രണ്ടുപേരെ കാപ്പചുമത്തി നാടുകടത്തി

Saturday 18 May 2024 1:51 AM IST

കൊച്ചി: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ എടവനക്കാട്‌ നേതാജി റോഡിൽ വാടകയ്ക്ക് താമസിക്കുന്ന അംഷാദ് (27),

മട്ടാഞ്ചേരി പുതിയറോഡ് സ്വദേശി കെ.ആർ. ഷാജഹാൻ (27) എന്നിവരെ കാപ്പചുമത്തി നാടുകടത്തി. സിറ്റി പൊലീസ് കമ്മീഷണർ എസ്. ശ്യാംസുന്ദറിന്റെ ഉത്തരവ് പ്രകാരമാണ് നടപടി.

ഡെപ്യൂട്ടി കമ്മീഷണറുടെ അധികാരപരിധിയിൽ വരുന്ന സ്ഥലങ്ങളിൽ അംഷാദ് ഒരു വർഷത്തേക്ക് കടക്കുവാനോ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുവാനോ പാടില്ല. ഷാജഹാന് ആറുമാസത്തേക്കാണ് വിലക്ക്. ലംഘിച്ചാൽ 3വർഷംവരെ തടവ് ലഭിക്കാം. മട്ടാഞ്ചേരിയിലും പരിസര പ്രദേശങ്ങളിലും മോഷണം, കവർച്ച, മുതലുകൾ നശിപ്പിക്കൽ, തുടങ്ങിയ നിരവധി കുറ്റകൃത്യങ്ങളിൽ പ്രതിയാണ് മട്ടാഞ്ചേരി സ്വദേശിയായ അംഷാദ്. പലതവണ ജയിലിൽ കിടന്നിട്ടുണ്ട്. ഭീഷണിപ്പെടുത്തി പണാപഹരണം, ദേഹോപദ്രവം, മുതലുകൾ നശിപ്പിക്കൽ, വധശ്രമം തുടങ്ങിയ നിരവധി കുറ്റകൃത്യങ്ങളിൽ പ്രതിയാണ് ഷാജഹാൻ.