കാറഡുക്ക അഗ്രികൾച്ചറിസ്റ്റ് സഹ.സംഘം തട്ടിപ്പ്: പണം ചിലവിട്ടത് റിയൽ എസ്റ്റേറ്റ് ബിസിനസിൽ ജബ്ബാറിനെ കേന്ദ്രീകരിച്ച് അന്വേഷണം

Saturday 18 May 2024 10:12 PM IST

കാസർകോട്: കാറഡുക്ക അഗ്രിക്കൾച്ചറിസ്റ്റ് സഹകരണ സംഘത്തിൽ നിന്ന് 4.76 കോടി രൂപ തട്ടിയെടുത്ത സംഭവം വഴിത്തിരിവിലേക്ക്. സംഭവത്തിൽ പ്രതി ചേർക്കപ്പെട്ട സംഘം സെക്രട്ടറി കെ.രതീശൻ റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രവർത്തിക്കുന്ന കണ്ണൂർ താണ സ്വദേശിയും പയ്യന്നൂരിൽ താമസക്കാരനുമായ ജബ്ബാറിന് പണം നൽകിയെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന് ലഭിച്ച വിവരം.

രതീശന് പുറമെ ജബ്ബാറിനെയും അന്വേഷണസംഘം തിരയുന്നുണ്ട്. ബാങ്കിൽ നിന്ന് തട്ടിയെടുത്ത പണവും സ്വർണവും രതീശൻ ജബ്ബാറിന് കൈമാറിയിരുന്നു. സംഭവത്തിൽ പരാതി ഉയർന്നതോടെ ഇരുവരും ചേർന്ന് നാട്ടിൽ നിന്നും മുങ്ങുകയായിരുന്നുവെന്നും വിവരമുണ്ട്. ഇരുവർക്കുമായി അന്വേഷണസംഘം ഷിമോഗയിൽ തിരച്ചിൽ നടത്തി.

കേസിൽ ഇതിനകം അറസ്റ്റിലായ പള്ളിക്കര പഞ്ചായത്ത് അംഗവും പ്രാദേശിക മുസ്‌ലിം ലീഗ് നേതാവുമായ ബേക്കൽ ഹദ്ദാദ് നഗറി കെ.അഹമ്മദ് ബഷീർ (60), ഇയാളുടെ ഡ്രൈവർ അമ്പലത്തറ പറക്കളായി ഏഴാംമൈലിലെ എ.അബ്ദുൽ ഗഫൂർ (26), കാഞ്ഞങ്ങാട് നെല്ലിക്കാട് സ്വദേശിയും ജിംനേഷ്യം ഉടമയുമായ എ.അനിൽ കു മാർ (55) എന്നിവർ റിമാൻഡിലാണ്.

മൂന്ന് പേരെയും ബംഗ് ളൂരുവിൽ വച്ചാണ് ആദൂർ ഇൻസ്പെക്ടർ പി.സി സഞ്ജയ് കുമാറും സംഘവും പിടികൂടിയത്.

തട്ടിയ പണം അഹമ്മദ് ബഷീറിന് കൈമാറി

സൊസൈറ്റിയിൽ നിന്ന് രതീശൻ തട്ടിയെടുത്ത തുകയിൽ നിന്ന് 44 ലക്ഷം രൂപ അഹമ്മദ് ബഷീറിന്റെ അക്കൗണ്ടിലേക്ക് എത്തിയതായി പൊലീസ് സ്ഥിരീകരിച്ചു. അവധിയിലിരിക്കെ മേയ് 9ന് രതീശൻ സഹകരണസംഘം ഓഫീസിലെത്തി ലോക്കർ തുറന്ന് പണയ സ്വർണം എടുത്തിരുന്നു. ഇത് കേരള ബാങ്കിന്റെ പെരിയ, കാഞ്ഞങ്ങാട് ശാഖകളിൽ അബ്ദുൽ ഗഫൂറിന്റെയും അനിൽകുമാറിന്റെയും പേരിൽ പണയംവച്ചു. പണം രതീശനെ ഏൽപ്പിച്ചുവെന്നാണ് അറസ്റ്റിലായവർ മൊഴി നൽകിയത്. അതേസമയം തട്ടിപ്പിലൂടെ കിട്ടിയ പണം ഉപയോഗിച്ച് കണ്ണൂർ സ്വദേശിയായ ജബ്ബാറിന്റെ പേരിൽ സ്വത്തുക്കൾ വാങ്ങിയതായി സംശയിക്കുന്നു. തട്ടിപ്പ് സംഘത്തിലെ ഒരാൾ എൻ.ഐ.എ ഉദ്യോഗസ്ഥൻ ചമഞ്ഞു വലിയ തുക കൈക്കലാക്കിയെന്ന മറ്റൊരു പരാതിയും ഇതിനിടെ ഉയർന്നിട്ടുണ്ട്.

Advertisement
Advertisement