രക്ഷിതാക്കൾ വോട്ട് ചെയ്താൽ വിദ്യാർത്ഥികൾക്ക് അധിക മാർക്ക്

Saturday 18 May 2024 12:55 AM IST

ലക്‌നൗ: എല്ലാവരും വോട്ടവകാശം കൃത്യമായി വിനിയോഗിക്കുന്നതിനായി വൻ വാഗ്ദാനവുമായി ഉത്തർപ്രദേശിലെ കോളേജ്. 20ന് നടക്കുന്ന അഞ്ചാം ഘട്ട വോട്ടെടുപ്പിൽ രക്ഷിതാക്കൾ വോട്ട് ചെയ്‌താൽ പത്ത് മാർക്ക് അധികം ലഭിക്കുമെന്നാണ് വാഗ്ദാനം. ലക്‌നൗവിലെ സെന്റ് ജോസഫ് കോളേജാണ് ഈ പുതിയ ആശയത്തിനു പിന്നിൽ.' എല്ലാവരും വോട്ടവകാശം വിനിയോഗിക്കണം എന്ന് നേതാക്കൾ അഭ്യർത്ഥിക്കുന്നു. എന്നാൽ, ഇന്ത്യയുടെ വിദൂര സ്ഥലങ്ങളിൽ ഈ ആശയം എത്തിക്കാനാകുന്നില്ല. അതിനാൽ വോട്ട് നഷ്‌ടമാകരുത്. അതിനായി വ്യത്യസ്ത ആശയം നടപ്പാക്കുന്നുവെന്ന് കോളേജ് അധികൃതർ അറിയിച്ചു. വോട്ടിംഗ് ശതമാനം വർദ്ധിപ്പിക്കാനാണ് ലക്ഷ്യമെന്നും കോളേജ് മാനേജിംഗ് ഡയറക്ടർ അനിൽ അഗർവാൾ അറിയിച്ചു. മാത്രമല്ല വോട്ടവകാശം വിനിയോഗിക്കുന്ന ജീവനക്കാർക്ക് ഒരു ദിവസത്തെ അധിക ശമ്പളം ലഭിക്കുമെന്നും അനിൽ അഗർവാൾ പറഞ്ഞു. വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും സന്തോഷമാകുന്ന വാഗ്ദാനമായതിനാൽ എല്ലാവരും ഏറ്റെടുക്കുമെന്നാണ് കോളേജ് അധികൃതരുടെ പക്ഷം. വോട്ട് ചെയ്‌തു എന്നുറപ്പിക്കാൻ പോളിംഗിനുശേഷം രക്ഷിതാക്കൾ സ്‌കൂളിലെത്തി മഷിപുരണ്ട വിരൽ കാണിക്കണം. എന്നാൽ മാത്രമേ മാർക്ക് ലഭിക്കൂ.

ഒരു വിഷയത്തിനോ വ്യത്യസ്‌ത വിഷയങ്ങൾക്കോ ആയി പത്ത് മാർക്ക് നൽകും. വോട്ടുചെയ്യാൻ ആളുകളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് ഗോമതിനഗറിൽ വോട്ടിംഗ് ബോധവത്കരണ റാലിയും കോളേജ് സംഘടിപ്പിച്ചു. അതേസമയം,​കൂടുതൽ സ്കൂളുകളും കോളേജുകളും ആശയം ഏറ്റുപിടിച്ചെന്നാണ് റിപ്പോർട്ട്.

ആദ്യമല്ല

വോട്ട് ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്നതിനായി ഇതാദ്യമായല്ല ഇത്തരം ആശയങ്ങൾ നടപ്പാക്കുന്നത്. മദ്ധ്യപ്രദേശിലെ ഇൻഡോറിൽ വോട്ടർമാർക്ക് സൗജന്യ പ്രഭാതഭക്ഷണവും ഐസ്‌ക്രീമും ഒരുക്കിയ പോളിംഗ് ബൂത്ത് വാർത്തയായിരുന്നു. കർണാടകയിലെ ബംഗളൂരുവിൽ വിവിധ റെസ്റ്റോറന്റുകളും സ്ഥാപനങ്ങളും വോട്ടർമാർക്ക് സൗജന്യമായി ദോശയും കാപ്പിയും വാഗ്ദാനം ചെയ്തു. 20ന് വോട്ടെടുപ്പ് നടക്കുന്ന ദക്ഷിണ മുംബയിൽ 100 ശതമാനം വോട്ടിംഗ് രേഖപ്പെടുത്തുന്ന ഹൗസിംഗ് സൊസൈറ്റികൾക്ക് നികുതി ഇളവുകളോ സമാന ആനുകൂല്യങ്ങളോ നൽകുന്നത് പരിഗണിക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു.

Advertisement
Advertisement