തകർപ്പൻ മേക്കോവറിൽ ബേക്കറി ഫ്ലൈഓവർ

Sunday 19 May 2024 6:30 AM IST

തിരുവനന്തപുരം: ബേക്കറി ജംഗ്ഷനിലെ പൊടിപറ്റി നിറം മങ്ങിയ തൂണുകൾക്ക് വിട നൽകി തലസ്ഥാനം. ഫ്ലൈഓവറിന്റെ അഞ്ചു തൂണുകളിലും ആകർഷകമായ ചിത്രങ്ങൾ ഇടംപിടിച്ചു. നഗര സൗന്ദര്യവത്കരണത്തിന്റെ ഭാഗമായാണിത്.

ലുലുമാളിന്റെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ചുള്ള പദ്ധതിയുടെ നടത്തിപ്പ് ചുമതല ജില്ലാ നിർമ്മിതി കേന്ദ്രത്തിനാണ്. രണ്ടാഴ്ച കൊണ്ടാണ് വിവിധ ആകൃതിയിലുള്ള ചിത്രങ്ങൾ പൂർത്തിയാക്കിയത്. 25 ലക്ഷമാണ് പദ്ധതിത്തുക. നേരത്തെ പൈപ്പിൻമൂട്ടിലെ പാർക്കും നഗരസഭ അനുമതിയോടെ ലുലു നവീകരിച്ചിരുന്നു.

നിലവിൽ ഫ്ലൈഓവറിന്റെ അടിയിൽ വാഹനങ്ങൾ പാർക്ക് ചെയ്യാറുണ്ട്. അടുത്ത ഘട്ടത്തിൽ ഇവിടെ ഇന്റർലോക്കിട്ട് പാർക്കിംഗ് നിയന്ത്രണം കൊണ്ടുവരും. പൂന്തോട്ടവും ലൈറ്റുകളും ഒരുക്കും. പ്രഭാത സവാരിക്കിറങ്ങുന്നവർക്ക് വ്യായാമം ചെയ്യാനുള്ള സംവിധാനങ്ങളുമുണ്ടാകും. 20 ദിവസത്തിനകം പണികൾ പൂർത്തിയാക്കാനാണ് ശ്രമമെങ്കിലും മഴ പിന്നോട്ടുവലിക്കുന്നുണ്ട്. നഗരത്തിലെ കൂടുതൽ സ്ഥലങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും. അടുത്തിടെ പാളയം അണ്ടർപാസിൽ ഗ്ലോബൽ സയൻസ് ഫെസ്റ്റിനോട് അനുബന്ധിച്ച് അക്സോമീഡിയ വരച്ച ചിത്രങ്ങൾ വൈറലായിരുന്നു.

സമൂഹമാദ്ധ്യമത്തിലും താരം

നിർമ്മിതി കേന്ദ്രം കരാറു നൽകിയ മലയം സ്വദേശി ഉത്തമരാജാണ് തൂണിലെ കലാസൃഷ്ടിക്കു പിന്നിൽ. കൊച്ചി മെട്രോ, കളക്ടറേറ്റ് എന്നിവിടങ്ങളിലും ഉത്തമരാജ് ചിത്രങ്ങൾ വരച്ചിട്ടുണ്ട്. വിനിൽ ചന്ദ്രനാണ് സഹായി. 11 വർഷത്തിലേറെയായി ചുമർചിത്രങ്ങൾ വരയ്ക്കുന്ന ഉത്തമരാജിന് തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ വലിയ സ്വീകരണമാണ് ഫ്ലൈഓവർ മേക്കോവറിന് ലഭിച്ചത്.

Advertisement
Advertisement