ഗുണ്ടാ ആക്രമണം ലക്ഷ്യം മാരകായുധങ്ങളുമായി ക്രിമിനൽ സംഘം അറസ്റ്റിൽ

Sunday 19 May 2024 1:39 AM IST

തിരുവനന്തപുരം: ഗുണ്ടാ ആക്രമണം ലക്ഷ്യമിട്ട ക്രിമിനൽ സംഘത്തിലെ നാലുപേരെ വഞ്ചിയൂർ പൊലീസ് പിടികൂടി. നഗരത്തിൽ വർദ്ധിച്ചുവരുന്ന ഗുണ്ടാ ആക്രമണത്തിനെതിരെ നടത്തിയ പൊലീസിന്റെ പ്രത്യേക വാഹനപരിശോധനയിലാണ് ഇവരെ പിടികൂടിയത്. കാഞ്ഞിരംപാറ ചാമവള വീട്ടിൽ അരുൺ(30), കമലേശ്വരം പെരുനെല്ലിൽ പുത്തൻവീട്ടിൽ ആനന്ദ് (30), മെഡിക്കൽ കോളേജ് മഞ്ഞടിക്കുന്ന് വീട്ടിൽ സിബിൻ (30), കാഞ്ഞിരംപാറ പഴയവിള പുത്തൻവീട്ടിൽ ആരോമൽ(30) എന്നിവരെയാണ് വഞ്ചിയൂർ പൊലീസ് ഇന്നലെ പുലർച്ചെ 1.25ഓടെ കസ്റ്റഡിയിലെടുത്തത്.

ചിറക്കുളം കോളനിയിൽ വഞ്ചിയൂർ പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് മാരകായുധങ്ങളുമായി ക്രിമിനൽ സംഘം പിടിയിലായത്. വാഹനത്തിന്റെ ഡാഷ്ബോർഡിലും, ഡിക്കിയിലുമായാണ് ആയുധങ്ങൾ സൂക്ഷിച്ചിരുന്നത്. മുൻപിലത്തെ ഡാഷ്ബോർഡിൽ ഒരു പേന കത്തിയും ഡിക്കിയിൽ ചാക്കിൽ ഒളിപ്പിച്ച മൂന്ന് ഇരുമ്പിന്റെ വടിവാളും ബേസ് ബോൾ ബാറ്റുകളും പൊലീസ് കണ്ടെത്തി.

ചിറക്കുളം ഭാഗത്ത് ആക്രമണം നടത്താൻ പദ്ധതിയിട്ട് എത്തിയതാണെന്നാണ് പൊലീസിന്റെ സംശയം. ആർമസ് ആക്ട് ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇന്നലെ തന്നെ ഇവരെ റിമാൻഡും ചെയ്തു. കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്താലെ കൂടുതൽ വിവരങ്ങൾ പുറത്ത് വരൂ. അടിപിടി,ആക്രമണം ഉൾപ്പെടെ നഗരത്തിലെ വിവിധ സ്റ്റേഷനുകളിൽ ഇവർക്കെതിരെ കേസുകളുണ്ട്. പ്രതികൾ ക്രിമിനൽ ലിസ്റ്റിലും ഉൾപ്പെട്ടവരാണ്.

ഇവർ സഞ്ചരിച്ചിരുന്ന കറുത്ത എക്സ്.യു.വി കാറും പൊലീസ് കസ്റ്റഡയിലെടുത്തിട്ടുണ്ട്. സബ് ഇൻസ്പെക്ടർ സതീഷ് കുമാർ‌, ഉദ്യോഗസ്ഥരായ അരുൺ,പ്രസന്നൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

Advertisement
Advertisement