മാന്നാറിലെ സാമ്പത്തിക തട്ടിപ്പ്; മുഖ്യപ്രതി പിടിയിലെന്ന് സൂചന

Sunday 19 May 2024 1:59 AM IST

മാന്നാർ: മൂന്നുകോടിയോളം രൂപയും 60പവനോളം സ്വർണാഭരണങ്ങളും പലരിൽ നിന്നായി തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി പിടിയിലായതായി സൂചന. വിവിധയിടങ്ങളിൽ വാടകയ്ക്ക് താമസിച്ച് ക്ഷേത്ര നിർമ്മാണപ്രവർത്തനങ്ങൾ നടത്തി വന്നിരുന്ന വിഷ്ണുരാജ് (34) ആണ് പ്രത്യക അന്വേഷണ സംഘത്തിന്റെ പിടിയിലായതായി അറിയുന്നത്. ഒളിവിൽ കഴിയുമ്പോഴും സമൂഹ മാദ്ധ്യമങ്ങളിലൂടെ പൊലീസിനെ വെല്ലുവിളിച്ച് കമന്റിട്ടിരുന്ന വിഷ്ണുരാജിന്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. സംഘത്തിൽപ്പെട്ട കുട്ടമ്പേരൂർ പല്ലവനക്കാട്ടിൽ സാറാമ്മ ലാലു(മോളി), മാന്നാർ മുൻ ഗ്രാമപഞ്ചായത്തംഗം നേരൂർ ഉഷാ ഗോപാലകൃഷ്ണൻ എന്നിവരെ തിരുവല്ല കുറ്റൂരിലെ ഒരു വീട്ടിൽ നിന്ന് രണ്ടാഴ്ച മുമ്പ് വീയപുരം സി.ഐ ധർമ്മജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റു ചെയ്തിരുന്നു.

തട്ടിയെടുത്തത് കോടികൾ

സാമ്പത്തിക തട്ടിപ്പിനിരയായി സ്വന്തം വസ്തുവും വീടും വിറ്റ് കടം വീട്ടിയെങ്കിലും തട്ടിപ്പ് സംഘത്തിന്റെ ഭീഷണിയിൽ മനംനൊന്ത് മാന്നാർ പഞ്ചായത്ത് മുൻ പ്രസിഡന്റ് ഓംങ്കാർ വീട്ടിൽ വി.കെ.ശ്രീദേവിയമ്മ വീട്ടിലെ പൂജാമുറിയിൽ ജീവനൊടുക്കിയതോടെയാണ് മാന്നാറിലെ വൻ സാമ്പത്തിക തട്ടിപ്പ് പുറംലോകമറിഞ്ഞത്. വി.കെ ശ്രീദേവിയമ്മയിൽ നിന്ന് 65ലക്ഷം രൂപയും 40പവൻ സ്വർണാഭരണങ്ങളും അർദ്ധസൈനിക സേവനത്തിനുശേഷം വിരമിച്ച കുരട്ടിക്കാട് ഏനാത്ത് വടക്കേതിൽ എ.സി ശിവൻപിള്ളയുടെ 36ലക്ഷം രൂപയും 16പവന്റെ ആഭരണങ്ങളും, വത്സലാ ഭവനിൽ ടി.എൻ വത്സലാ കുമാരിയുടെ മൂന്നുപവന്റെ ആഭരണങ്ങൾ, നേരൂർ പടിഞ്ഞാറ് രമണി അയ്യപ്പന്റെ ആറരപവന്റെ ആഭരണങ്ങൾ, ശാന്തമ്മയുടെ ഒരുപവന്റെ ആഭരണം എന്നിവയാണ് ഈ സംഘം തട്ടിയെടുത്തത്. വസ്തുവിന്റെ ആധാരം നൽകി തിരികെ കിട്ടാതെ തട്ടിപ്പിനിരയായ ഒരുവീട്ടമ്മ നേരത്തെ ആത്മഹത്യ ചെയ്തിരുന്നു. മാന്നാർ, തിരുവല്ല, ചെന്നിത്തല ഭാഗങ്ങളിലുള്ള നിരവധിയാളുകളിൽ നിന്നായി കോടിക്കണക്കിനു രൂപയാണ് സംഘം തട്ടിയെടുത്തത്. മരണത്തിനുമുമ്പ് ശ്രീദേവിയമ്മ ജില്ലാപൊലീസ് മേധാവിക്ക് നൽകിയ

പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണ ചുമതല വീയപുരം പൊലീസിന് കൈമാറുകയായിരുന്നു. ശ്രീദേവിയമ്മയുടെ മരണശേഷമാണ് കൂടുതൽ പേർ പരാതിയുമായി എത്തിയത്.

Advertisement
Advertisement