എഎപി എംപി സ്വാതി മലിവാളിനെ ആക്രമിച്ച സംഭവം; കേജ്‌രിവാളിന്റെ പിഎ അറസ്റ്റിൽ

Saturday 18 May 2024 1:08 PM IST

ന്യൂഡൽഹി: കൈയേറ്റം ചെയ്തെന്ന ആം ആദ്മി പാർട്ടി രാജ്യസഭാ എം.പിയും ഡൽഹി വനിതാ കമ്മിഷൻ മുൻ അദ്ധ്യക്ഷയുമായ സ്വാതി മലിവാളിന്റെ പരാതിയിൽ കേജ്‌രിവാളിന്റെ പേഴ്സണൽ സ്റ്റാഫ് അറസ്റ്റിൽ. മുഖ്യമന്ത്രിയുടെ പിഎ ബിഭവ്കുമാറിനെയാണ് ഡൽഹി പൊലീസ് കേജ്‌രിവാളിന്റെ വസതിയിൽ നിന്ന് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ തിങ്കളാഴ്‌ച അരവിന്ദ് കേജ്‌രിവാളിന്റെ വസതിയിൽവച്ച് പിഎ ആക്രമിച്ചുവെന്നാണ് മലിവാളിന്റെ പരാതി. സംഭവം വിവാദമായതോടെ ദേശീയ വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്ത് പൊലീസിന്റെ റിപ്പോർട്ട് തേടിയിരുന്നു.

ബിഭവ് കുമാറിനെതിരെ നരഹത്യാക്കുറ്റമുൾപ്പെടെ ചുമത്തിയാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. മലിവാളിനെതിരെ ബിഭവ് കുമാറും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

ഇന്നലെ മലിവാളിനെയും കൂട്ടി കേജ്‌രിവാളിന്റെ വസതിയിലെത്തിയ ഡൽഹി പൊലീസും ഫൊറൻസിക് സംഘവും ക്രൈം സീൻ പുനഃസൃഷ്‌ടിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാൻ നീക്കം തുടങ്ങിയിരിക്കുകയാണ്. ദൃക്‌സാക്ഷികളുടെ മൊഴിയെടുക്കും. തീസ് ഹസാരി കോടതിയിൽ മലിവാൾ രഹസ്യമൊഴി നൽകിയിട്ടുണ്ട്.

അതേസമയം, സംഭവസമയം കേജ്‌രിവാൾ വസതിയിലുണ്ടായിരുന്നുവെന്ന മലിവാളിന്റെ ആരോപണം പാർട്ടി തള്ളി. മലിവാളും സുരക്ഷാ ജീവനക്കാരും തമ്മിൽ തർക്കിക്കുന്ന തരത്തിലുള്ള മൊബൈൽ ദൃശ്യങ്ങൾ ഹിന്ദി വാർത്താചാനൽ പുറത്തുവിട്ടിരുന്നു. പുറത്തുപോകണമെന്ന് ജീവനക്കാ‌ർ ആവശ്യപ്പെടുന്നതും പ്രകോപിതയായി മലിവാൾ സംസാരിക്കുന്നതും വീഡിയോയിലുണ്ട്. ഇതാണ് സത്യമെന്നാണ് ആം ആദ്മി പാർട്ടി പ്രതികരിച്ചത്.

മേയ് 13ന് രാവിലെ ഒമ്പതിന് കേജ്‌രിവാളിനെ കാണാൻ സന്ദ‌ർശക മുറിയിൽ ഇരിക്കുകയായിരുന്നുവെന്നും ബിഭവ് കുമാർ യാതൊരു പ്രകോപനമില്ലാതെ ഒച്ചവച്ച് അസഭ്യം പറഞ്ഞുവെന്നുമാണ് മലിവാൾ പറയുന്നത്. സഹായത്തിനായി നിലവിളിച്ചു. ബിഭവിനെ കാലുകൊണ്ട് തള്ളിമാറ്റി. ബിഭവ് ദേഹത്ത് ആഞ്ഞടിച്ചു. വലിച്ചിഴച്ചു. തല മേശയിലിടിച്ചു. വയറ്റിലും നെഞ്ചിലും തൊഴിച്ചു. എട്ടുതവണ മുഖത്തടിച്ചു. നിലവിളിച്ചിട്ടും ആരും സഹായിച്ചില്ലെന്നും അവർ പൊലീസിന് മൊഴി നൽകി.

സ്വാതി മലിവാൾ വിഷയം ആയുധമാക്കുകയാണ് ബിജെപി. സംഭവത്തിൽ കേജ്‌രിവാളിന്റെ മൗനത്തെ ചോദ്യംചെയ്ത ബിജെപി മലിവാളിനെതിരായ ആക്രമണത്തിൽ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്നും ആരോപിക്കുകയാണ്. ഡൽഹിയിൽ 25ന് വോട്ടെടുപ്പ് നടക്കാനിരിക്കെ വിഷയം സജീവമാക്കി നിർത്തുകയാണ് ബിജെപിയുടെ ലക്ഷ്യം.

മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് പേഴ്സണൽ സെക്രട്ടറിയുടെ അതിക്രമമെന്ന് തെളിഞ്ഞതായി ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനാവാല ആരോപിച്ചു. ആദ്യമായല്ല എഎപി ഇത്തരം കാര്യങ്ങൾ ചെയ്യുന്നതെന്നും പൂനാവാല വിമർശിച്ചിരുന്നു. കേജ്‌രിവാളിന്റെ വസതി ഗുണ്ടകളുടെ താവളമായെന്ന് ബിജെപി നേതാവ് ഗൗരവ് ഭാട്ടിയയും കുറ്റപ്പെടുത്തി.

Advertisement
Advertisement