രാഹുലിന് ജർമൻ പൗരത്വമില്ലെന്ന് പൊലീസ്; അമ്മയ്‌ക്കും സഹോദരിക്കുമെതിരെ കേസെടുത്തേക്കും

Saturday 18 May 2024 9:47 AM IST

കോഴിക്കോട്: പന്തീരങ്കാവ് ഗാർഹിക പീഡനക്കേസിലെ പ്രതി രാഹുലിന് ജർമൻ പൗരത്വമില്ലെന്ന് പൊലീസ്. ഇയാൾക്ക് ഇപ്പോഴും ഇന്ത്യൻ പാസ്‌പോർട്ട് തന്നെയാണുള്ളതെന്ന് അന്വേഷണ സംഘം കണ്ടെത്തി. മകന് ജർമൻ പൗരത്വമുണ്ടെന്ന് രാഹുലിന്റെ അമ്മ ഉഷ കുമാരി നേരത്തെ വാദിച്ചിരുന്നു.

രാഹുൽ ജർമനിയിലേക്ക് കടന്നെന്ന് പരാതിക്കാരിയുടെ കുടുംബം ആരോപിച്ചിരുന്നു. കൂടാതെ രാഹുൽ ജർമനിയിലെത്തിയെന്ന് സുഹൃത്ത് രാജേഷും മൊഴി നൽകിയിട്ടുണ്ട്. ഇയാൾ ബംഗളൂരു വഴി വിദേശ രാജ്യത്തേക്ക് പോയതായി സ്‌പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിരുന്നു. രാഹുലിനെ കണ്ടെത്താനായി ഇന്റർപോളിന്റെ സഹായത്തോടെ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

രാഹുലിന്റെ അമ്മയ്ക്കും സഹോദരിക്കുമെതിരെ സ്ത്രീധന പീഡനക്കുറ്റം ചുമത്തിയേക്കും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് ഇരുവർക്കും നേരത്തെ നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഇതുവരെ ഹാജരായിട്ടില്ല. ഉഷ കുമാരി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണെന്നാണ് റിപ്പോർട്ടുകൾ.

രാഹുലിന്റെ ബാങ്ക് അക്കൗണ്ടും നേരത്തേ മരവിപ്പിച്ചിരുന്നു. ഇയാളുടെ വിദേശത്തുള്ള അക്കൗണ്ട് മരവിപ്പിക്കാനുള്ള ശ്രമവും തുടങ്ങിയെന്നാണ് വിവരം. പന്തീരാങ്കാവ് പൊലീസ് ഗാർഹിക പീഡന കേസ് രജിസ്റ്റർ ചെയ്ത ദിവസം രാഹുൽ വീട്ടിലുണ്ടായിരുന്നു. വധശ്രമത്തിന് കേസെടുക്കുമെന്ന് തിരിച്ചറിഞ്ഞതോടെയാണ് ഒളിവിൽ പോയത്.

മേയ് അ​ഞ്ചി​ന് ​ഗു​രു​വാ​യൂ​രി​ൽ വച്ചായിരുന്നു രാഹുലിന്റെയും കൊച്ചി സ്വദേശിനിയുടെയും​ ​വി​വാ​ഹം.​ ​പ​തി​നൊ​ന്നി​നാണ് യുവതിയെ പ്രതി ക്രൂരമായി മർദിച്ചത്. രാഹുൽ കോട്ടയം സ്വദേശിയാണ്. കോഴിക്കോട് താമസിക്കാൻ തുടങ്ങിയിട്ട് അധികനാളായിട്ടില്ലെന്നാണ് വിവരം.