ഭീകരവാദം നിർത്തിയാൽ പാകിസ്ഥാന് നല്ലത് : ജയശങ്കർ

Saturday 18 May 2024 1:42 AM IST

ന്യൂഡൽഹി: അതിർത്തി കടന്നുള്ള ഏത് ഭീകരതയോടും ഇന്ത്യയ്‌ക്ക് സഹിഷ്ണുത വളരെ കുറവാണെന്നും അങ്ങനെ എന്തു സംഭവിച്ചാലും അനന്തരഫലങ്ങൾ ഉണ്ടാകുമെന്നും വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. പാകിസ്ഥാൻ ഭീകരവാദം പ്രയോഗിക്കുകയാണെന്നും സി.ഐ.ഐ വാർഷിക ബിസിനസ് ഉച്ചകോടിയിൽ അദ്ദേഹം പറഞ്ഞു.

മുൻപ് അയൽവാസിയുടെ വികേന്ദ്രീകൃതമായ ഭീകരവാദം ഇന്ത്യക്കാർ സഹിച്ചു. അതിനൊപ്പം ജീവിക്കാൻ ശ്രമിച്ചു. എന്നാൽ 2014 മുതൽ അതിർത്തി കടന്നുള്ള ഒരു ഭീകരവാദവും വച്ചുപൊറുപ്പിക്കില്ലെന്ന് ഇന്ത്യയിലെ ജനങ്ങൾ വ്യക്തമായ തീരുമാനമെടുത്തു. പാകിസ്ഥാൻ ഇത് നിർത്തിയാൽ ഇന്ത്യയിലെ ജനങ്ങൾ അവരോട് ഒരു അയൽക്കാരനെപ്പോലെ പെരുമാറും. അതിനാൽ പന്ത് അവരുടെ കോർട്ടിലാണ്. പതിറ്റാണ്ടുകളായി കെട്ടിപ്പടുത്ത വ്യവസായത്തെ (ഭീകരവാദം) അവസാനിപ്പിച്ചാൽ അവർക്ക് നല്ലത്. 2019ൽ പാകിസ്ഥാനിലെ ഇമ്രാൻ ഖാൻ സർക്കാർ ഇന്ത്യയുമായുള്ള ബന്ധം വഷളാക്കാൻ ശ്രമിച്ചെന്നും ജയശങ്കർ ആരോപിച്ചു. എന്നാൽ ഇന്ത്യ നിലപാടുകളിൽ മാറ്റം വരുത്തിയില്ല.

ചൈനയുമായുള്ള ബന്ധം കൂടുതൽ സങ്കീർണ്ണമാണെന്നും ജയശങ്കർ പറഞ്ഞു. അവർ മൂലം അതിർത്തിയിലെ സമാധാനം തകർന്നു. നിങ്ങളുടെ സ്വീകരണ മുറിയിൽ അതിക്രമിച്ച് കയറി വീട് അലങ്കോലമാക്കാൻ ശ്രമിക്കുന്ന ഒരാളുമായി നിങ്ങൾ ഇടപാടു നടത്തുമോ. കരാർ പാലിക്കാതെ അതിർത്തിയിൽ കടന്നു കയറിയാൽ ബന്ധം സാധാരണ നിലയിലാകില്ല. എങ്കിലും ചൈനയുമായുള്ള വ്യാവസായിക ബന്ധം ഇന്ത്യ വേർപെടുത്തുന്നില്ല. ചൈനയ്‌ക്ക് ഇന്ത്യൻ കമ്പനികളുമായി ചേർന്ന് ഉൽപന്നങ്ങൾ നിർമ്മിക്കാനും വിൽക്കാനും സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisement
Advertisement