടെ അഞ്ചാം തലമുറക്കാരെന്ന് അറിയപ്പെടുന്നു.

 ആലിന്റെ ശിഖിരത്തിൽ ആൾരൂപം

ഇടപ്പാറക്കാവിലെ ഊരാളി തിരുവനന്തപുരത്ത് രാജാവിനെ കണ്ട് മടങ്ങുന്നതിനിടെ വിശ്രമിക്കാനിരുന്ന ആലിന്റെ ശിഖിരത്തിൽ തലകീഴായി ആൾരൂപം കണ്ടു. ആരെന്ന് ചോദിച്ചപ്പോൾ കായംകുളം കൊച്ചുണ്ണിയെന്ന് പറഞ്ഞു. തനിക്ക് സ്ഥിരമായി ഇരിപ്പിടം വേണമെന്നും കൊച്ചുണ്ണി ആവശ്യപ്പെട്ടു. തുടർന്ന് കൊച്ചുണ്ണിയെ ഊരാളി ഇടപ്പാറക്കാവിലേക്ക് കൊണ്ടുവന്ന് ഇരിപ്പിടം കൊടുത്തെന്നാണ് ഐതിഹ്യം. കൊച്ചുണ്ണി തിരുവനന്തപുരത്ത് മരിച്ചെന്നും ഊരാളി കണ്ടത് കൊച്ചുണ്ണിയുടെ ആത്മാവിനെയാണെന്നും വിശ്വാസമുണ്ട്.

കായംകുളം കൊച്ചുണ്ണി പ്രായം 41

ജനനം : 1818 ആഗസ്റ്റ് ഒന്ന്

മരണം : 1859 സെപ്തംബർ 18

'മോഷണമുതൽ തിരികെ ലഭിക്കാനുള്ള പ്രാർത്ഥനയ്ക്ക് പല ജില്ലകളിൽ നിന്നും ആളുകളെത്തുന്നു. കൊച്ചുണ്ണിക്ക് വിപുലമായ ഇരിപ്പിടം നിർമ്മിക്കും".

- ജഗൽമോഹൻ, ഇടപ്പാറ മലദേവർ ക്ഷേത്രം ഭരണസമിതിയംഗം

Advertisement
Advertisement