കേജ്‌രിവാളിന്റെ വിശ്വസ്‌തൻ ബിഭവ്കു‌മാർ അറസ്റ്റിൽ

Sunday 19 May 2024 1:21 AM IST

ന്യൂഡൽഹി: ആം ആദ്മി രാജ്യസഭാ എം.പി സ്വാതി മലിവാളിനെ (39)​ ആക്രമിച്ചെന്ന കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ മുൻ പേഴ്‌സണൽ സെക്രട്ടറി ബിഭവ്‌കുമാർ അറസ്റ്റിൽ. ഇന്നലെ ഉച്ചയോടെ മുഖ്യമന്ത്രിയുടെ വസതിയിൽ നിന്നാണ് ബിഭവ് കുമാറിനെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി.

ബീഹാർ സ്വദേശിയായ ബിഭവ് വിജിലൻസ് കേസിനെ തുടർന്ന് പേഴ്സണൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞിരുന്നു. ബിഭവിന്റെ മുൻകൂർ ജാമ്യാപേക്ഷ തീസ് ഹസാരി കോടതി തള്ളിയിരുന്നു. അറസ്റ്റിൽ പ്രതിഷേധിച്ച് ഇന്നുച്ചയ്‌ക്ക് ബി.ജെ.പി ദേശീയ ആസ്ഥാനത്തേക്ക് പ്രകടനം നടത്തുമെന്ന് കേജ്‌രിവാൾ പ്രഖ്യാപിച്ചു. മലിവാളിന്റെ പരാതിയിൽ കേസെടുത്ത് രണ്ടുദിവസത്തിനു ശേഷമാണ് അറസ്റ്റ്.

മേയ് 13 ന് മുഖ്യമന്ത്രിയുടെ വസതിയിൽ വച്ച് ബിഭവ് ഏഴെട്ടുതവണ അടിച്ചെന്നും നെഞ്ചിലും വയറിലും ചവിട്ടിയെന്നും പരാതിയിൽ ആരോപിച്ചിരുന്നു. അതേസമയം സ്വാതി ഡൽഹി വനിതാ കമ്മിഷൻ അദ്ധ്യക്ഷയായിരുന്നപ്പോൾ അഴിമതി വിരുദ്ധ ബ്യൂറോ രജിസ്റ്റർ ചെയ്‌ത കേസിന്റെ പേരിൽ ഭീഷണിപ്പെടുത്തി ബി.ജെ.പി ഉപയോഗിക്കുകയാണെന്ന് ആം ആദ്മി മന്ത്രി അതിഷി ആരോപിച്ചു.

മലിവാൾ എത്തിയത് കേജ്‌രിവാളിനെ ആക്രമിക്കാനെന്ന്

മുഖ്യമന്ത്രിയുടെ വസതിയിൽ മലിവാൾ ബലംപ്രയോഗിച്ച് കടന്നുവെന്നാരോപിച്ച് ബിഭവ്‌കുമാർ സിവിൽ ലൈൻ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. കേജ്‌രിവാളിനെ ആക്രമിക്കാനാണ് എത്തിയതെന്നും എതിർത്തപ്പോഴാണ് വഴക്കുണ്ടായതെന്നും പരാതിയിലുണ്ട്. വസതിയിൽ നിന്ന് സ്വാതിയെ പൊലീസ് പുറത്തേക്ക് കൊണ്ടുപോകുന്നതിന്റെ പുതിയ സിസി ടിവി വീഡിയോ പുറത്തുവന്നു. സംഭവ ദിവസത്തെ ദൃശ്യമാണിത്. ഇതിൽ സ്വാതിയുടെ ശരീരത്തിൽ പരിക്കേറ്റതിന്റെ ലക്ഷണങ്ങളില്ല. വനിതാ കോൺസ്റ്റബിളിന്റെ പിടിയിൽ നിന്ന് കുതറിമാറാൻ ശ്രമിക്കുന്നതും കാണാം.

Advertisement
Advertisement