ഈഞ്ചയ്ക്കൽ ഫ്ലൈഓവർ നിർമ്മാണം; വെല്ലുവിളിയായി ഗതാഗതക്കുരുക്ക്

Sunday 19 May 2024 3:59 AM IST

തിരുവനന്തപുരം: ഈഞ്ചയ്ക്കൽ ഫ്ലൈഓവർ നിർമ്മാണം ആരംഭിച്ചെങ്കിലും പുരോഗമിക്കുന്നത് മന്ദഗതിയിൽ. ജംഗ്ഷന് ഇരുവശത്തും തൂണുകൾ നിർമ്മിക്കുന്നതിനുള്ള പ്രാഥമിക ജോലികളാണ് നടക്കുന്നത്. മിക്ക സമയത്തും ഗതാഗതക്കുരുക്ക് രൂപപ്പെടാറുള്ള ഈഞ്ചയ്ക്കൽ ജംഗ്ഷനിൽ ഗതാഗതനിയന്ത്രണം പ്രയാസമേറിയതാണ്. നിർമ്മാണം തുടങ്ങുമ്പോൾ ഗതാഗത നിയന്ത്രണം അനിവാര്യമാണുതാനും. ഇക്കാര്യത്തിൽ പോംവഴി ആയതിനുശേഷമാകും നിർമ്മാണത്തിന്റെ അടുത്തഘട്ടം ആരംഭിക്കുക.

അടുത്ത മാസം വിദ്യാലയങ്ങൾ തുറക്കും. മഴയും ശക്തിപ്രാപിക്കും. ഇപ്പോഴുള്ളതിന്റെ ഇരട്ടി വാഹനങ്ങൾ രാവിലെയും വൈകിട്ടും നിരത്തിലെത്തും. ഇതിനൊപ്പം റോ‌ഡ് നിർമ്മാണത്തിനായി ഏതെങ്കിലും ഭാഗം അടച്ചാൽ കൂടുതൽ കുരുക്കുണ്ടാക്കുന്നതിന് ഇടയാക്കുമെന്നാണ് ട്രാഫിക് പൊലീസിന്റെ അനുമാനം. കരാർ ഏറ്റെടുത്തിട്ടുള്ള ചെറിയാൻ വർക്കി കൺസ്ട്രക്ഷൻ കമ്പനി അധികൃതരുമായി ചർച്ച നടത്തിയശേഷം ഗതാഗത നിയന്ത്രണത്തിൽ പൊലീസ് തീരുമാനമെടുക്കും. ഇപ്പോൾ നഗരത്തിലെ പല റോഡുകളിലും നേരത്തെ ആരംഭിച്ച നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയായിട്ടില്ല. സ്കൂളുകൾ തുറക്കുമ്പോൾ നഗരത്തിലെ ഗതാഗതപ്രശ്നങ്ങൾ ഇരട്ടിയാകുന്നതിന് ഇതെല്ലാം കാരണമാകും.

എൻ.എച്ച് 66ൽ ചാക്ക ഫ്ലൈഓവർ അവസാനിക്കുന്ന സ്ഥലത്ത് നിന്നാരംഭിച്ച് മുട്ടത്തറ ഓവർപാസിൽ അവസാനിക്കുന്ന തരത്തിലാണ് ഫ്ലൈഓവറിന്റെ രൂപകല്പന. ഫ്ലൈഓവർ യാഥാർത്ഥ്യമാകുമ്പോൾ കോവളം,വിഴിഞ്ഞം എന്നിവിടങ്ങളിൽ നിന്നുള്ള വാഹനങ്ങൾക്ക് ഈഞ്ചയ്ക്കലിൽ കാത്തുനിൽക്കാതെ കഴക്കൂട്ടം ഭാഗത്തേക്കു പോകാനാകും. കഴക്കൂട്ടം ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾക്കും ഫ്ളൈഓവറിലൂടെ കോവളം ഭാഗത്തേക്കും പോകാനാകും. നഗരത്തിലേക്കുള്ള വാഹനങ്ങൾക്ക് ഫ്ലൈഓവറിനു കീഴെയുള്ള റോഡിലൂടെ കടന്നുപോകാനാകും.

എന്നും തിരക്കുതന്നെ

എൻ.എച്ച് 66ൽ പൂർത്തിയായ ഭാഗങ്ങളിൽ ഏറ്റവും കൂടുതൽ തിരക്കുള്ള സ്ഥലമാണ് ഈഞ്ചയ്ക്കൽ.ഫ്ലൈഓവറോ അണ്ടർപാസോ ഇല്ലാത്തതു തന്നെയാണ് കാരണം. കിഴക്കേകോട്ട,വള്ളക്കടവ്,അട്ടക്കുളങ്ങര,പേട്ട എന്നിവിടങ്ങളിൽ നിന്നുള്ള റോഡുകളും ഈഞ്ചയ്ക്കലിലാണ് ചേരുന്നത്.പടിഞ്ഞാറേകോട്ട, അട്ടക്കുളങ്ങര ഭാഗത്തു നിന്നുള്ള വാഹനങ്ങൾ ഈഞ്ചയ്ക്കലിൽ കുടുങ്ങുന്നത് ഇവിടത്തെ നിത്യക്കാഴ്ചയാണ്. ആക്കുളത്ത് ലുലുമാൾ കൂടി വന്നതോടെ ബൈപ്പാസിൽ നിന്നുള്ള വാഹനത്തിരക്കേറി. ഈഞ്ചയ്ക്കലിൽ പത്തോളം പൊലീസുകാർ നിന്നാണ് ഗതാഗതം നിയന്ത്രിക്കുന്നത്.

ചാക്ക ഫ്ലൈഓവർ മുതൽ മുട്ടത്തറ വരെ നാലുവരിപ്പാത
9 സ്പാനുകൾ (ഓരോ 25മീറ്ററിലും)

തിരുവല്ലത്ത് പാലം

പദ്ധതിച്ചെലവ്‌ - 55 കോടി

Advertisement
Advertisement