2019ലെ ആക്രമണ പദ്ധതി: ഭീകരരെ വിചാരണ ചെയ്യാൻ അനുമതി

Saturday 18 May 2024 1:27 AM IST

ന്യൂഡൽഹി : 2019ൽ പുൽവാമ ആക്രമണത്തിന് തൊട്ടുപിന്നാലെ ജമ്മുകാശ്‌മീരിലെ ബനിഹാലിൽ സി.ആർ.പി.എഫ് വാഹനവ്യൂഹത്തെ ആക്രമിക്കാൻ പദ്ധതിയിട്ട കേസിൽ ആറ് ഭീകരരെ വിചാരണ ചെയ്യാൻ സുപ്രീംകോടതി അനുമതി. യു.എ.പി.എ തുടങ്ങിയവ ചുമത്തിയ കേസിൽ നടപടിക്രമങ്ങൾ കൃത്യമായി പാലിക്കപ്പെട്ടില്ലെന്ന് ചൂണ്ടിക്കാട്ടി വിചാരണക്കോടതി ഹിസ്ബുൽ മുജാഹിദ്ദിൻ ഭീകരരെന്ന് ആരോപിച്ചവരെ കുറ്രവിമുക്തരാക്കിയിരുന്നു. ജമ്മുകാശ്‌മീർ ഹൈക്കോടതിയും നടപടി ശരിവച്ചു. ഇതാണ് സുപ്രീംകോടതി തിരുത്തിയത്. പരിഹരിക്കാവുന്ന നടപടിക്രമങ്ങളിലെ വീഴ്‌ച മാത്രമേ ഉണ്ടായിട്ടുള്ളുവെന്ന് ജസ്റ്രിസ് എം.എം. സുന്ദരേഷ് അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. 2019 ഫെബ്രുവരി 14നായിരുന്നു പുൽവാമ ആക്രമണം. മാർച്ച് മാസം സമാനരീതിയിൽ ആക്രമണം നടത്താനുള്ള ഭീകരരുടെ ശ്രമം പരാജയപ്പെട്ടിരുന്നു.

Advertisement
Advertisement