മീര നന്ദന്റെ വിവാഹം ജൂൺ 29ന്

Sunday 19 May 2024 6:08 AM IST

ചലച്ചിത്ര താരം മീര നന്ദന്റെയും ശ്രീജു ശ്രീകുമാറിന്റെയും വിവാഹം ജൂൺ 29 ന് രാവിലെ 12.05 നും 12.35 നും മദ്ധ്യേ കൊച്ചി എളമക്കര ഭാസ്കരീയം കൺവെൻഷൻ സെന്ററിൽ നടക്കും. കഴിഞ്ഞ സെപ്തംബറിലായിരുന്നു മീര നന്ദന്റെയും ശ്രീജു ശ്രീകുമാറിന്റെയും വിവാഹ നിശ്ചയം നടന്നത്. ലണ്ടനിൽ ജനിച്ചു വളർന്ന ശ്രീജു അക്കൗണ്ടന്റാണ്. മാട്രിമോണിയൽ സൈറ്റിൽ നിന്നാണ് മീരയും ശ്രീജുവും പരിചയപ്പെടുന്നത്. തിരുവനന്തപുരം ഇടവ സാമശ്രീയിൽ ശ്രീകുമാറിന്റെയും ശ്രീലത ശ്രീകുമാറിന്റെയും മകനാണ് ശ്രീജു. ശ്രീജുവിന്റെ കുടുംബം യു.കെ.യിൽ സ്ഥിര താമസമാണ്. അവതാരകയായി കരിയർ തുടങ്ങിയ മീര നന്ദൻ ദിലീപിന്റെ നായികയായി മുല്ലയിലൂടെയാണ് അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. വാൽമീകി എന്ന ചിത്രത്തിലൂടെ തമിഴിലും ജയ് ബോലോ തെലുങ്കാന എന്ന ചിത്രത്തിലൂടെ തെലുങ്കിലും കരോട് പതി എന്ന ചിത്രത്തിലൂടെ കന്നടയിലും അരങ്ങേറി. സിനിമയിൽ നിന്ന് ഇടവേളയെടുത്ത് അജ്മാനിൽ റേഡിയോ ജോക്കിയായി ജോലി ചെയ്തു വരികയാണ് മീര ഇപ്പോൾ. എളമക്കര 'മുല്ല' വീട്ടിൽ നന്ദകുമാറിന്റെയും മായ നന്ദകുമാറിന്റെയും മകളാണ് മീര.