കോൺഗ്രസ് പിരിച്ചുവിട്ടെങ്കിൽ രാജ്യം കുതിച്ചേനെ: മോദി

Saturday 18 May 2024 12:53 AM IST

ന്യൂഡൽഹി: സ്വാതന്ത്ര്യാനന്തരം കോൺഗ്രസ് പിരിച്ചുവിട്ടിരുന്നെങ്കിൽ

ഇന്ത്യ വികസനത്തിൽ അഞ്ച് പതിറ്റാണ്ട് മുന്നോട്ടു കുതിക്കുമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മുംബയ് ശിവാജി പാർക്കിൽ എൻ.ഡി.എ റാലിയിൽ സംസാരിക്കയായിരുന്നു അദ്ദേഹം.

കോൺഗ്രസ് പ്രധാനമന്ത്രിമാർക്ക് ഇന്ത്യക്കാരുടെ കഴിവുകളിൽ വിശ്വാസമില്ലായിരുന്നു. ചെങ്കോട്ടയിൽ നിന്ന് ഇന്ത്യക്കാരെ മടിയന്മാരെന്ന് വിളിച്ച പ്രധാനമന്ത്രിമാരെ ഞാൻ കണ്ടിട്ടുണ്ട്. ആ മാനസികാവസ്ഥയുള്ളവർക്ക് ഇന്ത്യയെ വികസിപ്പിക്കാൻ കഴിയില്ല.

കോൺഗ്രസ് പ്രകടനപത്രിക രാജ്യത്തെ പാപ്പരാക്കുമെന്നും മോദി പറഞ്ഞു. അവർ ജനങ്ങളെ കബളിപ്പിക്കും.

എൻ.ഡി.എ വീണ്ടും അധികാരത്തിലേറിയാൽ 70 വയസ്സിനു മുകളിലുള്ളവരുടെ ആരോഗ്യ സംരക്ഷണം ഏറ്റെടുക്കും. കോൺഗ്രസ് കാലത്ത് ഭീകരാക്രമണ ഭീഷണിയിലായിരുന്ന മുംബയ് ഇന്ന് വികസനത്തിന്റെ പാതയിലാണ്. മുംബയിൽ 2047 എന്ന സ്വപ്‌നം യാഥാർത്ഥ്യമാക്കും. വികസിത ഇന്ത്യയ്‌ക്കായുള്ള സ്വപ്‌നം യാഥാർത്ഥ്യമാക്കാൻ ബി.ജെ.പിയെ അധികാരത്തിലേറ്റണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

റാലിയിൽ മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ്, നവനിർമ്മാൺ സേനാ അദ്ധ്യക്ഷൻ രാജ് താക്കറെ തുടങ്ങിയവർ പങ്കെടുത്തു.

റാലിക്ക് മുൻപ് പ്രധാനമന്ത്രി മുംബയിലെ ചൈത്യഭൂമിയിൽ ഡോ ബി ആർ അംബേദ്കറിന് ആദരാഞ്ജലി അർപ്പിച്ചു. അദ്ദേഹം വീർ സവർക്കർ സ്മാരകവും സന്ദർശിച്ചു.

Advertisement
Advertisement