വീണ്ടും കൊവിഡ് തരംഗം ; രോഗികളുടെ എണ്ണം 25900 ആയി ഉയർന്നു,​ മാസ്ക് ധരിക്കാൻ നിർദ്ദേശം നൽകി സിംഗപ്പൂർ

Saturday 18 May 2024 11:25 PM IST

സിംഗപ്പൂർ : സിംഗപ്പൂരിൽ വീണ്ടും കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. മേയ് അഞ്ചിനും പതിനൊന്നിനും ഇടയിൽ കൊവിഡ് കേസുകൾ 25900 ആയി ഉയർന്നതായാണ് റിപ്പോർട്ട്. ആദ്യ ആഴ്ചയിൽ 13700 കേസുകൾ സ്ഥിരീകരിച്ചിടത്താണ് രോഗികളുടെ എണ്ണത്തിൽ കുത്തനെയുള്ള വർദ്ധനവ് ഉണ്ടായിരിക്കുന്നത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എല്ലാവരും മാസ്ക് ധരിക്കണമെന്ന് സിംഗപ്പൂർ ആരോഗ്യമന്ത്രി ഓങ് യെ കുങ് നിർ‌ദ്ദേശം നൽകി.

നിലവിൽ കൊവിഡ് വ്യാപനത്തിന്റെ പ്രാരംഭഘട്ടത്തിലാണെന്നും അടുത്ത രണ്ടോ നാലോ ആഴ്ചയ്ക്കുള്ളിൽ രോഗവ്യാപനം കൂടുതൽ രൂക്ഷമാകാൻ സാദ്ധ്യതയുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു. അതേസമയം സിംഗപ്പൂരിൽ ഇപ്പോൾ ഏതെങ്കിലും തരത്തലുള്ള സാമൂഹിക നിയന്ത്രണങ്ങൾക്കോ നിർബന്ധിത നടപടികൾക്കോ പദ്ധതികളില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

കൊവിഡ് സ്ഥിരീകരിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും വർദ്ധനയുണ്ട്. 250 പേരെയാണ് ഈ ആഴ്ച മാത്രം ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്. കഴിഞ്ഞ ആഴ്ച ഇത് 181 ആയിരുന്നു. കേസുകൾ ഇരട്ടിയായാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം 500ൽ അധികമാകും,​ രോഗികളുടെ എണ്ണം വർദ്ധിച്ചാൽ രാജ്യത്തിന്റെ ആരോഗ്യമേഖലയിൽ പ്രതിസന്ധിയുണ്ടായേക്കുമെന്നും മന്ത്രി പറ‌ഞ്ഞു.

60 വയസിന് മുകളിലുള്ളവരും മറ്റ് ഗുരുതര രോഗങ്ങൾ ഉള്ളവരും ജാഗ്രത പാലിക്കണമെന്നും കഴിഞ്ഞ 12 മാസത്തിനിടെ കൊവിഡ് വാക്സിൻ എടുക്കാത്തവർ സുരക്ഷയുടെ ഭാഗമായി അധിക ഡോസ് സ്വീകരിക്കാൻ തയ്യാറാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.