അഞ്ചാം ഘട്ട വോട്ടെടുപ്പ് 20ന്

Saturday 18 May 2024 1:19 AM IST

□പരസ്യ പ്രചാരണം ഇന്ന് കൂടി

ന്യൂഡൽഹി: മേയ് 20ന് നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട വോട്ടെടുപ്പിനുള്ള പരസ്യഹപ്രചാരം ഇന്ന് സമാപിക്കും. ആറു സംസ്ഥാനങ്ങളിലെയും 2 കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 49 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്. രാഹുൽ ഗാന്ധിയുടെ രണ്ടാം മണ്ഡലമായ റായ്‌ബറേലിയും ഉൾപ്പെടുന്നു. ഒഡീഷയിലെ 35 നിയമസഭാ സീറ്റുകളിലേക്കും ഇതോടൊപ്പം വോട്ടെടുപ്പ് നടക്കും.

വോട്ടെടുപ്പ് :

ബിഹാർ(5), ജാർഖണ്ഡ്(3), മഹാരാഷ്ട്ര(13), ഒഡീഷ(5), ഉത്തർപ്രദേശ്(14), പശ്ചിമ ബംഗാൾ(7), ജമ്മു കശ്‌മീർ(1), ലഡാക്ക്(1).

പ്രധാന മണ്ഡലങ്ങളും

സ്ഥാനാർത്ഥികളും:

യു.പി- റായ്ബറേലി(രാഹുൽ ഗാന്ധി-കോൺഗ്രസ്), അമേഠി(സ്‌മൃതി ഇറാനി-ബി.ജെ.പി), ലഖ്നൗ(രാജ്നാഥ് സിംഗ്-ബി.ജെ.പി), കൈസർഗഞ്ച്(കരൺ ഭൂഷൺ സിംഗ്-ബി.ജെ.പി).

ബീഹാർ- ഹാജിപൂർ(ചിരാഗ് പാസ്വാൻ-എൽ.ജെ.പി), സരൺ(രാജീവ് പ്രതാപ് റൂഡി--ബി.ജെ.പി, രോഹിണി ആചാര്യ-ആർ.ജെ.ഡി), മുസാഫർപൂർ(രാജ് ഭൂഷൺ ചൗധരി-ബി.ജെ.പി)

മഹാരാഷ്‌ട്ര- മുംബയ് നോർത്ത്(പിയൂഷ് ഗോയൽ-ബി.ജെ.പി), മുംബയ് സൗത്ത്(അരവിന്ദ് സാവന്ത് ), മുംബയ് നോർത്ത് സെൻട്രൽ(ഉജ്ജ്വൽ നികം-ബി.ജെ.പി, വർഷ ഗെയ്‌ക്ക്‌വാദ്-കോൺഗ്രസ്), കല്യാൺ(ഡോ.ശ്രീകാന്ത് ഷിൻഡെ-ശിവസേന)

ജമ്മു കാശ്മീർ- ബാരാമുള്ള(ഒമർ അബ്ദുള്ള- നാഷണൽ കോൺഫറൻസ്)

ജാർഖണ്ഡ്- ഛത്ര(കൃഷ്ണ നന്ദ് ത്രിപാഠി-കോൺഗ്രസ്).

ഏറെ ശ്രദ്ധ

റായ്ബറേലിയിൽ

രാഹുൽ ഗാന്ധി വയനാടിനു പുറമെ മത്സരിക്കുന്ന ഉത്തർപ്രദേശിലെ റായ് ബറേലിയാണ് അഞ്ചാം ഘട്ടത്തിൽ ഏറെ ശ്രദ്ധ ആകർഷിക്കുന്ന മണ്ഡലം. രാഹുലിന്റെ പഴയ മണ്ഡലമായ അമേഠിയിൽ ബി.ജെ.പിയുടെ സ്‌മൃതി ഇറാനിക്കെതിരെ കോൺഗ്രസ് കിഷോരി ലാൽ ശർമ്മയെ ഇറക്കി പരീക്ഷണം നടത്തുന്നു.

പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് മത്സരിക്കുന്ന യു.പിയിലെ ലഖ്‌നൗ മണ്ഡലം ബി.ജെ.പിക്ക് പ്രധാനം. കൈസർഗഞ്ചിൽ ലൈംഗികാരോപണ വിധേയനായ മുൻ ഗുസ്‌തി ഫെഡറേഷൻ അദ്ധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിംഗിന്റെ മകൻ കരൺ ഭൂഷൺ സിംഗിനെ നിറുത്തിയുള്ള പരീക്ഷണമാണ് ബി.ജെ.പിയുടേത്.ബിഹാറിൽ മുതിർന്ന ബി.ജെ.പി നേതാവ് രാജീവ് പ്രതാപ് റൂഡിക്കെതിരെ ആർ.ജെ.ഡി നേതാവും മുൻ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിന്റെ മകൾ രോഹിണി ആചാര്യയാണ് സ്ഥാനാർത്ഥി.

വിവാദങ്ങളിലൂടെ

പ്രചാരണം

അഞ്ചാം ഘട്ടത്തിലേക്ക് വോട്ടെടുപ്പ് നീങ്ങുമ്പോൾ എൻ.ഡി.എയും, 'ഇന്ത്യ'യും പോരാട്ടം കൊഴുപ്പിക്കുന്ന കാഴ്‌ചയാണ്. ബി.ജെ.പി ഹിന്ദുത്വ അനുകൂല പ്രചാരണത്തിന് മുൻതൂക്കം നൽകിയപ്പോൾ ഭരണഘടനാ സംരക്ഷണവും പാവപ്പെട്ടവർക്ക് ധനസഹായവുമടക്കമാണ്

പ്രതിപക്ഷം ഊന്നൽ നൽകിയത്.